സിവിൽ സർവീസ് ജേതാക്കൾ പറയുന്നു: പത്ര വായന പതിവാക്കുക, ഗുണം ചെയ്യും

ernakulam-civil-service
വഴികാട്ടാൻ: കൊച്ചി മലയാള മനോരമയിൽ നടന്ന ‘സക്സസ് ടോക്ക്’ എന്ന പരിപാടിയിൽ കോളജ് വിദ്യാർഥികളുമായി ആശയവിനിമയത്തിനെത്തിയ സിവിൽ ‍സർവീസ് പരീക്ഷാ വിജയികൾ അച്യുത് അശോക്, ഗഹന നവ്യ ജയിംസ്, പി.ആർ. മീര എന്നിവർ വിദ്യാർഥികൾക്കൊപ്പം. ചിത്രം: മനോരമ
SHARE

കൊച്ചി∙ ലോകത്തു നടക്കുന്നതറിയാൻ പത്രം വായിക്കുക.അതു നിങ്ങളുടെ അറിവിന്റെ ചക്രവാളം വിപുലമാക്കും– സിവിൽ സർവീസ് പരീക്ഷയെഴുതാൻ ഒരുങ്ങുകയും ആഗ്രഹിക്കുകയും ചെയ്യുന്ന യുവതീയുവാക്കൾക്ക് ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷാ ജേതാക്കളുടെ ഉപദേശം. മലയാള മനോരമ സംഘടിപ്പിച്ച ‘സക്സസ് ടോക്ക്’ പരിപാടിയിലാണ് ജില്ലയിലെ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ സിവിൽ സർവീസ് വിജയികളിൽ നിന്ന‌ു മാർഗനിർദേശങ്ങൾ സ്വീകരിച്ചത് .

വലിയ പരീക്ഷയെ അഭിമുഖീകരിക്കുന്ന സമയത്ത‌ു നമ്മുടെ മനോഭാവം വളരെ പ്രധാനമാണെന്ന് സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസ് പറഞ്ഞു. കുട്ടിക്കാലം മുതലേ പത്രവായന ഉണ്ടായിരുന്നതിനാൽ ലോകരാജ്യങ്ങളിലും അവിടെ നടക്കുന്ന കാര്യങ്ങളിലും കൂടുതൽ താൽപര്യമുണ്ടായിരുന്നു. മാതൃസഹോദരനും ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനുമായ സിബി ജോർജും ഫോറിൻ സർവീസ് സ്വപ്നം കാണാൻ പ്രചോദനമായെന്ന് െഎഎഫ്എസിൽ ചേരാനാഗ്രഹിക്കുന്ന ഗഹന പറഞ്ഞു.

സ്വന്തമായുള്ള പഠനമായതിനാൽ സാഹചര്യത്തിന‌നുസരിച്ച‌ു പഠനരീതി മാറ്റിയിരുന്നു. പഠനത്തിന്റെ വിരസത അകറ്റാൻ സിനിമകൾ കണ്ടു. സുഹൃത്തുക്കളുമായും വീട്ടുകാരുമായും സംസാരിക്കാനും പുറത്തുപോകാനും സമയം കണ്ടെത്തി– ഗഹന പറഞ്ഞു.ഒട്ടും ആഗ്രഹിക്കാത്ത രംഗത്തേക്ക‌ു പെട്ടെന്നു കടന്നുവരുമ്പോഴുണ്ടായ ആകുലതകളും പ്രശ്നങ്ങളും അവയെ തരണം ചെയ്ത വഴിയുമാണ് 160–ാം റാങ്കുകാരി മീര വിശദീകരിച്ചത്. പഠനത്തിനു ശേഷം ലെജിസ്ലേറ്റീവ് അസിസ്റ്റൻസ് ടു മെംബർ ഓഫ് പാർലമെന്റ് എന്ന നിലയിലും നിതി ആയോഗിലും ജോലി ചെയ്ത ശേഷമാണ് സിവിൽ സർവീസിനെ കുറിച്ചു ചിന്തിക്കുന്നതു തന്നെ. ആദ്യതവണ വിജയിച്ചില്ലെങ്കിലും കൃത്യമായ ആസൂത്രണത്തോടെ പഠനം തുടർന്നതോടെ കടമ്പ കടക്കാനായി. മുൻഗണനാക്രമം നിശ്ചയിച്ചുള്ള ചിട്ടയോടെയുള്ള പഠനമായിരുന്നു.

നമ്മുടെ കുറവും മികവും അറിഞ്ഞു പഠിക്കുമ്പോഴാണ് വിജയം ഉണ്ടാകുന്നത്. വനിതാ പ്രാതിനിധ്യം പൊതുവേ കുറവുള്ള ഐപിഎസിലേക്ക് എത്താനാണ് താൽപര്യമെന്നും മീര പറഞ്ഞു. മൂന്നു തവണ ശ്രമിക്കുമെന്നും അതിനുള്ളിൽ സിവിൽ സർവീസ് നേടുമെന്നുമായിരുന്നു തന്റെ കണക്ക‌ുകൂട്ടലെന്ന് 190–ാം റാങ്ക് നേടിയ അച്യുത് അശോക് പറഞ്ഞു.മൂന്നാമത്തെ പരിശ്രമത്തിൽ സംഗതി ഓക്കെയായി. ഏറെ ഇഷ്ടപ്പെടുന്ന ഐപിഎസ് തന്നെ കിട്ടുമെന്നു പ്രതീക്ഷയുണ്ട്.

സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന അച്യുത് ജോലി രാജിവച്ചാണ് സിവിൽ സർവീസ് ശ്രമം തുടങ്ങിയത്. ഓരോ തവണത്തെയും തെറ്റുകൾ അടുത്ത തവണ തിരുത്തി. പഠിക്കാനായി സ്വന്തം കഴിവിന് അനുസരിച്ച് സ്വന്തമായ രീതി വളർത്തിയെടുക്കുന്നതാണ് നല്ലതെന്നും അച്യുത് പറഞ്ഞു. വിവിധ കലാലയങ്ങളിൽ നിന്നെത്തിയ നൂറോളം വിദ്യാർഥികൾ ഇവരുമായി സംവദ‌ിച്ചു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് റാങ്ക് ജേതാക്കൾ മറുപടി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS