ADVERTISEMENT

ബ്രഹ്മപുരം തീപിടിത്തത്തിനു ശേഷം കൊച്ചിയിലെ മാലിന്യ സംസ്കരണം പൂർവ സ്ഥിതിയിലായിട്ടില്ല. റോഡരികുകളിൽ പലയിടങ്ങളിലും മാലിന്യം കുന്നുകൂടിക്കിടക്കുന്നു. മെട്രോ നഗരത്തിന് നാണക്കേടാണ് തെരുവിലെ മാലിന്യക്കൂനകൾ. എന്നാണു നമ്മൾ ശരിയാവുക? നഗരം നേരിടുന്ന മാലിന്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പരമ്പര ഇന്നു മുതൽ വായിക്കാം..

വൈറ്റില

ദേശീയ പാതയ്ക്കു സമാന്തരമായുള്ള സർവീസ് റോഡിൽ ഏകദേശം 20 മീറ്ററിലേറെ നീളത്തിലാണു മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യമാണ് ഏറെയും. ആക്രി പെറുക്കുന്നവർ ഈ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നു വിൽപന മൂല്യമുള്ള സാധനങ്ങൾ പെറുക്കിയെടുക്കുന്നതു പതിവാണ്. 3–4 ലോഡ് പ്ലാസ്റ്റിക് മാലിന്യം ഇന്നലെ ഇവിടെ കുന്നുകൂടി കിടക്കുന്നുണ്ട്.

കതൃക്കടവ് പാലത്തിനു താഴെ

കതൃക്കടവ് പാലത്തിനു താഴെ

പതിവായി മാലിന്യം തള്ളുന്ന സ്ഥലമാണു കതൃക്കടവ് പാലത്തിനു താഴെയുള്ള ഭാഗം. ഇരുട്ടിന്റെ മറവിൽ ആളുകൾ ഇവിടെ മാലിന്യം കൊണ്ടു വന്നു തള്ളുന്നതു പതിവാണ്. ജൈവ മാലിന്യം കൂടിയുള്ളതു കൊണ്ട് മൂക്കു പൊത്താതെ ഇതുവഴി നടക്കാൻ വയ്യ. മാലിന്യം കുന്നുകൂടുമ്പോൾ നീക്കാറുണ്ടെങ്കിലും പതിവായി ഇവിടെ കിടക്കുന്ന മാലിന്യം നീക്കുന്ന പതിവില്ലെന്നു നാട്ടുകാർ പറയുന്നു.

വെയർഹൗസ് റോഡ്, കടവന്ത്ര

വെയർഹൗസ് റോഡ്, കടവന്ത്ര 

നഗരത്തിൽ മാലിന്യമൊഴിയാത്ത ഒരിടമാണ് വെയർഹൗസ് റോഡ്. ബ്രഹ്മപുരം തീപിടിത്തത്തിനു മുൻപു തന്നെ ഈ റോഡിലെ മാലിന്യക്കൂമ്പാരത്തിന്റെ സ്ഥിതി മഹാമോശമാണ്. വീടുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യം ഇവിടെ റോഡരികിൽ കൊണ്ടു വന്നു കൂട്ടിയിടുകയും അതു പിന്നീട് ലോറികളിൽ കയറ്റി കൊണ്ടു പോകുകയുമാണു പതിവ്. പക്ഷേ, എല്ലാ ദിവസവും മാലിന്യ നീക്കം നടക്കാറില്ല. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം ജൈവ മാലിന്യവും ഇവിടെ തള്ളുന്നുണ്ട്.

ജൈവ മാലിന്യം വ്യാഴം മുതൽ സ്വകാര്യ കമ്പനികൾക്ക്

ബ്രഹ്മപുരത്തെ നൂറേക്കർ ഭൂമി കൊണ്ടാണ് ഇത്രയും കാലം കോർപറേഷനും നാട്ടുകാരും രക്ഷപ്പെട്ടത്. എത്ര മാലിന്യമുണ്ടായാലും അതു ബ്രഹ്മപുരത്തു കൊണ്ടു പോയി തള്ളാമായിരുന്നു. ശരിക്കു പറഞ്ഞാൽ അതേ കുറിച്ചു ചോദിക്കാനും പറയാനും ആരുമില്ലായിരുന്നു. പക്ഷേ, ബ്രഹ്മപുരത്തെ തീപിടിത്തത്തോടെ പണി കിട്ടി. അവിടെ നടക്കുന്ന പല കാര്യങ്ങളും പുറത്തുവന്നു. ദേശീയ ഹരിത ട്രൈബ്യൂണലും ഹൈക്കോടതിയും ഇടപെട്ടു. ഈ മാസം 31 വരെ മാത്രമേ ജൈവ മാലിന്യം ബ്രഹ്മപുരത്തേക്കു കൊണ്ടു പോകാനാകൂ.

തകർന്നു തരിപ്പണമായൊരു വിൻഡ്രോ കംപോസ്റ്റ് പ്ലാന്റാണു ബ്രഹ്മപുരത്ത് ഉണ്ടായിരുന്നത്. അത് അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാൻ ആലോചിച്ചെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് അനുമതി കിട്ടാൻ സാധ്യതയില്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. പകരം മറ്റൊരു പ്ലാന്റ് സ്ഥാപിക്കാൻ സമയമെടുക്കും. ഈ സാഹചര്യത്തിലാണു ജൈവ മാലിന്യ സംസ്കരണത്തിനു കോർപറേഷൻ സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നത്. ജൈവ മാലിന്യം കംപോസ്റ്റിങ്, ബയോഗ്യാസ്, പന്നി ഫാമുകൾക്കു നൽകൽ തുടങ്ങിയ ഇതര സംസ്കരണ രീതിയിലൂടെ സംസ്കരിക്കാനാണു സ്വകാര്യ കമ്പനികളെ നിയോഗിക്കുന്നത്.

ടെക് ഫാം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ഒരു കിലോഗ്രാം മാലിന്യം കൊണ്ടു പോകാൻ കമ്പനിക്ക് 4 രൂപ കോർപറേഷൻ നൽകണം), തിരുവനന്തപുരത്തെ ഹൈറേഞ്ച് ഫാം ആൻഡ് പോളിമർ സൊല്യൂഷൻസ് (4 രൂപ), തിരുവനന്തപുരത്തെ വി കെയർ ഷോപ്പിങ് (4.25 രൂപ) എന്നീ കമ്പനികൾക്കാണു കോർപറേഷൻ ജൈവ മാലിന്യം കൈമാറുക. ഈ കമ്പനികളുടെ മാലിന്യം സംസ്കരിക്കുന്നതിന്റെ സ്ഥല പരിശോധനയുൾപ്പെടെ ശുചിത്വ മിഷൻ പൂർത്തിയാക്കിയതായാണു പറയുന്നത്. എന്നാൽ മാലിന്യം എവിടേക്കു കൊണ്ടു പോകുന്നു, സംസ്കരണ രീതിയെന്താണ് തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇനിയും വ്യക്തതയുണ്ടാകേണ്ടതുണ്ട്. കരാർ ഏറ്റെടുക്കുന്ന കമ്പനികളുടെ പ്രവർത്തനം കാര്യക്ഷമമല്ലെങ്കിൽ കൊച്ചി ‘നാറും’. ബയോമൈനിങ് പോലെയാണ് ഈ കരാറെങ്കിൽ പിന്നെ ‘നാറുന്ന’ കാര്യത്തിൽ സംശയം വേണ്ട.

‘ഇവിടെ മാലിന്യം കിടക്കുന്നുണ്ടല്ലോ,പിന്നെ തള്ളിയാൽ എന്താണു പ്രശ്നം!’

കഴിഞ്ഞ ദിവസം പാലാരിവട്ടം പുതിയ റോഡ് ശാന്തിപുരം റോഡിൽ മാലിന്യം തള്ളിയതിനെ ചൊല്ലി ചില യുവാക്കളും നാട്ടുകാരും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. കൗൺസിലർ ജോർജ് നാനാട്ടിനെ കയ്യേറ്റം ചെയ്യാൻ വരെ ശ്രമിച്ചു. കോർപറേഷനിലെ ഹെൽത്ത് സ്ക്വാഡ് സ്ഥലത്തെത്തി  പിഴയുൾപ്പെടെ ഈടാക്കാനായി നോട്ടിസ് നൽകി. പക്ഷേ, ഇത്തരം പ്രശ്നങ്ങൾ ഒട്ടുമിക്ക കൗൺ‍സിലർമാരും നിരന്തരം നേരിടുന്നു. പിടികൂടിയാൽ അവർ തിരിച്ചു ചോദിക്കും– ‘ഇവിടെ മാലിന്യം കിടക്കുന്നുണ്ടല്ലോ. പിന്നെ തള്ളിയാൽ എന്താണു പ്രശ്നം’. ഇതു തന്നെയാണു മാലിന്യം തള്ളുന്ന പലരുടെയും മനോഭാവം.

വീടുകളിൽ നിന്നു പ്ലാസ്റ്റിക്, ജൈവ മാലിന്യം ഹരിതകർമ സേന വഴി കോർപറേഷൻ ശേഖരിക്കുന്നുണ്ടെങ്കിലും ഇരുട്ടിന്റെ മറവിൽ ഇത്തരത്തിൽ മാലിന്യം പലയിടങ്ങളിലും തള്ളുന്നുണ്ടെന്നു ജോർജ് നാനാട്ട് പറഞ്ഞു.പനമ്പിള്ളി നഗർ കനാൽ റോഡിൽ ഒരു ബോർഡുണ്ട്: ഇവിടെ മാലിന്യം തള്ളരുത്. എന്നാൽ കൃത്യമായി അവിടെ തന്നെ മാലിന്യം തള്ളും. തള്ളി തള്ളി അവിടെയിപ്പോൾ ഒരു മാലിന്യ സംഭരണ കേന്ദ്രം തന്നെയായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com