കൊച്ചി ∙ പാലാരിവട്ടത്തു മദ്യലഹരിയിൽ ബൈക്ക് ഇടിച്ചു വീഴ്ത്തി നായയുമായി റോഡിലിറങ്ങി എസ്‌യുവി ഡ്രൈവറുടെ കോലാഹലം. ഞായറാഴ്ച അർധ രാത്രിയിലാണു സംഭവം. വാഹന പരിശോധനയിൽ 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്നു കാക്കനാട് സ്വദേശി ആശിഷ് തോമസിനെ (26) അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. വാഹനത്തിലിരുന്നു വലിച്ചെറിഞ്ഞ ബീയർ കുപ്പിയിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരൻ ഇതു ചോദ്യം ചെയ്തതോടെയാണു പ്രശ്നത്തിന്റെ തുടക്കം.
യുവാവ് വാഹനം നിർത്തി പുറത്തിറങ്ങി. കൂടെ വളർത്തു നായയും. അപകടം മണത്ത ബൈക്ക് യാത്രക്കാരൻ പിൻവാങ്ങി. തുടർന്നു ബൈക്ക് കുറച്ചു മുന്നിലേക്കു മാറ്റിനിർത്തി. ഇതിനിടെ പിന്നാലെ വാഹനത്തിലെത്തിയ യുവാവ് ബൈക്ക് ഇടിച്ചു വീഴ്ത്തി. ഇതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ തടഞ്ഞുവച്ചു. തുടർന്നു പാലാരിവട്ടം പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് എത്തിയിട്ടും യുവാവ് അഭ്യാസങ്ങൾ തുടർന്നു. യുവാവിന്റെ ബന്ധുക്കളെത്തി വളർത്തു നായയെ കൊണ്ടു പോയി. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. മദ്യപിച്ചു വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.