മൂത്തകുന്നം ഗവ.എൽപിജി സ്കൂൾ വാടക വീട്ടിലേക്കു തന്നെ
Mail This Article
വടക്കേക്കര ∙ മൂത്തകുന്നം ഗവ.എൽപിജി സ്കൂൾ താൽക്കാലികമായി വാടക വീട്ടിലേക്കു തന്നെ മാറ്റുമെന്ന് ഏകദേശം ഉറപ്പായി. മറ്റു മാർഗമില്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്ഥലപരിശോധന നടത്തി അംഗീകാരം കൊടുക്കാനാണു സാധ്യത. എന്നാൽ, ഒരു വീട്ടിൽ മാത്രം മതിയായ സൗകര്യം ലഭിക്കുമോയെന്ന സംശയത്താൽ മറ്റൊരു വീടു കൂടി നോക്കുന്നുണ്ട്. മടപ്ലാതുരുത്തിൽ കണ്ടെത്തിയ വീട്ടിൽ 5 മുറികളുണ്ടെങ്കിലും പോരാതെ വരുമെന്ന നിഗമനമാണു വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക്.
അതിനാൽ, സമീപത്തെ മറ്റൊരു വീടു കൂടി ലഭ്യമാക്കാൻ ശ്രമിക്കുന്നതായാണു സൂചന. പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ എൽപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള രണ്ടാമത്തെ സ്കൂളാണു മൂത്തകുന്നം ഗവ.എൽപിജി സ്കൂൾ. എൽകെജി മുതൽ 4–ാം ക്ലാസ് വരെ 110 വിദ്യാർഥികളുണ്ട്. ഒന്നു മുതൽ 4–ാം ക്ലാസ് വരെ 4 ഡിവിഷനുകൾക്കു 4 മുറികൾ വേണം. കൂടാതെ, പ്രീ–പ്രൈമറി വിദ്യാർഥികൾ വേറെയുമുണ്ട്. അധ്യാപകർക്കും മറ്റു ജീവനക്കാർക്കും സൗകര്യമൊരുക്കണം. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനും കഴിയണം.
ദേശീയപാത 66 നിർമാണം നടക്കുന്നതിനു തൊട്ടടുത്തു പഴക്കം ചെന്ന വിദ്യാലയത്തിന്റെ പ്രവർത്തനം തുടരാൻ കഴിയാത്തതിനാലാണ് സ്കൂൾ വീടുകളിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ മാറ്റുമ്പോൾ കൊച്ചുകുട്ടികൾക്കു വിദ്യാലയത്തിന്റെ അന്തരീക്ഷം നഷ്ടമാകും. സ്ഥലസൗകര്യമില്ലാത്ത വിദ്യാലയം സ്ഥിരമായി മാറ്റി സ്ഥാപിക്കാനുള്ള നീക്കം തുടങ്ങി ഒരു വർഷമായിട്ടും നടപടികൾ ഇഴയുകയാണ്. സ്കൂളിന് സ്ഥലം നൽകാൻ തയാറായ ഉടമയുമായി വില സംബന്ധിച്ച തർക്കം പരിഹരിക്കാനായില്ല. വിദ്യാർഥികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ബന്ധപ്പെട്ടവർ അലംഭാവം കാണിക്കുന്നതായി ആക്ഷേപമുണ്ട്.
സ്കൂൾ കെട്ടിടം സംബന്ധിച്ച അനിശ്ചിതത്വം പുതിയ അഡ്മിഷനുകളുടെ എണ്ണത്തിൽ ഈ വർഷം അൽപം കുറവു വരുത്തിയിരുന്നു. അതിനാൽ, പുതിയ സ്ഥലത്തു പുതിയ കെട്ടിടത്തിന്റെ നിർമാണം നടപടികൾ എത്രയും വേഗം ആരംഭിച്ചില്ലെങ്കിൽ വിദ്യാലയത്തിന്റെ ഭാവി കുഴപ്പത്തിലാകും. അടുത്ത അധ്യയന വർഷമെങ്കിലും പുതിയ കെട്ടിടത്തിൽ വിദ്യാലയം തുടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പരിമിതമായ സൗകര്യത്തിൽ നിന്നു കുട്ടികളെ രക്ഷിതാക്കൾ മാറ്റാൻ സാധ്യതയേറെയാണ്.