കളമശേരി ∙കൈപ്പടമുകളിൽ എച്ച്എംടി കമ്പനിക്കു സമീപം മാലിന്യം നിറച്ചു രാത്രിയിൽ സംശയകരമായ നിലയിൽ കണ്ടെത്തിയ 3 ലോറികൾ നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് പിടികൂടി പൊലീസിനു കൈമാറി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണു ഹെൽത്ത് സ്ക്വാഡ് എത്തിയത്.
ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്തിൽ നിന്നു ക്ലീൻ കേരള കമ്പനിക്കു നൽകിയ അജൈവമാലിന്യമാണു ലോറിയിൽ ഉള്ളതെന്നു രേഖയുണ്ടെങ്കിലും ലോറി നിറയെ ജൈവവും അജൈവവുമായ മാലിന്യമായിരുന്നു. പാലക്കാട്ടേക്കു കൊണ്ടുപോകുന്നതിനു അനുമതിയുള്ള മാലിന്യം എച്ച്എംടി കാടിനു സമീപം എന്തിനെത്തിച്ചുവെന്നതിനു ഡ്രൈവർമാർ തൃപ്തികരമായ മറുപടി നൽകിയില്ല. കൈപ്പടമുകൾ ഭാഗത്തു സ്ഥിരമായി മാലിന്യങ്ങൾ വണ്ടികളിൽ കൊണ്ടുവന്നു തള്ളുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വാഹനം ഒന്നിനു 25,000 രൂപ വീതം നഗരസഭ പിഴ ഈടാക്കിയ ശേഷം വാഹനങ്ങൾ പൊലീസിനു കൈമാറി. പൊലീസ് കേസെടുത്ത് വാഹനങ്ങൾ കോടതിയിൽ ഹാജരാക്കും.
കൊച്ചി കോർപറേഷൻ ജൈവമാലിന്യം ശേഖരിക്കുന്നതു നിർത്തിവച്ചതോടെ ഈ അവസരം പരമാവധി മുതലെടുക്കുകയാണു മാലിന്യ ലോബി. ഹോട്ടലുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്ന ഇവർ അവയെല്ലാം ലോറികളിൽ കയറ്റി സീപോർട്ട്–എയർപോർട്ട് റോഡിലും എൻഎഡി റോഡിലും മറ്റുമായി കൊണ്ടുവന്നു തള്ളുകയാണ്. ഇതിനു പുറമേയാണു ദൂരസ്ഥലങ്ങളിൽ നിന്നു മാലിന്യം ശേഖരിച്ചു കളമശേരിയിലെ റോഡുകളിൽ കൊണ്ടുവന്നു തള്ളുന്നത്.
വെള്ളിയാഴ്ച പിടിയിലായ പാലാരിവട്ടത്തെ ഹോട്ടലിൽ നിന്നു മാലിന്യം ശേഖരിച്ചതു സ്വന്തം സ്ഥലത്തു കൊണ്ടുവന്നു തള്ളാനെന്നു പറഞ്ഞാണു കയറ്റിക്കൊണ്ടുപോയതെന്നും അവരെ തങ്ങൾക്കു പരിചയപ്പെടുത്തിയത് സെയ്ത് എന്നയാളാണെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു.