ഫ്രഷ് കാളാഞ്ചിയും കരിമീനും വേണോ? അൻപതു കിലോഗ്രാം ഓർഡർ ചെയ്താൽ ജീവനുള്ള മീൻ പുത്തൻവേലിക്കര കക്കമാടൻതുരുത്ത് വലിയപറമ്പിൽ ഷിബു ജില്ലയിൽ എവിടെയും എത്തിക്കും. 1000 ലീറ്റർ വീതം വെള്ളം കൊള്ളുന്ന 2 ടാങ്കുകൾ പിക്കപ് വാനിൽ സജ്ജീകരിച്ച് ഓക്സിജനും വായുസഞ്ചാരവും ഉറപ്പാക്കി ഓരോ ടാങ്കിലും 50 കിലോഗ്രാം വീതം മത്സ്യമാണു കൊണ്ടുപോകുക. കൃഷിയിടത്തിന് 50 കിലോമീറ്റർ ചുറ്റളവിലാണു സൗകര്യപ്രദമായി എത്തിക്കാൻ കഴിയുക. ദൂരം കൂടുമ്പോൾ കൊണ്ടു പോകുന്ന മത്സ്യങ്ങളുടെ എണ്ണം കുറയ്ക്കണം. മത്സ്യവിൽപന കേന്ദ്രങ്ങളിലാണു പ്രധാനമായി നൽകുന്നത്. ജീവനോടെ എത്തിച്ചു കൊടുക്കുമ്പോൾ യാത്രാ ചെലവ് ഉൾപ്പെടെ നിരക്ക് അൽപം കൂടുമെങ്കിലും ആവശ്യക്കാരുണ്ടെന്നു ഷിബു പറയുന്നു.
കേരളത്തിലെ ആദ്യത്തെ കൂടുമത്സ്യ കർഷകരിൽ ഒരാളായ ഷിബു 16 വർഷത്തിലേറെയായി കൂടുമത്സ്യക്കൃഷിയിൽ സജീവമാണ്. തുരുത്തിപ്പുറം – കോട്ടപ്പുറം പാലത്തിനു മുകളിൽ നിന്നു നോക്കിയാൽ പെരിയാറിന്റെ കൈവഴിയായ കാഞ്ഞിരപ്പുഴ കായലിൽ കാണാം ഷിബുവിന്റെ കൂടുമത്സ്യക്കൃഷി. 2 മാസം കൂടുമ്പോൾ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനാൽ ഏതു സമയത്തും വിളവെടുക്കാൻ പാകത്തിനു മത്സ്യങ്ങളുണ്ടാകും. കാളാഞ്ചിയെ ശരാശരി ഒന്നര കിലോഗ്രാം തൂക്കമാകുമ്പോൾ വിൽക്കും. 150 ഗ്രാം തൂക്കം വയ്ക്കുമ്പോൾ മുതൽ കരിമീനെ പിടിച്ചു തുടങ്ങും.
നല്ല വെള്ളവും തീറ്റയും ഉണ്ടെങ്കിലേ കൂട്ടിൽ വളരുന്ന മത്സ്യങ്ങൾക്കു രുചിയുണ്ടാകൂ. നന്ദൻ, ചെമ്മീൻ, ചാള തുടങ്ങിയ മത്സ്യങ്ങളാണു തീറ്റയായി നൽകുക. പലതരം മീനുകളെ മാറി മാറി കൊടുക്കുമ്പോഴാണു രുചി വർധിക്കുക. പുഴയിൽ മത്സ്യങ്ങൾ സ്വാഭാവികമായി കഴിക്കുന്നതിനോട് ഏകദേശം അടുത്തു നിൽക്കുന്ന ഭക്ഷണമാണു നൽകേണ്ടത്. മീൻ കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഗുണമേന്മയുള്ള പെല്ലറ്റ് തീറ്റ നൽകും. ഒരിക്കൽ പോലും കോഴിക്കുടൽ കൊടുത്തിട്ടില്ല. ഇതു കൊടുത്താൽ മത്സ്യത്തിന്റെ വളർച്ച കൂടുതലായിരിക്കുമെങ്കിലും രുചിയുണ്ടാകില്ലെന്നു ഷിബു പറഞ്ഞു. ഷിബുവിന്റെ നമ്പർ: 98472 44604.