ADVERTISEMENT

മഞ്ഞപ്ര∙ മഞ്ഞപ്ര പഞ്ചായത്തിന്റെ വടക്കുഭാഗം കവലയിൽ പൊതുമാർക്കറ്റ് നിർമിക്കാത്തതിൽ പ്രതിഷേധം. ഇവിടെ പ്രവർത്തിച്ചിരുന്ന മാർക്കറ്റിൽ നിന്നു വ്യാപാരികളെ ഒഴിപ്പിച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മാർക്കറ്റ് 6 മാസത്തിനുള്ളിൽ നിർമിച്ച് വ്യാപാരികൾക്ക് ലേലം ചെയ്ത് ലഭ്യമാക്കുമെന്ന പഞ്ചായത്തിന്റെ വാഗ്ദാനം പാഴ്‌വാക്കായി. പഞ്ചായത്ത് ഭരണസമിതി വ്യാപാരി അസോസിയേഷൻ ഭാരവാഹികളോടാണ് ഇത്തരത്തിൽ വാഗ്ദാനം നൽകിയത്.

ഇത്രയും നാളായിട്ടും പഴയ കെട്ടിടം പൊളിച്ചു നീക്കുകയോ നിർമാണത്തിന് അനുയോജ്യമാക്കുകയോ ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ഈ പ്രദേശം അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. രാത്രികാലങ്ങളിൽ മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും വിൽപനയ്ക്കായി സാമൂഹികവിരുദ്ധർ ഈ സ്ഥലം കയ്യേറിയിരിക്കുകയാണ്. ഒഴിഞ്ഞുപോയ വ്യാപാരികളിൽ പലരും പുതിയ മാർക്കറ്റ് നിർമിക്കുന്നതും കാത്തു കഴിയുകയാണ്. കുറേ വ്യാപാരികൾ കവലയുടെ പ്രാന്തപ്രദേശങ്ങളിലും മറ്റും താൽക്കാലിക ഷെഡ് കെട്ടിയും വ്യാപാരം ചെയ്യുന്നുണ്ടെങ്കിലും ഇവർക്കു തീരെ കച്ചവടമില്ല.

വ്യാപാരികൾ സമരം നടത്തും

പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടായിട്ടുള്ള പ്രയാസം പരിഹരിക്കാൻ മാർക്കറ്റിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരം സംഘടിപ്പിക്കാൻ മഞ്ഞപ്ര മർച്ചന്റ്സ് അസോസിയേഷൻ യോഗം തീരുമാനിച്ചു. ഇവിടെ പ്രവർത്തിച്ചിരുന്ന വ്യാപാരികൾ ദുരിതത്തിലായിട്ടും പൊതുമാർക്കറ്റിന്റെ നിർമാണം നടത്താത്തതിൽ പഞ്ചായത്തിന് അനാസ്ഥയാണു കാരണം.

മാർക്കറ്റ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്കു നിവേദനങ്ങൾ നൽകിയിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ലെന്നും വ്യാപാരികൾ ആരോപിച്ചു. മാർക്കറ്റ് നിർമിക്കാത്തതിൽ അസോസിയേഷൻ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് ജോളി മാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെന്നി പാപ്പച്ചൻ, ട്രഷറർ വി.ജെ.തമ്പി, വൈസ് പ്രസിഡന്റുമാരായ എം.ജെ.റാഫി, ടൈറ്റസ് ജോസ്, മുൻ പ്രസിഡന്റ് മാത്യൂസ് കോലഞ്ചേരി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com