ആലുവ∙ ആലുവ–പെരുമ്പാവൂർ ദേശസാൽകൃത റൂട്ടിൽ തോട്ടുമുഖം മഹിളാലയം ഭാഗത്തു 4 വാഹനങ്ങൾ കൂട്ടിയിടിച്ചു 4 പേർക്കു പരുക്കേറ്റു. ആലുവയിൽ നിന്നു പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഇരുചക്രവാഹനം പെട്ടെന്നു വലത്തോട്ടു തിരിഞ്ഞപ്പോൾ പിന്നിലുണ്ടായിരുന്ന പാഴ്സൽ ലോറി നിയന്ത്രണം വിട്ടു റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു മറിഞ്ഞു. ഇരുചക്രവാഹനം ലോറിയുടെ അടിയിൽ പെട്ടു. ഇതോടൊപ്പം ഒരു ബൈക്കും അപകടത്തിൽ പെട്ടു.
തൊട്ടടുത്തുള്ള ക്ലിനിക്കിൽ നിന്നു വന്ന 2 സ്ത്രീകൾക്കും ഇരുചക്രവാഹനം ഓടിച്ചിരുന്ന ഒരാൾക്കും പാഴ്സൽ ലോറിയുടെ ഡ്രൈവർ അത്താണി സ്വദേശി ഷിബുവിനും ആണ് പരുക്കേറ്റത്. അപകടത്തെ തുടർന്നു ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ചു നീക്കിയ ശേഷമാണ് ഗതാഗതം പൂർണതോതിൽ പുനരാരംഭിച്ചത്.