രാമമംഗലം∙ കടവ് ജംക്‌ഷനിൽ മൊബൈൽ ഫോൺ കട കുത്തിത്തുറന്നു ഫോണുകളും രൂപയും കവർന്നു. സെയ്സാൻ ഷോപ്പിലാണു ചൊവ്വ രാത്രി 2 യുവാക്കൾ ചേർന്നു മോഷണം നടത്തിയത്.ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മോഷണത്തിനു മുൻപു സ്ഥലത്ത് എത്തിയ സംഘം സമീപത്തുള്ള കടയിൽ റോഡിലേക്ക് അഭിമുഖമായുള്ള സിസിടിവി ക്യാമറകൾ ഒടിച്ചു മാറ്റി.
പിന്നീടാണു മൊബൈൽ കടയുടെ ഷട്ടറിന്റെ താഴ് കുത്തിപ്പൊളിച്ചത്.7 ഫോണുകളും 20000 രൂപയും നഷ്ടപ്പെട്ടു. മോഷണത്തിനു ശേഷം ഇരുചക്ര വാഹനത്തിൽ ഇവർ രക്ഷപെടുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. നേരത്തെ ബ്ലായിപ്പടിയിൽ ക്ഷീരസംഘം ഓഫിസിലും മോഷണം നടന്നിരുന്നു. രാത്രികാല പൊലീസ് പരിശോധന കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി.