5 മിനിറ്റിൽ 7 മാമ്പഴം കഴിച്ച ഫാത്തിമ ജേതാവ്; രുചി വൈവിധ്യവുമായി ചക്കരമാമ്പഴം ഫെസ്റ്റ്

എണ്ണാമെങ്കിൽ എണ്ണിക്കോ: അഗ്രികൾചർ പ്രമോഷനൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മറൈൻഡ്രൈവിൽ നടക്കുന്ന മാംഗോ ഫെസ്റ്റിലെ മാമ്പഴത്തീറ്റ മത്സരത്തിൽ നിന്ന്.
SHARE

കൊച്ചി ∙ ‘റെഡി വൺ, ടൂ, ത്രീ... സ്റ്റാർട്ട്’ മുഴങ്ങിയതും പഴുത്തു കുറുകിയ മധുരമൂറും മാങ്ങകൾ മയമേതുമില്ലാതെ 11 പേർ നിരന്നുനിന്നു കഴിച്ചുതുടങ്ങി. എണ്ണമല്ല, കഴിച്ചു തീർക്കുന്ന രീതിയാണു നോക്കുന്നതെന്ന് ഇടയ്ക്ക് അനൗൺസ്മെന്റ് വന്നെങ്കിലും മാങ്ങാരുചിക്കു മുന്നിൽ അതൊന്നും വിലപ്പോയില്ല. 5 മിനിറ്റിൽ മത്സരം തീർന്നപ്പോൾ മാങ്ങാനീരും നാരും നിറഞ്ഞ മുഖത്തോടെയായിരുന്നു മത്സരാർഥികൾ; കൈ നിറഞ്ഞ് മാമ്പഴച്ചാറും. അഗ്രികൾചർ പ്രമോഷനൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മറൈൻഡ്രൈവിൽ ഗ്രൗണ്ടിൽ നടക്കുന്ന മാംഗോ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ മാമ്പഴത്തീറ്റ മത്സരമാണ് മത്സരാർഥികൾക്കും കാണികൾക്കും ആവേശമായത്.

കോതമംഗലം സ്വദേശി ഫാത്തിമ ഉസ്മാനാണ് ഒന്നാം സ്‌ഥാനം നേടിയത്. 5 മിനിറ്റിൽ 7 മാമ്പഴമാണ് ഫാത്തിമ കഴിച്ചത്. 6 മാമ്പഴം കഴിച്ച മട്ടാഞ്ചേരി സ്വദേശി അബ്ദുൽ ഷുക്കൂർ രണ്ടാം സ്‌ഥാനത്തെത്തി. വാഴക്കാല സ്വദേശി ആനി ജോയിക്കാണ് മൂന്നാം സ്‌ഥാനം. ഗായിക സോണി സായി മത്സരം ഉദ്ഘാടനം ചെയ്തു. മുൻ രാജ്യാന്തര ബാസ്‌കറ്റ്‌ബോൾ താരം ഗീത വി.മേനോൻ, നാസർ ബഷീർ സേട്ട് എന്നിവരായിരുന്നു വിധികർത്താക്കൾ. ഇന്ന് പുരുഷൻമാരുടെ തേങ്ങ ചിരകൽ മത്സരം നടക്കും. അറുപതോളം വ്യത്യസ്തയിനം മാമ്പഴങ്ങളാണ് പ്രദർശനത്തിനും വിൽപനയ്ക്കും ഉള്ളത്. ഞായറാഴ്ചയാണ് സമാപനം. 50 രൂപയാണ് പ്രവേശന ഫീസ്. 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. 9562076779.

രുചി വൈവിധ്യവുമായി ചക്കരമാമ്പഴം ഫെസ്റ്റ്

കാക്കനാട് കലക്ടറേറ്റ് ജംക‍്ഷനിൽ ജില്ലാ പഞ്ചായത്തിന്റെ ചക്കര മാമ്പഴം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എംപിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടർ എൻ.എസ്.കെ .ഉമേഷ് എന്നിവർക്കും മാമ്പഴം നൽകിയപ്പോൾ. കൗൺസിലർ സി.സി. വിജു, നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ തുടങ്ങിയവർ സമീപം.

കാക്കനാട്∙ അൻപത് ഇനം മാമ്പഴങ്ങളുമായി ജില്ലാ പഞ്ചായത്ത് നടത്തിയ മാംഗോ ഫെസ്റ്റ് ‘ചക്കരമാമ്പഴം’ സന്ദർശകർക്കു രുചി വൈവിധ്യം പകർന്നു. ജില്ലയുടെ വിവിധ ഇടങ്ങളിൽനിന്നു ശേഖരിച്ച ഗുണമേൻമയുള്ളതും വിഷരഹിതവുമായ മാമ്പഴങ്ങളാണു കലക്ടറേറ്റ് ജംക‍്ഷനിലെ പ്രദർശന– വിപണന മേളയിൽ നിരത്തിയിരുന്നത്. മാമ്പഴം കൊണ്ടുള്ള ഭക്ഷണ വിഭവങ്ങളും ഇതര പഴവർഗങ്ങളും ഗുണമേൻമയുള്ള മാവിൻ തൈകളും ആവശ്യക്കാർക്കു ലഭിച്ചു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. കലക്ടർ എൻ.എസ്.കെ.ഉമേഷ്, നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, സ്ഥിര സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.ഇന്ദു നായർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി.പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS