കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിന്റെ എംഎസ്‌സി സയൻസ് ഡേറ്റാ ലാബിൽ തീപിടിത്തം. 36 കംപ്യൂട്ടറുകൾക്കു കേടുപാടുകൾ സംഭവിച്ചു. 2 എസികൾ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ വി.ആർ.ജോസിന്റെ നേതൃത്വത്തിൽ തൃക്കാക്കര, ഏലൂർ എന്നിവിടങ്ങളിൽ നിന്നു 2 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.രാവിലെ 10 മണിക്കാണ് തീപിടിത്തം ഉണ്ടായത്. എസി യൂണിറ്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക സൂചന.
തീപിടിത്തത്തിനു പുറമേ തീ അണയ്ക്കുന്നതിനുള്ള ശ്രമത്തിനിടയിൽ വെള്ളം വീണുമാണു കംപ്യൂട്ടറുകൾക്കു നാശം സംഭവിച്ചത്. രാവിലെ ജീവനക്കാരൻ വന്നു ലാബ് തുറക്കുകയും എസി ഓൺ ചെയ്ത് ശേഷം വാതിൽ അടച്ചു പുറത്തുപോവുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് തീപിടിത്തം ഉണ്ടായത്. പുറത്ത് ക്യാംപസിൽ ശുചീകരണം നടത്തിക്കൊണ്ടിരുന്ന ജീവനക്കാരാണു മുറിയിൽ നിന്നു പുക ഉയരുന്നതു കണ്ടത്.