ADVERTISEMENT

കൊച്ചി∙മഹാരാജാസ് കോളജിന്റെ വ്യാജരേഖ ചമച്ച് ജോലിക്കു ശ്രമിച്ച എസ്എഫ്െഎ നേതാവ് കെ. വിദ്യയ്ക്കെതിരായ അന്വേഷണം ചർച്ചകൾക്കൊടുവിൽ കൊച്ചി പൊലീസിന്. പ്രവേശനത്തിനു ശ്രമിച്ചത് അട്ടപ്പാടി കോളജിലായിരുന്നതിനാൽ കേസ് അഗളി പൊലീസിനു െകെമാറുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും അതു മാറ്റി എറണാകുളം സെൻട്രൽ പോലീസിനാണ് അന്വേഷണച്ചുമതലയെന്നും എസിപി നേതൃത്വം നൽകുമെന്നും അധികൃതർ അറിയിച്ചു.

പിഎച്ച്ഡി പ്രവേശനത്തിലും വിവാദം

കെ.വിദ്യയ്ക്കു സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം ലഭിച്ചതിലും വിവാദമുയർന്നു. എംഫിൽ പഠനസമയത്തു സംസ്കൃത സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന വിദ്യ നിലവിൽ മലയാള വിഭാഗത്തിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. സംവരണ ചട്ടങ്ങൾ അട്ടിമറിച്ചാണ് വിദ്യയ്ക്കു പിഎച്ച്ഡി പ്രവേശനം നൽകിയതെന്ന ആരോപണം മുൻപേ ഉയർന്നിരുന്നു. 2019 ഡിസംബറിലായിരുന്നു പിഎച്ച്ഡി പ്രവേശന പരീക്ഷ. 10 പേർക്കായിരുന്നു പ്രവേശനം. പ്രവേശന പരീക്ഷയിൽ ഒന്നാമതെത്തിയെങ്കിലും റിസർച് കമ്മിറ്റി പ്രസിദ്ധീകരിച്ച അവസാന ലിസ്റ്റിൽ വിദ്യയുടെ പേര് ഇല്ലായിരുന്നു. കമ്മിറ്റിക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രൊപ്പോസൽ പരിഗണിച്ചാണ് അവസാന റാങ്ക് ലിസ്റ്റ്. പിന്നീട് ജൂനിയർ റിസർച് ഫെലോഷിപ്പുള്ള 3 പേരെയും അതില്ലാത്ത വിദ്യ ഉൾപ്പെടെ 2 പേരെയും സൂപ്പർ ന്യൂമറിയായി ഉൾപ്പെടുത്തി 15 പേർക്കു പ്രവേശനം നൽകാൻ റിസർച് കമ്മിറ്റിയുടെ അംഗീകാരത്തോടെ വകുപ്പ് അധ്യക്ഷൻ സർവകലാശാലയ്ക്കു ശുപാർശ നൽകി.

സർവകലാശാല ആദ്യം അത് അംഗീകരിച്ചില്ല. നോട്ടിഫൈ ചെയ്ത സീറ്റുകൾക്കു പുറമേ നല്ല പ്രൊപ്പോസൽ അവതരിപ്പിക്കുന്ന വിദ്യാർഥികൾക്കു ജൂനിയർ റിസർച് ഫെലോഷിപ്പ് ഉണ്ടെങ്കിൽ സൂപ്പർ ന്യൂമറിയായി പ്രവേശനം നൽകാം എന്ന വകുപ്പു മേധാവിയുടെ വിശദീകരണത്തെത്ത‌ുടർന്നു ജൂനിയർ റിസർച് ഫെലോഷിപ്പുള്ള 3 വിദ്യാർഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സർവകലാശാല പിന്നീട് തീരുമാനിച്ചു. ഇതോടെ കെ.വിദ്യ ഹൈക്കോടതിയെ സമീപിച്ചു. എഴുത്തു പരീക്ഷയിൽ ഒന്നാം റാങ്കുള്ള തനിക്ക് ആ മാർക്കുകൂടി പരിഗണിച്ച് പിഎച്ച്ഡി പ്രവേശനം നൽകണമെന്നായിരുന്നു ആവശ്യം. വിദ്യയുടെ അപേക്ഷ പരിഗണിക്കണമെന്നും ഇതു സംബന്ധിച്ചു പരാതിക്കാരിയെ വിവരം ധരിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവ് നൽകി.

സർവകലാശാലയുടെ നടപടിയിൽ പരാതിക്കാരി തൃപ്തയല്ലെങ്കിൽ‍ നിയമാനുസൃതമായി തർക്ക പരിഹാരം ഉണ്ടാക്കണമെന്നും നിർദേശിച്ചു. തുടർന്നു വിദ്യ ഉൾപ്പെടെ 15 പേർക്കു പിഎച്ച്ഡിക്കു പ്രവേശനം നൽകുകയായിരുന്നു. സംവരണ ചട്ടങ്ങൾ അട്ടിമറിച്ചെന്ന ദലിത് വിദ്യാർഥിസംഘടനകളുടെ പരാതി അന്വേഷിക്കാൻ സർവകലാശാല എസ്‌സി-എസ്ടി സെല്ലിനെ നിയോഗിച്ചു. ആരോപണം ശരിവയ്ക്കുന്നതായിരുന്നു അന്വേഷണ റിപ്പോർട്ട്. 5 പേർക്കു പ്രവേശനം നൽകുമ്പോൾ ഒരാൾ എസ്‌‌സി-എസ്ടി പ്രതിനിധിയായിരിക്കണമെന്ന ചട്ടം പാലിച്ചില്ലെന്നായിരുന്നു കണ്ടെത്തൽ.

കണ്ടെത്തിയത് മുൻ അധ്യാപിക

വിദ്യയുടെ വ്യാജരേഖകൾ കണ്ടുപിടിച്ചത് മഹാരാജാസിലെ മുൻ അധ്യാപിക. അട്ടപ്പാടി ഗവ.കോളജിലെ മലയാളം വകുപ്പിലെ 2 ഒഴിവുകളിലേക്കാണു ജൂൺ രണ്ടിന് അഭിമുഖം നടത്തിയത്. 7 ഉദ്യോഗാർഥികൾ ഹാജരായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലെ മുൻ അധ്യാപിക കൂടിയാണ് അട്ടപ്പാടി ഗവ.കോളജിലെ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന പ്രഫ.ലാലി വർഗീസ്.മഹാരാജാസിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കെ.വിദ്യ ഹാജരാക്കിയെങ്കിലും ഇന്റർവ്യ‌ൂ ബോർഡിന് ഇതിൽ സംശയം തോന്നി. ബോർഡ് നിർദേശപ്രകാരം മഹാരാജാസിലെ മലയാളം വകുപ്പിലെ അധ്യാപകരെ വിളിച്ച് ഗെസ്റ്റ് നിയമനങ്ങൾ നടന്നിരുന്നോയെന്നു അന്വേഷിക്കുകയും ചെയ്തു. കഴിഞ്ഞ 10 വർഷമായി നിയമനങ്ങൾ നടന്നിട്ടില്ലെന്ന അറിവിന്റെ അടിസ്ഥാനത്തിൽ പ്രഫ.ലാലി വർഗീസ് കെ.വിദ്യയുടെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നു പരിശോധിക്കണമെന്നാവശ്യപ്പെട്ടു മഹാരാജാസിലേക്ക് ഇമെയിൽ അയച്ചു. സർട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു കോളജിൽ നിന്നുള്ള മറുപടി.

ഗൂഢാലോചന അന്വേഷിക്കണമെന്ന് എം.വി.ഗോവിന്ദൻ 

പാലക്കാട് ∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷേ‍ാ എഴുതാത്ത പരീക്ഷയിൽ ജയിച്ചെന്ന് ആരേ‍ാപിച്ചതിനും അത്തരത്തിൽ രേഖ പ്രചരിപ്പിച്ചതിനും പിന്നിൽ ഗൂഢാലേ‍ാചനയുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗേ‍ാവിന്ദൻ പറഞ്ഞു. ഏതു തരത്തിലുളള ഗൂഢാലേ‍ാചനയാണെന്നു വിശദമായി പരിശേ‍ാധിച്ച്, കുറ്റക്കാരെ കണ്ടെത്തണം. എസ്എഫ്ഐയെ പെ‍ാതുജനമധ്യത്തിൽ മോശമാക്കാൻ  നടക്കുന്ന ബേ‍ാധപൂർവമായ ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം ആരേ‍ാപണം. എസ്എഫ്ഐ നേതാവ് വിദ്യാ വിജയൻ വ്യാജരേഖ ചമച്ചു ജേ‍ാലി നേടിയിട്ടുണ്ടെങ്കിൽ അതു കൃത്യമായി അന്വേഷിക്കണമെന്നും തെറ്റായ പ്രവർത്തനം നടത്തുന്ന ആരെയും സംരക്ഷിക്കില്ലെന്നും എം.വി.ഗേ‍ാവിന്ദൻ പറഞ്ഞു.

കെ.വിദ്യയെ ‌പുറത്താക്കണ‌ം: പരാതി നൽകി

കാലടി∙ സംവരണ ചട്ടങ്ങൾ മറികടന്നു സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡിക്കു പ്രവേശനം നേടിയ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ പ‌ുറത്താക്കണമെന്നും സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് സർവകലാശാലയിലെ മുൻ സിൻഡിക്കറ്റ് അംഗവും യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ലിന്റോ പി.ആന്റു ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വൈസ് ചാൻസലർക്കും പരാതി നൽകി. സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ 2 വകുപ്പ് മേധാവികൾക്കു രാജിവച്ചു പോകേണ്ടി വന്നു. ഇതോടൊപ്പമാണ് പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT