തട്ടിപ്പിനിരയായവർ സോഷ്യൽ മീഡിയയിൽ ഒന്നിച്ചു, ക്യാമറ വാടകയ്ക്കെടുത്ത് മറിച്ചു വിൽക്കുന്നയാൾ പിടിയിൽ
Mail This Article
മരട് ∙ വിഡിയോ ക്യാമറ വാടകയ്ക്കെടുത്ത് മറിച്ചു വിൽപന നടത്തിയ കേസിൽ കട്ടപ്പന നിർമലാസിറ്റി, പുതുശേരിൽകുടിയിൽ, ആനന്ദ് സുരേന്ദ്രൻ (28) പൊലീസിന്റെ പിടിയിൽ. മരടിലെ ലൂമിനാസ് ഫിലിം ഫാക്ടറി എന്ന സ്ഥാപനത്തിൽ നിന്നു സോണി എം4 ക്യാമറ, ബാറ്ററി, മെമ്മറി കാർഡ് തുടങ്ങി 3.25 ലക്ഷം രൂപ വില വരുന്ന സാമഗ്രികൾ ഏപ്രിൽ 28ന് വാടകയ്ക്കെടുത്ത് മുങ്ങുകയായിരുന്നു. പല ജില്ലകളിലായി ഇത്തരത്തിലുള്ള ഒട്ടേറെ കേസുകൾ പ്രതിക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനിരയായവർ ചേർന്നു രഹസ്യമായി നടത്തിയ നീക്കത്തിൽ പുനലൂരിൽ വച്ചാണ് പ്രതി കുടുങ്ങിയത്.
ക്യാമറകൾ കോയമ്പത്തൂരിൽ വിറ്റു എന്നാണ് പൊലീസിനോടു പറഞ്ഞത്. ഇത് കണ്ടെടുക്കേണ്ടതുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം മുതൽ വയനാട് വരെ 20 ക്യാമറകളാണ് ആനന്ദ് 2 മാസത്തിനുള്ളിൽ കവർന്നത്. 9 സിം കാർഡുകൾ മാറി മാറി ഉപയോഗിച്ചു. സംശയം തോന്നാതിരിക്കാൻ വിലപേശും. അഡ്വാൻസും നൽകും. തിരിച്ചറിയൽ രേഖയായി ഒറിജിനൽ ആധാർ കാർഡ് നൽകും. ഒരു ദിവസം തന്നെ രണ്ടും മൂന്നും ഇടങ്ങളിൽ തട്ടിപ്പു നടത്തുന്നതാണു രീതി. അതിരാവിലെ തന്നെ എത്തി വാടകയ്ക്ക് എടുക്കും.
തിരിച്ചു കൊടുക്കേണ്ട സമയമാകുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. ഇതോടെ തട്ടിപ്പിനിരയായവർ ചേർന്ന് സോഷ്യൽ മീഡിയയിൽ കൂട്ടായ്മ രൂപീകരിച്ചു. തട്ടിപ്പ് നടത്താത്ത കൊല്ലത്തും ആലപ്പുഴയിലും ക്യാമറ വാടകയ്ക്കു കൊടുക്കാനുണ്ടെന്ന പരസ്യം നൽകി. ഇതു കണ്ട് കൊല്ലത്ത് പുലർച്ചെ ആറരയ്ക്കും ആലപ്പുഴയിൽ എട്ടരയ്ക്കും എത്താമെന്ന് പ്രതി പറഞ്ഞതനുസരിച്ച് രണ്ടിടത്തും ആൾ തയാറായി നിന്നു. കൊല്ലത്ത് എത്തിയ പ്രതിയെ പുനലൂർ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ പുനലൂരിൽ പ്രതിക്കെതിരെ കേസ് ഇല്ലാതിരുന്നതിനാൽ എഫ്ഐആർ ഇട്ടിട്ടുള്ള മരട് സ്റ്റേഷനു കൈമാറി. തട്ടിപ്പു സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് സൂചന.