അമ്മയിൽ അംഗത്വത്തിന് തിരക്ക്, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ അപേക്ഷകർ; കടമ്പകൾ ഇവ..
Mail This Article
കൊച്ചി ∙താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ യുവതാരങ്ങളുൾപ്പെടെയുള്ളവരുടെ തിരക്ക്. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ തുടങ്ങി പ്രശസ്തരുൾപ്പെടെ 22 പേരാണ് അമ്മ അംഗത്വത്തിന് അപേക്ഷിച്ചിരിക്കുന്നത്. സംഘടനകളിൽ അംഗത്വമുള്ളവരുമായി മാത്രമേ സിനിമയുടെ എഗ്രിമെന്റ് ഒപ്പിടുകയുള്ളൂവെന്ന നിർമാതാക്കളുടെ സംഘടനകളുടെ നിലപാടിനു ശേഷമാണ് കൂടുതൽ അപേക്ഷകൾ എത്തിയത്. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായുണ്ടായ പ്രശ്നങ്ങൾക്കു ശേഷമാണ് നിർമാതാക്കൾ നിലപാട് കടുപ്പിച്ചത്. ശ്രീനാഥ് ഭാസിയുടെ അംഗത്വ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. എന്നാൽ ഷെയ്ൻ നിഗമിന്റെ വിലക്കുനീങ്ങാനുള്ള വഴിതെളിഞ്ഞുവരികയാണ്. ഇക്കാര്യത്തിൽ ‘അമ്മ’യും ഒപ്പമുണ്ട്.
അമ്മയുടെ നിയമാവലിയനുസരിച്ച് അപേക്ഷ ലഭിച്ചാൽ എക്സിക്യൂട്ടീവിൽ എല്ലാവരുടെയും അനുമതി ലഭിച്ചാൽ മാത്രമേ അംഗത്വത്തിന് പ്രാഥമികാനുമതി നൽകൂ. ഇത് പിന്നീട് ജനറൽ ബോഡിയിലും അവതരിപ്പിക്കും. 22 പേരുടെ അപേക്ഷകളിൽ 12 പേരുടെ അപേക്ഷയ്ക്ക് എക്സിക്യൂട്ടീവ് അനുമതി നൽകി. 2,05,000 രൂപയാണ് അമ്മയുടെ അംഗത്വ ഫീസ്. ഇതിൽ 36,000 രൂപ ജിഎസ്‌ടിയാണ്. കോവിഡിനുശേഷം ആദ്യമായാണ് അമ്മ അംഗത്വം നൽകുന്നത്. 493 പേരാണ് അമ്മയിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. 3 വർഷത്തിനിടെ 8 പേർ മരിച്ചു.
സിനിമയിൽ ‘പോപ്പുലറായ മുഖം’ എന്നതാണ് അംഗത്വം നൽകുന്നതിനുള്ള അനൗദ്യോഗികമായ മാനദണ്ഡം. രണ്ടോ മൂന്നോ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തവരും അംഗത്വത്തിന് പതിവായി അപേക്ഷ നൽകാറുണ്ടെങ്കിലും എക്സിക്യൂട്ടീവ് അനുമതി നൽകിയിരുന്നില്ല. സിനിമയിൽ മുഖം കാണിച്ചിട്ടുള്ള ചില വ്യവസായികളും അമ്മ അംഗത്വത്തിന് അപേക്ഷിക്കാറുണ്ടായിരുന്നു. അടുത്തിടെ മരിച്ച ഒരു വ്യവസായ പ്രമുഖൻ അമ്മയിൽ അംഗമാകാൻ 10 തവണ അപേക്ഷ നൽകിയ ചരിത്രമുണ്ട്. 120 അംഗങ്ങൾക്ക് അമ്മ പ്രതിമാസം 5,000 രൂപ കൈനീട്ടം നൽകുന്നുണ്ട്.