റോഡിന്റെ പ്രതലം ‘കണ്ണാടി’ പോലെ; വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നു
![ernakulam-koottattukulam-area-road ernakulam-koottattukulam-area-road](https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2023/6/2/ernakulam-koottattukulam-area-road.jpg?w=1120&h=583)
Mail This Article
കൂത്താട്ടുകുളം∙ എംസി റോഡിൽ അറ്റകുറ്റപ്പണി നടത്തി പ്രതലം മിനുസ്സപ്പെടുത്തിയതു മൂലം അപകടം പതിവാകുന്നു. കൂത്താട്ടുകുളം ടാക്സി സ്റ്റാൻഡിനു സമീപം ഓട്ടോ റിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ പാലക്കുഴ മൂഴന്താനത്ത് സുനിലിന് (50) പരുക്കേറ്റു. ബ്രേക്കിട്ടപ്പോൾ നിയന്ത്രണം നഷ്ടമായ മിനി ലോറി തെന്നി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ സുനിൽ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
![എംസി റോഡിൽ കൂത്താട്ടുകുളം ടാക്സി സ്റ്റാൻഡിനു സമീപം ഓട്ടോ റിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന മിനി ലോറി. എംസി റോഡിൽ കൂത്താട്ടുകുളം ടാക്സി സ്റ്റാൻഡിനു സമീപം ഓട്ടോ റിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന മിനി ലോറി.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
എംസി റോഡിൽ പുതുവേലി മുതൽ ആറൂർ വരെ ഒരു മാസത്തിനിടെ ഇരുപത്തിയഞ്ചോളം അപകടങ്ങളാണ് ഉണ്ടായത്. പുതുവേലി കോളജിനു സമീപം, ചോരക്കുഴി കവല, കൂത്താട്ടുകുളം ടൗൺ, ടാക്സി സ്റ്റാൻഡിനു സമീപം, കാലിക്കട്ട് കവല, വടക്കൻ പാലക്കുഴ, കരിമ്പന, ആറൂർ എന്നിവിടങ്ങളാണ് പ്രധാന അപകട മേഖലകൾ.
ചെറിയ മെറ്റലും ടാറും ഉപയോഗിച്ച് റോഡിന്റെ കേടുപാടുകൾ തീർക്കുന്ന സ്ലറി സീലിങ്ങാണ് യാത്രക്കാരെ വലയ്ക്കുന്നത്. വെയിലുള്ളപ്പോൾ ടാർ ഉരുകി ഒഴുകുന്ന സ്ഥിതിയാണ്. ഇതിൽ കയറിയാൽ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയും. പ്രതലത്തിനു മിനുസം കൂടുതലായതിനാൽ മഴയത്ത് വാഹനങ്ങൾ തെന്നി നീങ്ങിയാണ് അപകടങ്ങളുണ്ടാകുന്നത്. ബ്രേക്ക് ചവിട്ടുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകും. നേരത്തെ റോഡിൽ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട ശുദ്ധജലം കൊണ്ടുപോകുന്ന ലോറി കൂത്താട്ടുകുളം ടൗണിലെ ട്രാൻസ്ഫോമർ ഇടിച്ചു തകർത്തിരുന്നു. ഏതാനും ദിവസം മുൻപ് ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് റോഡിൽ തെന്നി മറിഞ്ഞ് 6 പേർക്ക് പരുക്കേറ്റു.
അറ്റകുറ്റപ്പണിക്കു ശേഷം പാറമടയിലെ മകിനു സമാനമായ പൊടി റോഡിൽ വിതറുന്നതും അപകട കാരണമാകുന്നു. ഈ പൊടി ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വലിയ വാഹനങ്ങൾ പോകുമ്പോൾ റോഡിന്റെ ഓരത്ത് അടിയുന്ന മെറ്റലിൽ തെന്നി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
എംസി റോഡിന്റെ അറ്റകുറ്റപ്പണി പിഡബ്ല്യുഡി റോഡ് പരിപാലന വിഭാഗം, കരാർ നൽകിയിരിക്കുകയാണ്. കരാറുകാരുടെ പ്രവർത്തനം പരിശോധിക്കാൻ ഉദ്യോഗസ്ഥർ തയാറാകാത്തതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം എന്നാണ് ആക്ഷേപം. അപകടങ്ങൾ ഉണ്ടാകുന്നത് സംബന്ധിച്ച് പരിശോധന നടത്തുമെന്ന് റോഡ് പരിപാലന വിഭാഗം അധികൃതർ അറിയിച്ചു.