ADVERTISEMENT

പറവൂർ ∙ കരുമാലൂർ സ്വദേശിയിൽ നിന്നു പണം വാങ്ങിയിട്ടും നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ശരണാലയത്തിലെ അന്തേവാസികൾക്കു സദ്യ നൽകാതിരുന്നതു വിവാദമായി. പിതാവിന്റെ രണ്ടാം ശ്രാദ്ധദിനമായ 10നു ശരണാലയത്തിലെ അന്തേവാസികൾക്കു സദ്യ നൽകാൻ കരുമാലൂർ സ്വദേശി 3,500 രൂപ നൽകി രസീത് കൈപ്പറ്റിയിരുന്നു. ശരണാലയത്തിലെ കെയർടേക്കറാണ് പണം വാങ്ങി രസീത് നൽകിയത്. പണം കൊടുത്തയാൾ 10ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണു സദ്യ ഇല്ലെന്നറിഞ്ഞത്. നഗരസഭ ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു പണം നൽകിയയാൾ നഗരസഭ സെക്രട്ടറിക്കു രേഖാമൂലം പരാതി നൽകി.

ശരണാലയത്തിൽ നടന്ന സംഭവം ഇന്നലെ നടന്ന നഗരസഭ കൗൺസിലിലും ചർച്ചയായി.  നഗരസഭ നേരിട്ടു നടത്തുന്ന ശരണാലയത്തിൽ ഉണ്ടായ സംഭവം നഗരസഭയ്ക്ക് അപമാനമുണ്ടാക്കിയെന്നു പ്രതിപക്ഷകക്ഷി നേതാവ് ടി.വി.നിഥിൻ പറഞ്ഞു. ശരണാലയത്തിൽ 8 അന്തേവാസികളുണ്ട്. വീടുകളിൽ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി പലരും ഇവർക്കു സദ്യ നൽകാൻ പണം ഏൽപിക്കാറുണ്ട്. പണം മുടക്കുന്ന പലരും സദ്യ നടക്കുന്ന സമയത്തു വരാറില്ല. കഴിഞ്ഞ ദിവസം നടന്ന സംഭവം നഗരസഭയെയും ശരണാലയത്തെയും സംശയത്തിന്റെ നിഴലിലാക്കി.അന്തേവാസികൾക്കു വേറൊരു ദിവസം സദ്യ കൊടുക്കാമെന്നു പണം നൽകിയ വ്യക്തിയോട്  നഗരസഭാധികൃതരും കെയർടേക്കറും പറഞ്ഞിരുന്നു. അതു വേണ്ട, പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദ്യം കൊടുക്കില്ലെന്നു പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

പരാതിയുമായി പോകുമെന്നു പറഞ്ഞപ്പോഴാണു തിരികെ നൽകാമെന്നു സമ്മതിച്ചതെന്നു ടി.വി.നിഥിൻ പറഞ്ഞു. ശരണാലയത്തിന്റെ പേരിൽ പണം ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സദ്യയും മറ്റും നൽകുന്നതിനുള്ള പണം നഗരസഭയിൽ അടയ്ക്കുന്ന സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട നിഥിൻ ശരണാലയത്തിനായി നഗരസഭ രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റി ഇതുവരെ കൂടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.എന്നാൽ, കെയർടേക്കറുടെ വീഴ്ചയാണു സദ്യ മുടക്കിയതെന്നു പറഞ്ഞു തടിതപ്പുകയാണു നഗരസഭാധികൃതർ. സദ്യ നൽകേണ്ട വിവരം പറയാൻ കെയർടേക്കർ മറന്നുപോയെന്നാണു വിശദീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT