ജല അതോറിറ്റിയുടെ ഭൂമിയിൽ വീടു നിർമിക്കാൻ അനുമതി; മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന് എതിരായ ഹർജി തള്ളി
Mail This Article
മൂവാറ്റുപുഴ∙ ജല അതോറിറ്റി വില കൊടുത്ത് ഏറ്റെടുത്ത ഭൂമിയിൽ വീടു നിർമിക്കാൻ അനുമതിയും പണവും നൽകി എന്നാരോപിച്ചു മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവർക്ക് എതിരെ നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി. ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തള്ളിയത്. വ്യക്തമായ തെളിവുകളിൽ ഇല്ലാതെയാണു ഹർജിക്കാരനായ ഗിരീഷ് ബാബു കോടതിയെ സമീപിച്ചതെന്നും ചൂണ്ടിക്കാട്ടി.
കളമശേരി നഗരസഭയിൽ പള്ളിലാംകര ഭാഗത്ത് പരപ്പത്ത് കോളനിയിൽ കേരള ജല അതോറിറ്റി വക ഭൂമിയിൽ 5 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ അനുമതിയും വീടു നിർമിക്കാൻ തുകയും അനുവദിച്ചതു ക്രമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു ഗിരീഷ് ബാബു വിജിലൻസ് കോടതിയെ സമീപിച്ചത്.
ആലുവ – എറണാകുളം പൈപ്പ് ലൈൻ റോഡിനോടു ചേർന്നുള്ള ഭൂമിയിൽ പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അതോറിറ്റി വില കൊടുത്ത് ഏറ്റെടുത്ത ഭൂമിയാണിത്. 2015ൽ നൽകിയ ഹർജിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വീടു നിർമിക്കുന്നതിനു ഭൂമി നൽകിയതു സർക്കാരാണെന്നും മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയതിനു തെളിവുകളില്ലെന്നും വ്യക്തമാക്കിയാണു കോടതി ഹർജി തള്ളിയത്.