ADVERTISEMENT

പെരുമ്പാവൂർ ∙ ഗവ.ഗേൾസ് ഹയർ സെക്കൻഡറി  സ്കൂളിലും ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും  നിലംപൊത്താറായ പഴയ ഓടിട്ട കെട്ടിടങ്ങൾ പൊളിച്ചു നീക്കാത്തത് വിദ്യാർഥികൾക്കും  അധ്യാപകർക്കും ഭീഷണി. നാളെ സ്കൂൾ തുറക്കാനിരിക്കെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാത്തതിൽ രക്ഷിതാക്കൾക്കു പ്രതിഷേധമുണ്ട്.മഴക്കാലത്ത് കെട്ടിടങ്ങൾ പൊളിഞ്ഞു വീഴാൻ സാധ്യതയുണ്ട്. നഗരസഭയാണ് കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കേണ്ടത്.  സ്കൂൾ അധികൃതരും പിടിഎ കമ്മിറ്റിയും നഗരസഭ ഭരണാധികാരികൾക്കും ജനപ്രതിനിധികൾക്കും പരാതികൾ നൽകിയെങ്കിലും നടപടിയില്ല. 

   800വിദ്യാർഥിനികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ.ഗേൾസ് ഹൈസ്കൂൾ.  കഴക്കോലുകൾ  ഒടിഞ്ഞും  ഓടുകൾ തെന്നിമാറിയും നിൽക്കുകയാണ്. ചില ഭാഗങ്ങൾ ഒടിഞ്ഞു പോയി.  കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് അപകടാവസ്ഥയിലാണ് എന്ന് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.

  ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 3 കെട്ടിടങ്ങളാണു പൊളിക്കാനുള്ളത്. ഈ കെട്ടിടങ്ങൾ ഉപയോഗയോഗ്യമല്ലെന്നു രണ്ടര വർഷം മുൻപ്  പൊതുമരാമത്തു വകുപ്പ് റിപ്പോർട്ട് നൽകിയതാണ്. ഹൈസ്കൂളിൽ 380 വിദ്യാർഥികളും ഹയർ സെക്കൻഡറിയിൽ 400 വിദ്യാർഥികളും പഠിക്കുന്നുണ്ട്. വിദ്യാർഥികൾ   ഇടവേള സമയത്ത് അപകടാവസ്ഥയിലുള്ള കെട്ടിടത്തിനു സമീപം  കൂട്ടംകൂടുകയും  കളിക്കുകയും  ചെയ്യും.

ഇത് അപകടം ഉണ്ടാക്കും എന്നാണ് ആശങ്ക. കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നടപടി വേണമെന്നാണ് ആവശ്യം.  രണ്ടു സ്കൂൾ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ നഗരസഭാ ടെൻഡർ വിളിച്ചതാണെന്നു നഗരസഭാധ്യക്ഷൻ ബിജു ജോൺ ജേക്കബ് പറഞ്ഞു. ബോയ്സ് സ്കൂളിലെ കെട്ടിടം പൊളിക്കാൻ  ഒരു കരാറുകാരൻ എടുത്തതാണെങ്കിലും പണം അടച്ചില്ല. ഗേൾസിലെ കെട്ടിടം പൊളിക്കാൻ ആരും വന്നില്ല. അടിസ്ഥാന വില കുറച്ചു വീണ്ടും ക്വട്ടേഷൻ ക്ഷണിക്കാൻ നടപടികൾ ആയെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com