ആലുവ∙ റെയിൽവേ സ്റ്റേഷൻ പരിസരത്തു ബുധനാഴ്ച കട തല്ലിത്തകർക്കുകയും ജീവനക്കാരനെ അടിച്ചു പരുക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതി പട്ടേരിപ്പുറത്തു വാടകയ്ക്കു താമസിക്കുന്ന കോമ്പാറ എൻഎഡി തൈക്കണ്ടത്തിൽ ഫൈസലിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ജിംനേഷ്യത്തിൽ ഫിറ്റ്നസ് ട്രെയിനറാണ് പ്രതി. പൊലീസ് ഫൈസലിന്റെ വീട്ടിൽ എത്തിയപ്പോൾ വളർത്തുനായയെ അഴിച്ചുവിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസ് ജീപ്പിന്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത ശേഷമാണ് കീഴടങ്ങിയത്.
വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ജില്ലാ ആശുപത്രിയിലും പിന്നീടു പൊലീസ് സ്റ്റേഷനിലും ഒച്ചപ്പാടും ബഹളവുമുണ്ടാക്കി. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാനും ശ്രമം നടത്തി. അതിഥിത്തൊഴിലാളികളുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചതു ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കട ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. കളമശേരി, ആലങ്ങാട്, എടത്തല, പാലാരിവട്ടം സ്റ്റേഷനുകളിൽ 5 കേസുകളിൽ പ്രതിയാണു ഫൈസൽ.
ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്ഐമാരായ സി.ആർ. ഹരിദാസ്, എസ്.എസ്. ശ്രീലാൽ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, എം.എസ്. സന്ദീപ്, എസ്. സുബ്രഹ്മണ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്.