ADVERTISEMENT

തിരുവനന്തപുരം / കൊച്ചി∙ യൂത്ത് കോൺഗ്രസിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനായി നാമനിർദേശ പത്രികകൾ സ്വീകരിച്ചു തുടങ്ങി. ഈ മാസം 14 വരെ പത്രിക നൽകാം. 28 മുതൽ ജൂലൈ 28 വരെ നടക്കുന്ന അംഗത്വ വിതരണത്തിന് ഒപ്പമാണ് വോട്ടെടുപ്പും. അംഗത്വം എടുക്കുന്നതിനൊപ്പം വിവിധ തലങ്ങളിലേക്ക് വോട്ടും ചെയ്യാവുന്ന നൂതന തിരഞ്ഞെടുപ്പു രീതിയാണ് സംഘടന അവലംബിക്കുന്നത്. തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തോടെ നിലവിലുള്ള പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹി നിര ഒഴിഞ്ഞു. പുതിയ നേതൃനിര അധികാരമേൽക്കാനുളള നടപടിക്രമങ്ങളിലേക്കാണ് യൂത്ത് കോൺഗ്രസ് കടക്കുന്നത്. പുതിയ ഭാരവാഹികൾക്കായി ചർച്ചയും ചരടു വലികളും സജീവമായി.

18നും 35നും ഇടയിൽ പ്രായമുളളവർക്കാണു യൂത്ത് കോൺഗ്രസിൽ അംഗത്വം. തിരഞ്ഞെടുപ്പിനായി തയാറാക്കിയിരിക്കുന്ന മൊബൈൽ ആപ് വഴി അംഗത്വം എടുക്കാം. 50 രൂപയാണ് അംഗത്വ ഫീസ്. ഭാരവാഹിയാകണമെങ്കിൽ നാമനിർദേശ പത്രികയ്ക്കൊപ്പം വേറെ ഫീസ് ഉണ്ട്. സ്ഥാനാർഥിയാകാൻ മണ്ഡലം കമ്മിറ്റിയിൽ 150 രൂപ, നിയമസഭാ മണ്ഡലം കമ്മിറ്റിയിൽ 500 രൂപ, ജില്ലാ കമ്മിറ്റിയിൽ 3000 രൂപ, സംസ്ഥാന കമ്മിറ്റിയിൽ 7500 രൂപ എന്നിങ്ങനെയാണു ഫീസ്. കേരളത്തിൽ മണ്ഡലം, ബ്ലോക്ക്, ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളിലേക്കാണു വോട്ടെടുപ്പ്.

ഒരു അംഗത്തിന് അഞ്ചു സ്ഥാനങ്ങളിലേക്കും വോട്ടു ചെയ്യാം. മണ്ഡലം, ബ്ലോക്ക്, ജില്ലാ, സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിക്കുന്നവർ ആ പദവിയിൽ എത്തും. തൊട്ടടുത്ത സ്ഥാനത്ത് എത്തുന്നവർ ഓരോ തലത്തിലും സഹ ഭാരവാഹികളുമാകും. മണ്ഡലം കമ്മിറ്റിയിൽ 15, നിയമസഭാ മണ്ഡലം കമ്മിറ്റിയിൽ 25, ജില്ലാ കമ്മിറ്റിയിൽ 25, സംസ്ഥാന കമ്മിറ്റിയിൽ 54 എന്നിങ്ങനെയാണു ഭാരവാഹികളുടെ എണ്ണം.  45 ജനറൽ സെക്രട്ടറിമാരാണു സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടാകുക. 8 വൈസ് പ്രസിഡന്റുമാരുമുണ്ടാകും. ഇവരിൽ, ഏറ്റവും കൂടുതൽ പേരെ യൂത്ത് കോൺഗ്രസിൽ ചേർക്കുന്ന 3 പേരെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനുള്ള പാനലിൽ ഉൾപ്പെടുത്തും. അഭിമുഖം നടത്തി ഒരാളെ പ്രസിഡന്റായും മറ്റു 2 പേരെ വൈസ് പ്രസിഡന്റുമാരായും നിയമിക്കുമെന്നാണു തിരഞ്ഞെടുപ്പു നിയമാവലി പറയുന്നത്.

അധ്യക്ഷ പദം നോട്ടമിട്ട് എ വിഭാഗം

നിലവിൽ എ വിഭാഗത്തിലെ ഷാഫി പറമ്പിലാണ് അധ്യക്ഷൻ എന്നതിനാൽ ആ വിഭാഗം തന്നെയാണ് സംസ്ഥാന അധ്യക്ഷ പദം നോട്ടമിടുന്നത്. ജെ.എസ്.അഖിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരെയാണ് ഗ്രൂപ്പ് പരിഗണിക്കുന്നത്. നേതാക്കളുടെ ആദ്യഘട്ട ചർച്ചകളിൽ വ്യത്യസ്താഭിപ്രായം ഉണ്ടായതിനാൽ ഉമ്മൻചാണ്ടിയുടെ അഭിപ്രായം തേടാമെന്ന ധാരണയിലെത്തി. എ ഗ്രൂപ്പുകാരനായ മുൻ കെഎസ് യു പ്രസിഡന്റ് കെ.എം.അഭിജിത്, ബിനു ചുള്ളിയിൽ, അബിൻ വർക്കി കോടിയാട്ട് എന്നിവരുടെ പേരുകളും അന്തരീക്ഷത്തിലുണ്ട്. കെപിസിസി നേതൃത്വത്തിന്റെ പിന്തുണ ആർക്ക് എന്നതും നിർണായകമാണ്. തിരഞ്ഞെടുപ്പിലൂടെ ദേശീയ നേതൃത്വം വൻതുക ശേഖരിക്കുന്നതിൽ ആക്ഷേപവും ഉയർന്നു. തിരഞ്ഞെടുപ്പു നടപടികൾക്കായി എത്തിയ മേഖലാ റിട്ടേണിങ് ഓഫിസർക്ക് കൊച്ചിയിൽ ഡിസിസി ആസ്ഥാനത്തു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധവും നേരിടേണ്ടി വന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com