ADVERTISEMENT

വൈപ്പിൻ∙ കാലവർഷം എത്താൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ വൈപ്പിനിൽ തീരദേശവാസികൾ  ആശങ്കയിൽ. തകർന്നു കിടക്കുന്ന കടൽ ഭിത്തിയും ഇനിയും നിർമാണം  പൂർത്തിയാകാത്ത പുലിമുട്ടുകളുമാണ്  അവരുടെ. ആധി വർധിപ്പിക്കുന്നത്. തിരമാലകൾ  ചെറിയ തോതിൽ കരയിലേക്ക് എത്തിയാൽ പോലും വീടു വിട്ട് ദുരിതാശ്വാസ ക്യാപുകളിലേക്കു നീങ്ങേണ്ട സ്ഥിതിയാണ് പല തീരങ്ങളിലും.

ചെല്ലാനം എന്ന സ്വപ്നം

വൈപ്പിൻ തീരത്തെ പോലെ  കടൽ കയറ്റ  ദുരിതം അനുഭവിക്കേണ്ടി വന്ന ചെല്ലാനം മേഖലയിൽ തീര സുരക്ഷയ്ക്കായി  സമഗ്ര പദ്ധതി ആവിഷ്കരിക്കപ്പെടുകയും അതിന്റെ  ആദ്യഘട്ടം  സമയ ബന്ധിതമായി പൂർത്തിയാകുകയും ചെയ്തെങ്കിൽ ആ കാലയളവിൽ വൈപ്പിൻ തീരത്ത് പുതുതായി ഒരു കരിങ്കല്ല്  പോലും സ്ഥാപിക്കപ്പെട്ടില്ല. ഇടക്കാലത്ത് അപ്രതീക്ഷിതമായുണ്ടായ കടൽക്ഷോഭത്തിൽ നേരത്തെ ഉണ്ടായിരുന്ന ഭിത്തി ഒന്നു കൂടി ദുർബലമാകുകയും ചെയ്തു. ചില സ്‌ഥലങ്ങളിൽ അടിയന്തര പുനർനിർമാണം ആവശ്യമായ തരത്തിൽ ഭിത്തി തകർന്ന നിലയിലാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ  ഭിത്തി കാണാൻ പോലും  ഇല്ലാത്ത സ്ഥിതിയാണ്.

സൂനാമി ദുരന്തം 5 ജീവനുകൾ കവരുകയും ഒരുപാട് ജീവിതങ്ങൾ തകർക്കുകയും ചെയ്‌ത എടവനക്കാട് അണിയിൽ കടപ്പുറം ഇതിന് ഉദാഹരണമാണ്. സൂനാമി പുനരധിവാസ പദ്ധതികൾക്കായി  അനുവദിച്ച പണം കടൽഭിത്തി നിർമാണത്തിന് ഉപയോഗിക്കാൻ  സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നു. ആ സാഹചര്യം കണക്കിലെടുത്ത്  ഭിത്തി നിർമാണത്തിനായി  വേറെ ഫണ്ട് അനുവദിക്കാൻ സർക്കാർ മെനക്കെട്ടതുമില്ല. ജനവാസമേഖലകളോടു തൊട്ടു ചേർന്നുള്ള പ്രദേശങ്ങളിലെ കടൽഭിത്തി തകർന്നിട്ടു പോലും അറ്റകുറ്റപ്പണികൾക്ക് നടപടിയുണ്ടായിട്ടില്ല. കടൽക്ഷോഭിച്ചാൽ അധികം വൈകാതെ വെള്ളം വീടുകളിലെത്തും.

തെറ്റായ നിർമാണ രീതി, അറ്റകുറ്റപ്പണി ഇല്ല 

മറ്റു പല തീരങ്ങളിലും  കടൽ ഭിത്തി വർഷങ്ങളായി വലിയ കേടുപാടില്ലാതെ  നിൽക്കുമ്പോൾ വൈപ്പിനിൽ സ്ഥിതി മറിച്ചാവാൻ കാരണങ്ങൾ  പലതാണെന്ന്  നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അശാസ്‌ത്രീയമായ നിർമാണ രീതിയാണ് ഒന്ന്. തിരമാലകളുടെ ആഘാതം കുറയ്ക്കുന്നതിനായി കടലിലേക്ക് കൂറ്റൻ കരിങ്കല്ലുകൾ ഇറക്കിയിട്ടാണ് പണ്ട് കടൽ ഭിത്തി നിർമിച്ചിരുന്നത്. എന്നാൽ ചെലവ് കുറയ്ക്കാൻ   വൈപ്പിനിൽ  മതിൽ പോലെയാണ് പലയിടത്തും  കടൽഭിത്തി. ഇതേ തുടർന്ന് കടലാക്രമണം ശക്‌തമാകുന്ന  വേളയിൽ തിരമാലകൾ വന്നടിച്ച് പലയിടത്തും ഭിത്തിയുടെ അടിഭാഗത്തെ കല്ലുകൾ അടരുകയും ആ ദ്വാരങ്ങളിലൂടെ കടൽവെള്ളം കരയിലെത്തുകയും ചെയ്യുന്നു.

മാത്രമല്ല ,തിരമാലകൾ പിൻവാങ്ങുമ്പോൾ അടിയിലെ മണൽ ഒലിച്ചു പോകുമെന്നതിനാൽ ഭിത്തിയുടെ മൊത്തത്തിലുള്ള തകർച്ചയ്‌ക്കും ഇത് വഴിവയ്‌ക്കും. ഓരോ പ്രദേശങ്ങളിലും  കടലിന്റെയും കടലാക്രമണത്തിന്റയും പ്രത്യേകതകൾ കൃത്യമായി അറിയാവുന്ന  പരിസരവാസികളുടെ  നിർദേശങ്ങളും  അഭിപ്രായങ്ങളും ഭിത്തി നിർമാണത്തിന്റെ കാര്യത്തിൽ കണക്കിലെടുക്കേണ്ടതാണെങ്കിലും  ഉദ്യോഗസ്ഥരും  കരാറുകാരും  അതിന്  തയാറാകാറില്ല. ഒരു തവണ നിർമിച്ചാൽ പിന്നെ ഒരിക്കലും അറ്റകുറ്റപ്പണി നടത്താത്തതിനാൽ  താഴേക്കിരുന്ന് ഭിത്തിയുടെ  ഉയരം കുറയുന്നതും പതിവാണ്. ഇതുമൂലം ഭിത്തിക്കു മുകളിലൂടെ തിരമാലയും മണലും തീരദേശ റോഡിലേക്കും തൊട്ടുചേർന്നുള്ള വീടുകളിലേക്കും  എത്തും. കടൽ വെള്ളം കെട്ടിനിന്ന് തീരദേശ റോഡ് പലയിടത്തും ഇതിനകം ഇല്ലാതായിട്ടുണ്ട്. 

തീരാത്ത  പുലിമുട്ടുകൾ 

കടൽഭിത്തിക്കു പുറമേ വൈപ്പിനിൽ ,തിരമാലകളുടെ ആഘാതം കുറയക്കുന്നതിനുള്ള പുലിമുട്ടുകൾ നിർമിക്കണമെന്നത് നേരത്തെ മുതലുള്ള ആവശ്യമാണ്. കടലിലേക്ക് നീളത്തിൽ നിർമിക്കുന്ന ഇത്തരം കരിങ്കൽ ഭിത്തി പുതിയ കര രൂപപ്പെടുന്നതിനും സഹായകമാണ് .എന്നാൽ ഇടക്കാലത്ത് വൈപ്പിൻ തീരത്തിന്റെ മധ്യമേഖലയിൽ  ആരംഭിച്ച  പുലിമുട്ട്  നിർമാണം പൂർത്തിയായില്ല. കരിങ്കല്ലിന്റെ  ദൗർലഭ്യം, നിർമാണ സാമഗ്രികൾ എത്തിക്കുന്നതിനുള്ള  റോഡിന്റെ  അപര്യാപ്തത തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അവസാനിപ്പിച്ച  നിർമാണം  വീണ്ടും  തുടങ്ങിയില്ല.

അനങ്ങാതെ,അറിയാതെ ജനപ്രതിനിധികൾ 

വൈപ്പിനിൽ 25 കിലോമീറ്ററോളം കടൽത്തീരമുണ്ടെന്നും അതിൽ ഭൂരിഭാഗം സ്ഥലത്തും  വേണ്ട രീതിയിൽ  കടൽഭിത്തി ഇല്ലെന്നും അറിയില്ലെന്ന മട്ടിലാണ് ചില ജനപ്രതിനിധികൾ  മുന്നോട്ടു പോകുന്നതെന്ന്  നേരത്തെ  മുതൽ പരാതിയുള്ളതാണ്.  ആക്ഷേപങ്ങൾ  ശക്തമാകുമ്പോൾ പേരിന് പ്രശ്നം നിയമസഭയിൽ ഉന്നയിച്ച് പത്രങ്ങളിൽ വാർത്തയാക്കുന്നതിന് അപ്പുറമുള്ള  നടപടികൾ  ഉണ്ടാകുന്നില്ല.  തിരമാലകളെ  പ്രതിരോധിക്കാൻ പലയിടത്തും പ്രയോഗിച്ച് പരാജയപ്പെട്ട  ജിയോ ബാഗ് പദ്ധതിയും അടുത്തിടെ വൈപ്പിനിൽ പരീക്ഷിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപ കരാറുകാരുടേയും അതിനു പിന്നിൽ  പ്രവർത്തിച്ചവരുടെയും പോക്കറ്റിലായതല്ലാതെ ഒരു ഉപകാരവും ഉണ്ടായില്ല. കടൽ കയറുമ്പോൾ എവിടെനിന്നെങ്കിലും മണ്ണുമാന്തി യന്ത്രം സംഘടിപ്പിച്ച് മണൽ കോരി താൽക്കാലിക ബണ്ട് നിർമിക്കുന്നത് അതാത് പഞ്ചായത്ത്  അംഗങ്ങളുടെ ജോലിയായി മാറിയിരിക്കുകയാണ്. മുൻകൂറായി  ബണ്ട് നിർമാണം നടക്കുന്നതാവട്ടെ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com