ADVERTISEMENT

കൊച്ചി∙ മുന്തിരിവീഞ്ഞു നിറച്ച സ്വർണക്കാസയിൽ സൂക്ഷിച്ച മോതിരം അണിയിക്കും മുൻപ് അവർ കെത്തുബ എന്ന വിവാഹ ഉടമ്പടി വായിച്ചു കേൾക്കും. പരസ്പരം സ്നേഹിച്ച് ആദരിച്ച് ജീവിതാവസാനം വരെ ഭാര്യാഭർത്താക്കന്മാരായി സന്തതികൾക്കൊപ്പം ജീവിക്കാമെന്നു റബായി മുൻപാകെ സത്യം ചെയ്യും. 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ജൂത ആചാര പ്രകാരമുള്ള വിവാഹച്ചടങ്ങിനു സാക്ഷ്യം വഹിക്കാനൊരുങ്ങി കൊച്ചി.

ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകളും യുഎസിൽ ഡേറ്റ സയന്റിസ്റ്റുമായ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻജിനീയറുമായ റിച്ചഡ് സാക്കറി റോവുമാണു 21നു കൊച്ചിയിലെ റിസോർട്ടിൽ ജൂത ആചാരപ്രകാരമുള്ള ചൂപ്പ (മണ്ഡപം) കെട്ടി വിവാഹിതരാകുന്നത്.

കേരളത്തിൽ ജൂതപ്പള്ളിക്കു പുറത്തു നടക്കുന്ന ആദ്യ വിവാഹവും ഇതാണ്. ഇന്നു കേരളത്തിൽ സ്ഥിരതാമസമുള്ള ജൂതന്മാർ 25 പേരാണ്. മതപരമായ ചടങ്ങുകൾക്കു കുറഞ്ഞതു 10 ജൂതരുടെ സാന്നിധ്യം ആചാരപ്രകാരം അത്യാവശ്യമാണ്. കഴിഞ്ഞ എഴുപതു വർഷത്തിനിടയിൽ കേരളത്തിൽ ആകെ നടന്നതു നാലു ജൂത വിവാഹങ്ങൾ മാത്രമാണ്. 2008 ഡിസംബർ 28നായിരുന്നു അവയിൽ അവസാന വിവാഹം.

21 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അന്ന് എറണാകുളം ചെമ്പുമുക്ക് സ്വദേശി ശാലോം, മുംബൈ സ്വദേശി സൂസൻ എന്നിവരുടെ വിവാഹം മട്ടാഞ്ചേരി ജൂതപ്പള്ളിയിൽ നടന്നത്. വിവാഹച്ചടങ്ങുകൾ നടത്താനുള്ള റബായിമാർ അന്ന് കൊച്ചിയിലുണ്ടായിരുന്നു.

ഇത്തവണ റബായി ആരിയൽ ടൈസൺ ഇസ്രയേലിൽ നിന്നാണു കൊച്ചിയിലെത്തുന്നത്. കേരളത്തിലെ ജൂതപ്പള്ളികളെല്ലാം സംരക്ഷിത പൈതൃക മേഖലകളാണ്. നിയന്ത്രണങ്ങൾ അനുസരിച്ചു വധൂവരന്മാർക്കു പുറമേ വിരലിൽ എണ്ണാവുന്ന ബന്ധുക്കൾക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുകയുള്ളു. ഇക്കാരണത്താലാണു ജൂതപ്പള്ളിക്കു പുറത്തു മണ്ഡപം ഒരുക്കി ആചാരപരമായ ചടങ്ങുകൾ മുഴുവൻ അതിഥികൾക്കും കാണാൻ കഴിയും വിധം സ്വകാര്യ റിസോർട്ടിൽ നടത്താൻ അനുവാദം വാങ്ങിയതെന്നു വധുവിന്റെ മാതാപിതാക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com