ADVERTISEMENT

ഇലഞ്ഞി∙ പഞ്ചായത്തിൽ പിഎംജിഎസ്‌വൈ പദ്ധതിയിൽ തുക അനുവദിച്ച കോച്ചേരിത്താഴം -മുത്തംകുന്ന് റോഡിന്റെ നിർമാണം കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തം. 2.78 കോടി രൂപയാണ് 3 കിലോമീറ്റർ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. 2022 ഏപ്രിൽ 13ന് നിർമാണം ആരംഭിച്ച് 2023 ഏപ്രിൽ 13ന് നിർമാണം പൂർത്തീകരിക്കേണ്ടതായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നിർമാണം ആരംഭിച്ച റോഡിന്റെ പണികൾ എങ്ങുമെത്തിയിട്ടില്ല. കോച്ചേരിത്താഴം മുതൽ പുളിക്കക്കുന്ന് വരെയുള്ള ഭാഗത്ത് ആദ്യ നടപടിയായി മെറ്റൽ വിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. കല്ലേലിവാലായിൽ 2 മാസം മുൻപ് നിർമിച്ച കലുങ്കിന്റെ മുകൾ ഭാഗം ഇടിഞ്ഞു വീണതിനെ തുടർന്ന് വീണ്ടും നിർമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

നടുപെരുമ്പടവം സെഹിയോൻകുന്ന് പള്ളിക്കു സമീപം ഇടറോഡിലേക്കു തിരിയുന്ന ഭാഗത്ത് നിർമാണത്തിലെ അശാസ്ത്രീയത മൂലം വാഹനയാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പള്ളത്തുകുഴിയിൽ റോഡിന്റെ സംരക്ഷണഭിത്തി നിർമാണത്തിലും അപാകതയുണ്ടെന്നാണ് ആക്ഷേപം. ഈ ഭാഗത്ത് ആവശ്യത്തിന് സ്ഥലം നൽകിയിട്ടും 8 മീറ്റർ വീതി വേണ്ട റോഡിന് 6.80 മീറ്റർ വീതി മാത്രമാണുള്ളതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. കൃഷിയിടങ്ങളിലേക്ക് ഇറങ്ങാനുള്ള റാംപുകളുടെ നിർമാണവും പൂർത്തിയായിട്ടില്ല.

റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് വാർഡ് അംഗം ഷേർലി ജോയിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം വിളിച്ചു ചേർത്തു. പിഎംജിഎസ്‌വൈ അധികൃതരെ പഞ്ചായത്തിൽ വിളിച്ചു വരുത്തി തീരുമാനമെടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ. തോമസ്, സിപിഐ ലോക്കൽ സെക്രട്ടറി സൈജു തുരുത്തേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി. ഷിബു, സിപിഎം ലോക്കൽ സെക്രട്ടറി ഡെന്നീസ് മർക്കോസ്, ബിജെപി നേതാക്കളായ കെ. അജിമോൻ, എം.കെ. ശശി, ആക്‌ഷൻ കൗൺസിൽ കൺവീനർ തമ്പി പാലക്കാതടത്തിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com