ADVERTISEMENT

കളമശേരി ∙ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കലോത്സവത്തിന്റെ സമാപനം കൂട്ടത്തല്ലോടെ. വിദ്യാർഥികൾ 2 പ്രാവശ്യം ഏറ്റുമുട്ടി. ചൊവ്വാഴ്ച രാത്രി 12.15നുണ്ടായ സംഘട്ടനം പൊലീസിന്റെ ലാത്തിവീശലിൽ കലാശിച്ചു. ബുധനാഴ്ച പുലർച്ചെ 2.45നു വീണ്ടുമുണ്ടായ സംഘട്ടനത്തിൽ 9 പേർക്കു പരുക്കേറ്റു. ഇവരിൽ അർജുൻ, ഫാരിസ്, കൃഷ്ണമൂർത്തി, മിഥുൻ, നയീം, അഭിനന്ദ്, അർജുൻ, ദേവദത്തൻ എന്നിവരെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും ബിടെക് നാലാം വർഷ വിദ്യാർഥി യാസിനെ ആലുവ ജില്ലാ ആശുപത്രിയിലും അതുൽ രമേശ്, അഫ്സൽ, സാരംഗ്, ശ്രീറാം, ജഗൻ എന്നിവരെ ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച ൈവകിട്ട് 6നു നിശ്ചയിച്ചിരുന്ന സമാപന സമ്മേളനം രാത്രി 12.15നാണ് നടന്നത്. സമാപന സമ്മേളനത്തിനു തൊട്ടുമുൻപായി സ്റ്റേജിൽ ഡാൻസ് പരിപാടി നടന്നപ്പോൾ സ്റ്റേജിനു മുന്നിൽ ഡാൻസ് ചെയ്തവരെ വൊളന്റിയർമാർ ഉന്തിയും തള്ളിയും ഓഡിറ്റോറിയത്തിനു പുറത്തെത്തിച്ചു. ഇവിടെ ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശി വിദ്യാർഥികളെ ഓടിക്കുകയായിരുന്നു.

2.45ഓടെ എസ്എഫ്ഐ പ്രവർത്തകരായ അംജിത് ഖാൻ, അർജുൻ, നെബിൻ, നെജോ എന്നിവർ കാറിൽ സഹാറ ഹോസ്റ്റലിനു മുന്നിൽ എത്തി ഭീഷണി മുഴക്കി. മ‌ടങ്ങിപ്പോയ ഇവർ റോഡിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദിക്കുന്നുവെന്നറിഞ്ഞു ഹോസ്റ്റലിലെ സീനിയർ വിദ്യാർഥികൾ പുറത്തിറങ്ങി ഇവരെ നേരിട്ടു. ബയോടെക്നോളജി വകുപ്പിനു മുന്നിൽ റോഡിലായിരുന്നു ആക്രമണം. കമ്പിവടികളും മറ്റും ഉപയോഗിച്ചായിരുന്നു മർദനമെന്നു വിദ്യാർഥികൾ പറഞ്ഞു. ഈ സംഘട്ടനത്തിലാണ് 13 പേർക്കു പരുക്കേറ്റത്.

രാവിലെ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ തന്നെ കുസാറ്റ് യൂണിയന്റെ മുൻ ചെയർമാൻ ഹാരിസ് മെഹ്റൂഫിന്റെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി അക്കാദമിക് കൗൺസിലംഗം അതുൽ രമേശ് പറഞ്ഞു.ആക്രമണം ഭയന്നാണു തങ്ങൾ ഹോസ്റ്റലിൽ കഴിയുന്നതെന്നു വിദ്യാർഥികൾ പറഞ്ഞു. അക്രമ സംഭവങ്ങളിൽ കേസെടുക്കുമെന്ന് ഇൻസ്പെക്ടർ പി.ആർ.സന്തോഷ് അറിയിച്ചു. ക്യാംപസിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com