പെരുമ്പാവൂർ ∙സേഫ് കേരള പദ്ധതിയുടെ ഭാഗമായി എംസി റോഡിലെ അതിതീവ്ര അപകട മേഖലകളിൽ സ്ഥാപിച്ച മുന്നറിയിപ്പ് ലൈറ്റുകളും ബോർഡുകളും പ്രവർത്തനരഹിതമായ. കേടുപാടുകൾ സംഭവിച്ചു പ്രവർത്തനരഹിതമായി മാസങ്ങളായിട്ടും നന്നാക്കുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ നടപടിയില്ല. സോളർ ഇൻവെർട്ടറിന്റെ സഹായത്തോടെയാണ് അപകട സൂചന ബോർഡും മഞ്ഞ ട്രാഫിക് ലൈറ്റും ഘടിപ്പിച്ചത്. കെൽട്രോൺ സ്ഥാപിച്ച ബോർഡുകളുടെ സംരക്ഷണ ചുമതലയും അവർക്കാണ്. ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇവ സ്ഥാപിച്ചത്. സ്ഥിരം അപകട മേഖലകളിൽ അപകട സൂചന ബോർഡുകൾ ഇളകി പോയിട്ടും, ലൈറ്റുകൾ തെളിയാതിരുന്നിട്ടും പുനഃസ്ഥാപിക്കുന്നില്ല എന്നാണു പരാതി.
സ്ഥിരം അപകട മേഖലയായ കീഴില്ലം നവജീവൻ കവലയിൽ പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ച ബോർഡ് വാഹനം ഇടിച്ചു തെറിപ്പിച്ചിട്ടു വർഷം ഒന്നായിട്ടും പുനഃസ്ഥാപിച്ചില്ലെന്നു പഞ്ചായത്ത് അംഗം ജോയ് പതിക്കൽ ആരോപിച്ചു. അധികൃതരെ വിവരം അറിയിച്ചിട്ടും ഫലമില്ല. അതീവ അപകട മേഖലയായ മണ്ണൂർ അന്നപൂർണ ജംക്‌ഷനു സമീപം സ്ഥാപിച്ചിട്ടുള്ള ബോർഡ് ഇളകി നിലത്തു വീണിട്ട് ഒരു മാസമായി. ഈ ബോർഡ് കാണാതാകുകയും ചെയ്തു.
വട്ടക്കാട്ടുപാടിയിലും മലമുറിയിലും ഇതേ അവസ്ഥയാണ്. സ്കൂൾ തുറക്കുന്നതിനു മുൻപ് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബോർഡുകളും ലൈറ്റുകളും പുനഃസ്ഥാപിക്കണം എന്നാണ് ആവശ്യം. വിദ്യാലയങ്ങളുടെ പരിസരങ്ങൾ, ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മേഖലകൾ എന്നിവിടങ്ങളിൽ കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിക്കണം.
പ്രധാന റോഡുകൾക്ക് അരികിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കു മുൻപിൽ പൊലീസ് സേവനം ഉറപ്പാക്കണം എന്നും വാർഡ് അംഗം ജോയ് പതിക്കൽ ആവശ്യപ്പെട്ടു.എംസി റോഡിലെ അപകടങ്ങൾ കുറയ്ക്കുന്നതിനായി രായമംഗലം പഞ്ചായത്തിന്റെയും പൊലീസിന്റെയും സഹകരണത്തോടെ വർഷങ്ങൾക്ക് മുൻപ് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും നടപ്പായിട്ടില്ല.