നിയമ പോരാട്ടത്തിൽ വിജയം; റാണി എംഡിയായി, പടിയിറങ്ങി
Mail This Article
ആലങ്ങാട് ∙ വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നഷ്ടപ്പെട്ടു പോകേണ്ടിയിരുന്ന ബാങ്ക് മാനേജിങ് ഡയറക്ടർ സ്ഥാനം നിയമ പോരാട്ടത്തിലൂടെ പിടിച്ചെടുത്തു കൊങ്ങോർപ്പിള്ളി ബാങ്ക് എംഡിയായി കെ.ഡി.റാണി വിരമിച്ചു. എൽഡിഎഫ് ഭരിക്കുന്ന കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണബാങ്കിൽ രണ്ടുവർഷം മുൻപു പഴയ മാനേജിങ് ഡയറക്ടർ വിരമിച്ചപ്പോൾ യോഗ്യതയനുസരിച്ച് റാണിക്ക് എംഡിയായി സ്ഥാനക്കയറ്റം നൽകേണ്ടതായിരുന്നു. എന്നാൽ സിപിഎം പ്രാദേശിക നേതാവിന്റെ എതിർപ്പു മൂലം പല കാരണങ്ങൾ പറഞ്ഞു സ്ഥാനക്കയറ്റം ഒഴിവാക്കി.
അതോടെ സിപിഎം അനുകൂല സഹകരണസംഘം ജീവനക്കാരുടെ സംഘടന ബാങ്കിനു മുന്നിൽ സമരം നടത്താൻ വരെ തീരുമാനമെടുത്തു. തുടർന്നു സ്ഥാനക്കയറ്റം നൽകാമെന്നു പറഞ്ഞു സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു സമരം ഒഴിവാക്കി.ഒരു വർഷം കഴിഞ്ഞിട്ടും സ്ഥാനക്കയറ്റം ലഭിക്കാതെ വന്നതോടെ, റാണി കോടതിയെ സമീപിച്ച് അനുകൂല വിധി നേടി എംഡി സ്ഥാനത്തെത്തി. എന്നാൽ ബാങ്കുമായി ബന്ധമില്ലാതെ ഒരാൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് റജിസ്ട്രാർ റാണിയെ തരംതാഴ്ത്തി.
വിരമിക്കാൻ 4 ദിവസം മാത്രം ബാക്കി നിൽക്കെ നടത്തിയ ഈ നടപടിക്കെതിരെ കോടതിയെ സമീപിച്ചു വീണ്ടും അനുകൂലവിധി നേടിക്കൊണ്ടാണു മേയ് 31നു കെ.ഡി.റാണി വിരമിച്ചത്.