ADVERTISEMENT

വൈപ്പിൻ∙ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുൻപേ തന്നെ മത്സ്യബന്ധന ബോട്ടുകൾ കരയിലേക്ക്. മീൻ ലഭ്യത കുറവായതാണ് നേരത്തെ തന്നെ മടങ്ങാൻ ബോട്ടുകളെ പ്രേരിപ്പിക്കുന്നത്. ഭൂരിഭാഗം ബോട്ടുകളിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളും നാട്ടിലേക്കു പോയിത്തുടങ്ങി.

വലുപ്പം കുറഞ്ഞ കിളിമീൻ, തിരിയാൻ തുടങ്ങിയ മത്സ്യങ്ങളാണ് കുറച്ചു നാളായി ലഭിക്കുന്നത്. കുറഞ്ഞ തോതിൽ ലഭിക്കുന്നതിനാൽ ഇന്ധനച്ചെലവിനുള്ള പണം പോലും ലഭിക്കാത്ത സ്ഥിതി പല ബോട്ടുകളും നേരിട്ടിരുന്നു. സാധാരണ ഗതിയിൽ ട്രോളിങ് നിരോധനത്തിനു മുൻപുള്ള ദിവസങ്ങളിൽ കഴിയുന്നത്ര മീൻ പിടിച്ചെടുത്ത് കൈനിറയെ പണവുമായി നാട്ടിലേക്കു മടങ്ങാനാണ് തൊഴിലാളികൾ ശ്രമിക്കുക. എന്നാൽ ഇത്തവണ നിരാശയിലാണ് പലരുടെയും മടക്കയാത്ര. 

അതേസമയം 9 മുതൽ ജൂലൈ 31 വരെയുള്ള ട്രോളിങ് നിരോധനം ജില്ലയിൽ കർശനമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടം ഒരുക്കം തുടങ്ങി. വൈപ്പിനു പുറമേ മുനമ്പത്തും ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുമെന്ന് കലക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. 

കേരള തീരങ്ങളിൽ കിടക്കുന്ന ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിങ്  നിരോധനത്തിന് മുൻപ് തന്നെ തീരം വിട്ടു പോകുന്നുണ്ടെന്ന്  ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണം. ചെറുമത്സ്യ ബന്ധനത്തിനെതിരെ കർശന നടപടി സ്വീകരിക്കും. നിയമാനുസൃത കണ്ണി വലിപ്പമുള്ള വലകൾ മാത്രമേ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കാൻ പാടുള്ളു. 

മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിലേക്കും ലാൻഡിങ്  സെന്ററുകളിലേക്കും പ്രവേശിക്കുമ്പോൾ സുരക്ഷിതമായ വേഗം പാലിക്കണം. സൗജന്യ റേഷൻ വിതരണത്തിന് ജില്ലാ സപ്ലൈ ഓഫിസർക്ക് നിർദേശം നൽകി. ട്രോളിങ് നിരോധന സമയത്ത് കടലിൽ പോകുമ്പോൾ മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ് കയ്യിൽ കരുതണം. നിരോധന സമയത്ത് കടലിൽ പോകുന്ന വലിയ വള്ളത്തിനോടൊപ്പം  ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. 

സിഐഎഫ്എൻഇടി, സിഎംഎഫ്ആർഐ, സിഐആർഎഫ് എന്നീ സ്ഥാപനങ്ങളുടെ ഗവേഷണ യാനങ്ങൾക്ക് ട്രോളിങ് നിരോധന  കാലയളവിൽ ഇളവ് അനുവദിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com