ADVERTISEMENT

മൂവാറ്റുപുഴ∙ എപ്പോൾ വേണമെങ്കിലും താഴേക്ക് ഉരുണ്ടു വീഴാവുന്ന കൂറ്റൻ പാറകൾക്കു താഴെ ഭീതിയോടെയാണു മുതുകല്ല് ലക്ഷംവീട് കോളനി നിവാസികളുടെ ജീവിതം. രാത്രി മഴ ശക്തമാകുമ്പോഴൊക്കെ ഇവർക്ക് ഉറക്കം നഷ്ടപ്പെടും. മുതുകല്ല് മലയിലെ കൂറ്റൻ പാറകൾ മഴവെള്ളപ്പാച്ചിലിൽ താഴേക്കു പതിക്കുമോ എന്ന ഭയമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. മലയ്ക്കു മുകളിലാണു ജില്ല പഞ്ചായത്ത് 1 വർഷം മുൻപ് സ്ഥാപിച്ച 2 കൂറ്റൻ ജല സംഭരണികളും ഉണ്ട്. മണ്ണിടിഞ്ഞു പാറകൾ താഴേക്കു പതിച്ചാൽ ജല സംഭരണികളും തകരും.

ഇതു വൻ ദുരന്തമായിരിക്കും സൃഷ്ടിക്കുക. കുത്തനെയുള്ള മലയോടു ചേർന്നു കിടക്കുന്ന കോളനിക്ക് മുകളിലേക്കാകും ഇവയെല്ലാം പതിക്കുക. മഴക്കാലം വരുമ്പോൾ ആർഡിഒ ഉൾപ്പെടെ യോഗം ചേർന്ന് മണ്ണിടിച്ചിൽ സാധ്യത വിലയിരുത്തി ലിസ്റ്റ് തയാറാക്കുമ്പോൾ മുതുകല്ല് കോളനിയും ഇതിലുണ്ടാകും. എന്നാൽ ഇവിടെ ഭീഷണിയായി നിൽക്കുന്ന കൂറ്റൻ പാറക്കല്ലുകൾ നീക്കാൻ നടപടി ഉണ്ടായിട്ടില്ല. കോളനിയിലെ വീടുകൾക്ക് തൊട്ടുമുകളിലാണ് പാറക്കല്ലുകൾ സ്ഥിതി ചെയ്യുന്നത്. ജല സംഭരണികൾക്കും ഭീഷണി ഉയർത്തുന്ന ഉരുളൻ കല്ലുകൾക്കും താഴെയാണ് ചാവുഞ്ചിറ പുത്തൻപുരയിൽ ലീല രാജൻ, വാരികുന്നേൽ ഏലിക്കുട്ടി രാമു, മൂശാരിക്കരോട്ട് ലീല കുഞ്ഞപ്പൻ,

മുടവുമറ്റത്തിൽ അയ്യപ്പൻ എന്നിവരുടെ വീടുകൾ. ഇവരെല്ലാം ചേർന്നു പലവട്ടം പാറകൾ പൊട്ടിച്ചു നീക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഫണ്ടില്ല എന്നു പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. നാട്ടുകാർ ചേർന്നു കലക്ടർക്കു പരാതി നൽകുകയും കഴിഞ്ഞ ജൂലൈയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പാറക്കല്ലുകൾ പൊട്ടിച്ചു നീക്കാൻ തീരുമാനം എടുക്കുകയും ചെയ്തെങ്കിലും നടപടികൾ മുന്നോട്ടു നീങ്ങിയിട്ടില്ല. കോളനിയുടെ മുകൾഭാഗത്ത് വീടിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകളും ചരിഞ്ഞു നിൽക്കുന്ന അവസ്ഥയാണ്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com