വിക്രാന്തിൽ പറന്നിറങ്ങി എംഎച്ച് 60 റോമിയോ ഹെലികോപ്റ്റർ
Mail This Article
കൊച്ചി∙ രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ യുഎസ് നിർമിത എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററും പറന്നിറങ്ങി. മിഗ് 29 കെ വിമാനത്തിന്റെ രാത്രി ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിലാണു പ്രധാനമായും അന്തർവാഹിനി പ്രതിരോധത്തിന് ഉപയോഗിക്കുന്ന എംഎച്ച് 60 ആർ സീ ഹോക് ഹെലികോപ്റ്ററും വിജയകരമായി ലാൻഡ് ചെയ്തത്.
ഫോറിൻ മിലിറ്ററി സെയിൽസ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ ഇത്തരത്തിലുള്ള 24 ഹെലികോപ്റ്ററുകളാണു യുഎസിൽ നിന്നു വാങ്ങുന്നത്. അടുത്ത വർഷം അവസാനത്തോടെ ഈ ഹെലികോപ്റ്ററുകളെല്ലാം ഇന്ത്യയിലെത്തുമെന്നാണു വിവരം. അന്തർവാഹിനി പ്രതിരോധ യുദ്ധത്തിനു പുറമേ വിവിധ സമുദ്ര യുദ്ധ ദൗത്യങ്ങൾക്കും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാവുന്ന ഹെലികോപ്റ്ററാണിത്. ആദ്യ ഘട്ടത്തിൽ ലഭിച്ച 6 ഹെലികോപ്റ്ററുകളിൽ മൂന്നെണ്ണം കൊച്ചിയിൽ ദക്ഷിണ നാവിക കമാൻഡിനു കീഴിലെ ഐഎൻഎസ് ദ്രോണാചാര്യയിലാണുള്ളത്.
നിലവിൽ അറബിക്കടലിൽ കേരളത്തിനും ഗോവയ്ക്കും ഇടയിൽ യാത്രയിലുള്ള വിക്രാന്തിൽ കൊച്ചിയിൽ നിന്നെത്തിച്ച ഹെലികോപ്റ്റർ ഇറക്കിയാണു പരീക്ഷണം നടത്തിയത്. അത്യാധുനിക ദിശാനിർണയ ഉപകരണങ്ങളും റഡാർ സംവിധാനങ്ങളും കൂടി സ്ഥാപിക്കുന്നതോടെ 5–6 മാസത്തിനുള്ളിൽ വിക്രാന്ത് പൂർണമായും യുദ്ധസജ്ജമാകുമെന്നാണു വിവരം.