ADVERTISEMENT

വൈപ്പിൻ∙ മത്സ്യ വാഹനങ്ങളുടെ അമിത വേഗത സംസ്ഥാന പാതയിൽ  മരണ ഭീതി ഉയർത്തുന്നു. വാഹനങ്ങൾ  തിങ്ങി നിറഞ്ഞു കടന്നു പോകുന്ന റോഡിലൂടെ അതൊന്നും കണക്കിലെടുക്കാതെയാണ് ഇത്തരം വാഹനങ്ങൾ കടന്നുപോകുന്നത്.ഇത് പലപ്പോഴും ഗുരുതരമായ അപകടങ്ങൾക്കും  കാരണമാകുന്നു.

കഴിഞ്ഞ  ദിവസം വെളിയത്താംപറമ്പിൽ ഇത്തരത്തിൽ അമിത വേഗതയിൽ എത്തിയ മീൻ ലോറി ബൈക്കിൽ ഇടിച്ച് യാത്രികർക്ക് പരുക്കേറ്റിരുന്നു. വൈപ്പിൻ കാളമുക്ക് മുതൽ അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന മീൻ ലോറിക്ക് നാട്ടുകാർ മുന്നറിയിപ്പ് നൽകിയെങ്കിലും ഡ്രൈവർ ഗൗനിച്ചില്ല. വെളിയത്താംപറമ്പ്  ബസ് സ്റ്റോപ്പിൽ വച്ച്  ബസിനു പിന്നിൽ നിർത്തിയ ബൈക്കിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് യാത്രികർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. എത്രയും പെട്ടെന്ന് ലോഡുമായി മുനമ്പത്തേക്ക് എത്താൻ ഉടമ ആവർത്തിച്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ അമിതവേഗം എടുത്തത് എന്നാണ് അപകടത്തെക്കുറിച്ച് ചോദിച്ചവർക്ക് ഡ്രൈവർ നൽകിയ മറുപടി.

 ദ്വീപിന്റെ വടക്കൻ മേഖലയിൽ പുലർച്ചെ സമയത്ത്  ഇത്തരം മീൻ വാഹനങ്ങൾ ഉയർത്തുന്ന ഭീഷണിയെ കുറിച്ച് നേരത്തെ മുതൽ  ഉള്ളതാണ്. രാവിലെ നടക്കാൻ ഇറങ്ങുന്നവർക്കും പത്രവിതരണക്കാർക്കും മറ്റുമാണ് ഇത്തരം വാഹനങ്ങൾ ഭീഷണി ഉയർത്തുന്നത്. പലപ്പോഴും പരസ്പരം മത്സരിച്ചാണ് ഇത്തരം വാഹനങ്ങൾ കടന്നു പോകുന്നത്.

‌വാഹനങ്ങൾ തിങ്ങി നിറഞ്ഞു നീങ്ങുന്നതിനാൽ സംസ്ഥാന പാതയിൽ തിരക്കേറിയ സമയങ്ങളിൽ ഓവർടേക്കിങ്  അസാധ്യമാണെങ്കിലും  മീൻ വാഹനങ്ങൾ അതൊന്നും കണക്കിലെടുക്കാറില്ല. അമിത വേഗതയിൽ കയറിച്ചെന്ന് എതിരെ വരുന്ന വാഹനങ്ങളെ ഭയപ്പെടുത്തി  കടന്നുപോകാൻ  ആയിരിക്കും  പലപ്പോഴും ശ്രമം. 

ഇത്തരം  ശ്രമത്തിനിടയിലായിരുന്നു  വെളിയത്താംപറമ്പിലെ  അപകടം. ഏറ്റവുമാദ്യം  മാർക്കറ്റിൽ എത്തിക്കുന്ന മീനിനാണ് കൂടുതൽ വില ലഭിക്കുകയെന്നതിനാൽ പരമാവധി വേഗം എടുക്കാൻ ഡ്രൈവർമാർക്ക് വാഹന ഉടമകളുടേയും ഇടപാടുകാരുടെയും  സമ്മർദം നേരിടേണ്ടി വരുന്നു. മീൻ വണ്ടികളുടെ അമിതവേഗം നിയന്ത്രിക്കുന്ന കാര്യത്തിൽ മോട്ടർ വാഹന വകുപ്പ് അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. എന്നാൽ ഉടമകൾ പലരും വൻകിടക്കാരായതിനാൽ പലപ്പോഴും പരിശോധന നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com