ADVERTISEMENT

തൃപ്പൂണിത്തുറ ∙ ആദർശ രാഷ്ട്രീയം മരിച്ചെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സമുദായങ്ങളിലുള്ളവർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ മന്ത്രി സ്ഥാനങ്ങളിലെത്തുകയും  ശക്തി കേന്ദ്രങ്ങളാവുകയും ചെയ്തപ്പോൾ ഈഴവ സമുദായത്തിലുള്ളവർ തൊഴിലുറപ്പു തൊഴിലാളികളായാണു മാറിയത്. സംഘടിത മത ശക്തികളും സമൂഹ ശക്തികളും വോട്ട് ബാങ്കായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും ജാതിയുടെയും മതത്തിന്റെയും വിദ്വേഷത്തിന്റെയും അംശങ്ങൾ കാണാനാവും. രാഷ്ട്രീയപരമായി സമുദായം അന്യംനിന്നു കൊണ്ടിരിക്കുകയാണ്. എസ്എൻഡിപി യോഗത്തെത്തെയും എൻഎസ്എസിനെയും  തകർക്കാനാണു ചിലരുടെ ശ്രമം. ജനാധിപത്യം മതാധിപത്യത്തിനു കീഴടങ്ങിയപ്പോൾ പിന്നാക്ക സമുദായങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുന്ന ദുരവസ്ഥ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.  

കോൺഗ്രസിൽ കെ. ബാബു മാത്രമാണു സമുദായത്തിൽപെട്ട എംഎൽഎയെന്ന് അദ്ദേഹത്തെ വേദിയിലിരുത്തി വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ ചെയർമാൻ എൽ. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. കെ. ബാബു എംഎൽഎ, നഗരസഭാധ്യക്ഷ രമ സന്തോഷ്, ഉപാധ്യക്ഷൻ കെ.കെ. പ്രദീപ് കുമാർ, എസ്എൻഡിപി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, യൂണിയൻ അംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, എൽ. സന്തോഷ്, വിനോദ് വേണുഗോപാലൻ, ദിവ്യ സുബീഷ്, ദേവിക രാജേഷ്, റെജി വേണുഗോപാൽ, സി.വി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. 

എസ്എൻഡിപി കണയന്നൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ശാഖാ പ്രവർത്തകർ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം, കുമാരി സംഘം, കുടുംബ യൂണിറ്റുകൾ, മൈക്രോ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ  ചതയം  ഘോഷയാത്ര നടത്തി. കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. എസ്എൻ ജംക്‌ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി സ്റ്റാച്യു ജംക്‌ഷനിൽ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT