പെരിയാറിൽ നിന്ന് രാത്രി ‘ആലുവ ഗോൾഡ് ’ മോഷണം; തൊണ്ടിമുതൽ കാണാതായിട്ടും പൊലീസ് അനങ്ങിയിട്ടില്ല
Mail This Article
ആലുവ∙ പൊലീസിന്റെ പരിശോധന മുടങ്ങിയതോടെ പെരിയാറിൽ രാത്രികാല മണൽവാരൽ വീണ്ടും സജീവമായി. റൂറൽ എസ്പിയുടെ നിർദേശപ്രകാരം മേയ് 6 നു പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടി ലേലം ചെയ്യാൻ ഉളിയന്നൂർ ചന്തക്കടവിൽ സൂക്ഷിച്ചിരുന്ന 5 ലോഡ് മണലും ഇതിനിടെ മോഷ്ടിച്ചു വിറ്റു. തൊണ്ടിവസ്തു കാണാതായിട്ടും പൊലീസ് അനങ്ങിയിട്ടില്ല. കടവുകളിൽ നിന്നു ദേശീയപാതയിൽ എത്താനുള്ള വഴികളിലെ സിസിടിവി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും ഒടിച്ചു കേടാക്കി വച്ചിരിക്കുകയാണ്. മണൽ മാഫിയയാണ് ഇതിനു പിന്നിൽ എന്നു സംശയിക്കുന്നു.
മുട്ടം, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, മാർത്താണ്ഡവർമ പാലം, മണപ്പുറം നടപ്പാലം, റെയിൽവേ പാലം, പരുന്തുറാഞ്ചി മണപ്പുറം, തുരുത്ത്, തോട്ടുമുഖം മഹിളാലയം പാലം എന്നിവിടങ്ങളിലാണ് രാത്രി തോട്ടി കുത്തി കിണർ പോലെ ആഴമേറിയ കുഴികളുണ്ടാക്കി മണൽ വാരുന്നത്. നാലഞ്ചു ലോഡ് മണൽ കൊള്ളുന്ന ഇരുപതോളം കൂറ്റൻ വഞ്ചികളിൽ ദിവസവും മണൽ വാരി കടത്തുന്നുണ്ടെന്നു പറയുന്നു.
നാട്ടുകാരായ മണൽക്കടത്തുകാരുടെ നിർദേശപ്രകാരം അതിഥിത്തൊഴിലാളികളാണു വഞ്ചികളിൽ എത്തി മണൽ വാരുന്നത്. ഇവർക്കു ദിവസക്കൂലിയാണ്. ആലപ്പുഴ, കൊല്ലം ജില്ലകളിലേക്കാണ് ഇവിടെ നിന്ന് ഏറ്റവുമധികം മണൽ കയറിപ്പോകുന്നത്. സ്വർണ നിറമുള്ള മണൽ ‘ആലുവ ഗോൾഡ്’ എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്.