കൊച്ചി ∙ ജില്ലയിൽ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. പനിക്കൊപ്പം കടുത്ത ക്ഷീണവും അനുഭവപ്പെടുന്നതിനാൽ പലർക്കും 5 ദിവസത്തിലേറെ വിശ്രമം വേണ്ട അവസ്ഥയാണ്. ഇതുമൂലം ഓഫിസുകളിലും സ്കൂളുകളിലും ഹാജർ കുറവുണ്ട്.
സാധാരണയായി മേയ്, ജൂൺ മാസങ്ങളിൽ പനി ബാധിതരുടെ എണ്ണം കൂടാറുണ്ടെന്നും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പനി ബാധിച്ചു ഗുരുതര സാഹചര്യമുണ്ടാകുന്നില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടർമാർ പറയുന്നു. പനി ബാധിച്ചവരിൽ ചുമ, ശ്വാസംമുട്ട് തുടങ്ങിയ മറ്റു പ്രശ്നങ്ങൾ സാധാരണയായി കാണുന്നില്ല. എന്നാൽ നേരത്തേ തന്നെ ശ്വാസംമുട്ടുള്ളവർ ശ്രദ്ധിക്കണം.
ഈ മാസം ആദ്യത്തെ 5 ദിവസത്തിൽ മാത്രം പനി ബാധിച്ചു ചികിത്സ തേടിയത് 2918 പേരാണ്. തിങ്കളാഴ്ച മാത്രം 661 പേർ ചികിത്സ തേടി. ഇവരിൽ 32 പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. സാധാരണ പനിക്കൊപ്പം ഡെങ്കിപ്പനിയും കൂടുന്നു. 250 പേർക്ക് ഈ മാസം ഡെങ്കിപ്പനി ബാധിച്ചു. ജനറൽ ആശുപത്രിയിൽ പനി ബാധിച്ചു ചികിത്സ തേടുന്നവർക്കായി 6 മണി വരെ ഒപി പ്രവർത്തിക്കും.
വേനൽ അവസാനം പൊതുവേ പനി കൂടുന്ന പ്രവണതയുണ്ടെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ പറഞ്ഞു. ഇത്തവണ വേനൽ കൂടുതൽ നീണ്ടതു മൂലം അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കൂടി. ഇതുമൂലം നിർജലീകരണം കൂടിയതും ആളുകളിൽ ക്ഷീണമുണ്ടാക്കുന്നുണ്ട്. ഇതിനൊപ്പം പനി ബാധിക്കുന്നതും ക്ഷീണം കൂട്ടുന്നു. നിർജലീകരണം ഒഴിവാക്കാനായി വെള്ളം ധാരാളം കുടിക്കണം. ഉപ്പിട്ട നാരങ്ങ വെള്ളം, മോര്, കഞ്ഞി, കരിക്ക് എന്നിവ കഴിക്കുന്നതു നല്ലതാണ്.
കോവിഡ് വീണ്ടും വരുന്നത് സൂക്ഷിക്കണം
കോവിഡ് ഇപ്പോൾ പൊതുവേ കുറഞ്ഞു നിൽക്കുകയാണെങ്കിലും ചാക്രികമായി വരുന്നതായതിനാൽ ഇനിയും കൂടാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ആവർത്തിച്ചുള്ള അണുബാധയാണു കോവിഡിന്റെ ഇപ്പോഴത്തെ രീതിയെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. 2 വ്യത്യസ്ത ഒമിക്രോൺ വകഭേദം 16 ദിവസത്തിനുള്ളിൽ ഒരാളെ തന്നെ ബാധിച്ചത് അടുത്തിടെ ബ്രസീലിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
യുഎസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത് ആവർത്തിച്ചുള്ള കോവിഡിൽ 15 ശതമാനവും സംഭവിക്കുന്നതു രണ്ടു മാസത്തിനുള്ളിലാണെന്നാണ്. ഇവിടെയും അങ്ങനെ സംഭവിക്കുന്നുണ്ട്. പലപ്പോഴും പനി, വൈറൽ പനിയെന്നൊക്കെയാണ് നമ്മൾ ഇതിനെ വിലയിരുത്തുന്നത്. ആവർത്തിച്ചു കോവിഡ് ബാധയുണ്ടാക്കുന്നവർക്കു ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുണ്ടാകാമെന്നു റിപ്പോർട്ടുകളുണ്ട്. അതിനാൽ തുടർച്ചയായി കോവിഡ് ബാധയുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോ. രാജീവ് പറഞ്ഞു.