ADVERTISEMENT

മൂവാറ്റുപുഴ∙ നൂറു കോടി രൂപ വായ്പ നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു റജിസ്ട്രേഷൻ ഫീസും കമ്മിഷൻ തുകയുമായി കോടികൾ തട്ടിയെടുക്കുന്ന വായ്പ തട്ടിപ്പു സംഘത്തിലെ 2 പേർ പിടിയിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ (47), രാജേഷ് പാണ്ഡ്യൻ (26) എന്നിവരെയാണു എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

100 കോടി വായ്പ നൽകാമെന്നു പറഞ്ഞു തമിഴ്നാട്ടിൽ എത്തിച്ച  മൂവാറ്റുപുഴ സ്വദേശികളായ വ്യാപാരിയെയും ചാർട്ടേഡ് അക്കൗണ്ടന്റിനെയും തട്ടിക്കൊണ്ടു പോയി പൂട്ടിയിട്ട് വീട്ടുകാരിൽ നിന്ന് 1.5 കോടി മോചനദ്രവ്യമായി തട്ടിയെടുത്ത സംഭവത്തിലെ അന്വേഷണത്തിലാണു 2 പേർ പിടിയിലായത്. 50 കോടി രൂപ ആദ്യ ഗഡു വായ്പയായി നൽകാമെന്ന് പറഞ്ഞാണു ഇവരെ തട്ടിപ്പുസംഘം തിരുനെൽവേലിയിൽ എത്തിച്ചത്.

 50 ലക്ഷത്തിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് കാണിച്ച ശേഷം കമ്മിഷൻ തുകയും വായ്പ കരാർ റജിസ്റ്റർ ചെയ്യുന്നതിനുള്ള തുകയും ആവശ്യപ്പെട്ടു. ചാർട്ടേഡ് അക്കൗണ്ടന്റ് ഡിമാൻഡ് ഡ്രാഫ്റ്റ് കണ്ടു സംശയം പ്രകടിപ്പിച്ചതോടെയാണു തട്ടിപ്പു സംഘം ഇവരെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടത്. പിന്നീട് ഇവരുടെ കുടുംബാംഗങ്ങളെ വിളിച്ചു 1.5 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. 

പണം വാങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. വ്യാപാരികളുടെ വേഷത്തിലും മറ്റും ബൈക്കിലും സൈക്കിളിലും കറങ്ങി നടന്നു വിവരങ്ങൾ ശേഖരിച്ചാണു പൊലീസ് ഇവരെ പിടികൂടിയത്. 

ഡിവൈഎസ്പി വി.രാജീവ്, ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐമാരായ ടി.എം.സൂഫി, സന്തോഷ് ബേബി, എഎസ്ഐ ശ്യാം കുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റോണി അഗസ്റ്റിൻ, ജോയി ചെറിയാൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

100 കോടിയിൽ കുറഞ്ഞ കേസില്ല

കുറഞ്ഞതു നൂറു കോടി രൂപയാണ് സംഘം വായ്പയായി വാഗ്ദാനം ചെയ്യുന്നത്. റജിസ്ട്രേഷനും മറ്റുമാണെന്ന് പറഞ്ഞ് രണ്ടു ശതമാനം  ആദ്യം വാങ്ങും. ആധാരം, പ്രോമിസറി നോട്ട്, ചെക്ക് എന്നിവയാണ് റജിസ്ടേഷൻ നടപടികൾക്കായി ആവശ്യപ്പെടുന്നത്. വിശ്വാസ്യത ഉറപ്പുവരുത്താൻ നൂറു കോടി രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കാണിക്കുകയും ചെയ്യും. തമിഴ്നാട്ടിലെ റജിസ്ട്രേഷൻ ഓഫിസിലും ഇവർക്ക് ആളുകളുണ്ട്. 

അവിടെ റജിസ്ട്രേഷൻ നടപടികളുടെ ഭാഗമാണെന്ന് പറഞ്ഞ് ചില കടലാസുകളിൽ ഒപ്പിടുവിച്ച ശേഷം വ്യാജ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി റജിസ്ട്രേഷൻ ഫീസും കമ്മിഷൻ തുകയുമൊക്കെ ആയി രണ്ടു കോടി രൂപ കൈപ്പറ്റി മുങ്ങുകയാണ് ചെയ്യുന്നത്. തട്ടിപ്പു സംഘത്തിനു കൊടുത്ത പണം രേഖാമൂലമുള്ളതല്ലാത്തതിനാൽ പലരും പരാതിയുമായി രംഗത്ത് വരാറില്ല. 

പത്തംഗ സംഘം

പത്തംഗ സംഘമാണ് തട്ടിപ്പിനു പിന്നിലെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. സംഘത്തെ നയിക്കുന്നത് തമിഴ്നാട്ടിലെ സമുദായ നേതാവാണെന്നും സൂചനയുണ്ട്.  നേതാവിന്റെ വീടിനു സായുധ കാവലുണ്ട് എന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. ഈ വീട്ടിൽ ഒളിവിൽ പാർപ്പിച്ചിരുന്ന നടേശനെയും രാജേഷ് പാണ്ഡ്യനെയും ജീവൻ പണയപ്പെടുത്തിയാണു ഉദ്യോഗസ്ഥർ പിടികൂടിയത്. കേരളത്തിൽ തട്ടിപ്പു നടത്താൻ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ െകെകാര്യം ചെയ്തിരുന്നത് തിരുനെൽവേലിയിലെ കുപ്രസിദ്ധനായ റൗഡി കടല രവിയാണെന്ന്  ക്രൈംബ്രാഞ്ച് പറയുന്നു

ഒട്ടേറെ മലയാളികൾ 

പാലക്കാട് ഉള്ള മെഡിക്കൽ കോളജ് വാങ്ങാൻ 500 കോടി വായ്പ വാഗ്ദാനം ചെയ്തതോടെ കേരളത്തിൽ നിന്നുള്ള സംഘം തിരുനെൽവേലിയിൽ എത്തിയിരുന്നു. ഇവർ തട്ടിപ്പു സംഘത്തിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. 10 കോടിയാണു കമ്മിഷൻ ആവശ്യപ്പെട്ടത്. തട്ടിപ്പു സംഘത്തിന്റെ ഇടപെടലിൽ സംശയം തോന്നിയതോടെ പണം ബാങ്കിൽ നിന്ന് പിൻവലിക്കാനെന്ന വ്യാജേന പുറത്തിറങ്ങി ഇവർ രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോടു നിന്നുള്ള ചിലർ  200 കോടി വായ്പ കിട്ടുമെന്ന പ്രലോഭനത്തെ തുടർന്നാണ് തിരുനെൽവേലിയിൽ എത്തിയത്. ഇവരുടെ പണം നഷ്ടപ്പെട്ടെങ്കിലും തമിഴ്നാട് രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന നേതാവുമായി ചർച്ച നടത്തി പണം തിരികെ കിട്ടുന്നതിനുള്ള ശ്രമത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com