കൊച്ചി ∙ സിഐടിയു സംസ്ഥാന നേതാവ് അരക്കോടിയുടെ മിനി കൂപ്പറിന്റെ ഉടമയായതു വിവാദമായി. പുതിയ കാറിനും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതു വിവാദത്തിന്റെ കേന്ദ്രബിന്ദുവായ പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. അനിൽകുമാർ തന്നെയാണ്. ഇന്നോവയടക്കമുള്ള ഉയർന്ന മോഡൽ വാഹനം സ്വന്തമായുള്ളപ്പോഴാണു പുതിയ കാർ വീട്ടിലെത്തിയത് 10,000 രൂപയിൽ കൂടുതൽ വിലയുള്ള എന്തു വാങ്ങിയാലും അതു പാർട്ടിയെ അറിയിക്കണമെന്നാണു സിപിഎം അംഗങ്ങൾക്കുള്ള നിർദേശം.
പാർട്ടി അംഗത്വം പുതുക്കാനുള്ള അപേക്ഷയിൽ ഇതു പറയുന്നുണ്ട്. ആർജിക്കുന്ന സ്വത്തിന്റെ വരുമാന സ്രോതസ്സും വെളിപ്പെടുത്തണം.ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണു കാർ വാങ്ങിയതെന്നാണു അനിൽകുമാറിന്റെ വിശദീകരണം. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയാണെങ്കിലും അനിൽകുമാർ സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട ഘടകങ്ങളിൽ അംഗമല്ല. അതിനാൽത്തന്നെ പാർട്ടിക്ക് ഇക്കാര്യത്തിൽ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണു പാർട്ടി നേതൃത്വം. എന്നാൽ, അനിൽകുമാർ ജനറൽ സെക്രട്ടറിയായ യൂണിയന്റെ പ്രസിഡന്റ് സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ആണ്.
ബിപിസിഎൽ, ഐഒസി, എച്ച്പിസിഎൽ കമ്പനികളിലെ 4000 കരാർ തൊഴിലാളികൾ ഉൾപ്പെടുന്ന യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഐഒസിയിൽ കരാർ തൊഴിലാളിയായി തൊഴിലാളി പ്രവർത്തനം തുടങ്ങിയ അനിൽകുമാർ പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണു ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. ജനറൽ സെക്രട്ടറിയായിരുന്ന ടി. രഘുവരനെ സിപിഎം നിന്നു പുറത്താക്കിയപ്പോൾ സംഘടന പിടിക്കാൻ മുന്നിൽ നിന്നത് അനിൽകുമാറാണ്. അതിനാൽത്തന്നെ സിപിഎം നേതൃത്വത്തിന്റെ പിന്തുണ ഇദ്ദേഹത്തിനുണ്ട്.