യൂറോപ്യൻ റോവർ ചാലഞ്ച്: കുസാറ്റ് വിദ്യാർഥികൾക്കു നേട്ടം

Mail This Article
കളമശേരി ∙ പോളണ്ടിൽ യൂറോപ്യൻ സ്പേസ് ഏജൻസി നടത്തിയ റോവർ ചാലഞ്ച് ഫൈനൽ മത്സരത്തിൽ 19–ാം സ്ഥാനം നേടി കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ. രാജ്യാന്തര തലത്തിൽ നടത്തിയ ഫൈനൽ മത്സരത്തിൽ 25 ടീമുകളാണ് പങ്കെടുത്തത്. മൂന്നാം വർഷ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥി മുഹമ്മദ് സിയാദാണു കുസാറ്റ് ടീമിനെ നയിച്ചത്. കുസാറ്റിലെ പ്രതിഭാ സമ്പന്നരായ എൻജിനീയറിങ് വിദ്യാർഥികളുടെ ‘ഹൊറൈസൺ ’
കൂട്ടായ്മയിലെ മുഹമ്മദ് സിയാദിനെ കൂടാതെ നിസാമുദ്ദീൻ അബ്ദുൽ അസീസ്, ഏയ്ഞ്ചലോ അന്റു, അലോഷ് ഡെന്നി, ദേവത് കൃഷ്ണ ശ്രീനിവാസൻ, ടി.മഹേഷ്, നോയൽ മനോജ് ചാക്കോ, റോമൽ ജോസ്ബിൻ, ആനന്ദ് കെ.വിനു, എസ്.സന്ദീപ്, ആഡ്രിൻ എന്നിവരും ഫൈനലിൽ മത്സരിച്ച ടീമിലുണ്ടായിരുന്നു. ഇന്ത്യയിൽ നിന്നു പങ്കെടുത്ത 3 ടീമുകളിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക ടീം കുസാറ്റ് ആയിരുന്നു. കുസാറ്റിൽ ബിടെക് പ്രവേശനം നേടുന്ന വിദ്യാർഥികളിൽ നിന്നു ടാലന്റ് ഹണ്ടിങ് നടത്തിയാണ് ഹൊറൈസൺ പ്രതിഭകളെ കണ്ടെത്തുന്നത്.
2019 സെപ്റ്റംബർ 25നാണ് കുസാറ്റിൽ ഹൊറൈസൺ വലിയ സ്വപ്നങ്ങളിലേക്കു കാലൂന്നിയത്. 3 വർഷത്തിനുള്ളിൽ ഈ കൂട്ടായ്മ േദശീയ ശ്രദ്ധ പിടിച്ചുപറ്റി. 2020ൽ നടന്ന യൂറോപ്യൻ റോവർ ചാലഞ്ച് മത്സരത്തിൽ 32–ാം സ്ഥാനത്തെത്താനായി. അതേ വർഷം കേരളത്തിൽ ഒന്നാമനും ഇന്ത്യയിൽ മൂന്നാമനും ആകാൻ കുസാറ്റ് ടീമിനു കഴിഞ്ഞു. യുഎസ്എയിലെ ‘ദി മാർസ് സൊസൈറ്റി’ സംഘടിപ്പിച്ച യൂണിവേഴ്സിറ്റി റോവർ ചാലഞ്ചിൽ തിരഞ്ഞെടുക്കപ്പെട്ട 96 ടീമുകളിൽ ഒന്നാകാൻ കുസാറ്റ് വിദ്യാർഥികൾക്കു കഴിഞ്ഞു. 2020ലും 2021ലും യുആർസി പിഡിആറിലേക്കു ക്വാളിഫൈ ചെയ്യാനും കുസാറ്റ് ടീമിനായി.