കളമശേരി കാർഷികോത്സവം ആറ്റിപ്പുഴ പദ്ധതിക്ക് പൂർണ പിന്തുണ: മന്ത്രി റിയാസ്
Mail This Article
കളമശേരി ∙ മണ്ഡലത്തിൽ വിഭാവനം ചെയ്തിട്ടുള്ള ആറ്റിപ്പുഴ ഇക്കോ വില്ലേജ് ടൂറിസം പദ്ധതിക്കു ടൂറിസം വകുപ്പ് പൂർണ പിന്തുണ നൽകുമെന്നു മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. എത്രയും വേഗം പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി പ്രാരംഭ ഫണ്ട് നൽകാൻ ടൂറിസം വകുപ്പ് തയാറാണെന്നും മന്ത്രി അറിയിച്ചു. കളമശേരി കാർഷികോത്സവത്തിൽ ‘സമഗ്ര സംയോജിത സുസ്ഥിര കൃഷിയും ടൂറിസവും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യുസി കോളജിനു സമീപം ആറ്റിപ്പുഴ ദ്വീപ് കേന്ദ്രീകരിച്ചാണ് പദ്ധതി ഒരുക്കുന്നത്. ഫാം ടൂറിസവും ഹെറിറ്റേജ് ടൂറിസവുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി തയാറാക്കുന്നത്.ടൂറിസവും കൃഷിയും യോജിച്ചുപോകേണ്ടത് അത്യാവശ്യമാണ്. പരസ്പര ബന്ധിതമായ 2 മേഖലകളാണ്. അനുഭവേദ്യ ടൂറിസത്തിന്റെ കാലമാണ്. ഇത് പുതിയ ട്രെൻഡായി മാറിയിരിക്കുകയാണ്. ഏറ്റവും സാധ്യതയുള്ള മേഖലയാണ് കാർഷികമേഖല. സഞ്ചാരികൾക്ക് കാഴ്ച മാത്രം പോരാ, അത് അനുഭവിക്കുകയും വേണം. കേരളത്തിലേക്കു വരുന്ന ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 2022ൽ റെക്കോർഡ് വർധനയാണുണ്ടായത്. 2023ലും ഇതു മറികടക്കും.
ഫാം ടൂറിസം പദ്ധതിക്കു സർക്കാർ പ്രാധാന്യം നൽകുന്നു. 5 മേഖലകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 102 കേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷൻ നേരിട്ടു നടത്തുന്ന ഫാം ടൂറിസം പാക്കേജുകളിൽ ഈ യൂണിറ്റുകളെ ഉൾപ്പെടുത്തും. കേരള അഗ്രി ടൂറിസം നെറ്റ്‌വർക് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ഈ മാസം നിലവിൽ വരും. കാർഷിക വൃത്തിക്കു തടസ്സമില്ലാതെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾ കൃഷിയിടങ്ങളിൽ ഒരുക്കുകയെന്നതാണു ലക്ഷ്യം. കാർഷികവൃത്തി നയിക്കുമ്പോൾ തന്നെ അധികവരുമാനം ലഭിക്കും.
കാർഷിക മേഖലയിലെ ഉൽപന്നങ്ങൾ നേരിട്ട് ഹോട്ടലുകളിലും മറ്റും നൽകാൻ കഴിയുന്ന സംവിധാനവും വ്യാപകമാക്കും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടാനും ഇതു വഴിയൊരുക്കും. ടൂറിസത്തെ ജനകീയമാക്കുകയാണു ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. കാസിനോ ഗ്രൂപ്പ് ചെയർമാൻ ജോസ് ഡൊമിനിക്, കുഫോസ് വൈസ്ചാൻസലർ പ്രദീപ്കുമാർ, കുസാറ്റ് വൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരൻ, രൂപേഷ് കുമാർ, എം.കെ.ബാബു എന്നിവർ പ്രസംഗിച്ചു.
ഷെഫ് പിള്ളയുടെ കാളാഞ്ചി നിർവാണ
കാർഷികോത്സവത്തിലെ ഭക്ഷ്യമേളയിൽ പ്രശസ്ത പാചക വിദഗ്ധൻ ഷെഫ് പിള്ളയുടെ കൈപ്പുണ്യം രുചിച്ചറിയാൻ നാളെ അവസരം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 8വരെ കാളാഞ്ചി നിർവാണയും പൊക്കാളി പാലപ്പവും ഷെഫ് പിള്ള തയാറാക്കി നൽകും. കളമശേരിയിലെ കാർഷികോൽപന്നങ്ങൾ ഉപയോഗിച്ചാണ് വിഭവങ്ങൾ തയാറാക്കുന്നത്. 2 കോംപോ പ്ലാനുകളാണ് ഉള്ളത്. പൊക്കാളി അപ്പം, ഫിഷ് നിർവാണ, പൊക്കാളി പായസം അടങ്ങിയ കോമ്പോ പ്ലാനിന് 390 രൂപയാണ് നിരക്ക്. പൊക്കാളി അപ്പം, മുട്ട റോസ്റ്റ്, പൊക്കാളി പായസം എന്നിവയടങ്ങിയ കോംപോ പ്ലാനിന് 250 രൂപ നൽകണം. മുൻകൂട്ടി ബുക്ക് ചെയ്യണം. 62825 72269 .
ഖാദി, കൈത്തറി സ്റ്റാളുകൾ
കാർഷികോത്സവത്തിൽ വസ്ത്രവൈവിധ്യമൊരുക്കി ഖാദി, കൈത്തറി സ്റ്റാളുകൾ. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. കുന്നുകര ഖാദി റെഡിമെയ്ഡ് യൂണിറ്റിൽ ഉൽപാദിപ്പിക്കുന്ന പാപ്പിലിയൊ ബ്രാൻഡ് വസ്ത്രങ്ങളും വില്ലേജ് ഇൻഡസ്ട്രി ഉൽപന്നമായ ജവാദ്, നേര്യമംഗലത്ത് ഉൽപാദിപ്പിക്കുന്ന തേനും സ്റ്റാളിൽ ലഭ്യമാണ്. വസ്ത്രങ്ങളുടെ പ്രദർശന വിപണനത്തിനൊപ്പം തുണികൾ നെയ്യുന്നതിന്റെ മാതൃകയും നെയ്ത്ത് ഉപകരണങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രാദേശികമായി വികസിപ്പിച്ച ഉൽപന്നങ്ങളുടെ 40 സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്.
താരമായി രാമശേരി ഇഡ്ഡലി
കാർഷികോത്സവത്തിൽ രാമശേരി ഇഡ്ഡലി പ്രശംസ പിടിച്ചുപറ്റി. സാധാരണ രീതിയിൽ നിന്നു വ്യത്യസ്തമായി മൺകലങ്ങളിൽ തയാറാക്കുന്ന രാമശേരി ഇഡ്ഡലിയുടെ രുചിയറിയാൻ ധാരാളം പേരെത്തി. പാലക്കാട് – കോയമ്പത്തൂർ ദേശീയപാതക്കു സമീപം രാമശേരി ഗ്രാമത്തിൽ നിന്നു ലോകത്തിന്റെ തീൻ മേശയിലെത്തിച്ച പെരുമയാണു രാമശേരി ഇഡ്ഡലിക്കുള്ളത്.
കാർഷികോത്സവം ഇന്ന്
കളമശേരി കാർഷികോത്സവത്തിൽ ഇന്ന് 10ന് കൃഷിക്കൊപ്പം കളമശേരിയും തദ്ദേശഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ്, അധ്യക്ഷൻ പി.രാജീവ്, 12.30ന് ജൈവ കർഷക–ചെറുധാന്യ കർഷക സംഗമം. 6ന് മണ്ഡലത്തിൽ നിന്നുള്ള കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, 7ന് രാജേഷ് ചേർത്തല, ബിജു മല്ലരി എന്നിവർ നയിക്കുന്ന ഫ്യൂഷൻ. ഭഷ്യമേളയിൽ അട്ടപ്പാടി വനസുന്ദരി, സോലെ മിലൻ വിഭവങ്ങൾ.