മൂത്തകുന്നം എൽപി സ്കൂൾ മടപ്ലാതുരുത്തിലെ വീട്ടിലേക്ക്; ഇനി സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനം

Mail This Article
വടക്കേക്കര ∙ മൂത്തകുന്നം ഗവ.എൽപിജി സ്കൂൾ താൽക്കാലികമായി മാറ്റാൻ മടപ്ലാതുരുത്തിൽ കണ്ടെത്തിയ വീട് പറവൂർ എഇഒയും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. 5 മുറികളുള്ള വീട്ടിൽ ക്ലാസുകൾ നടത്താൻ സൗകര്യമുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. ഇനി സ്റ്റിയറിങ് കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനമെടുക്കണം. പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗം കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്കെച്ച്, പ്ലാൻ എന്നിവ എഇഒയ്ക്ക് സമർപ്പിക്കണം.
എഇഒ ഇവ വിദ്യാഭ്യാസ ഉപഡയറക്ടർക്കു (ഡിഡിഇ) നൽകും. ഡിഡിഇ അംഗീകരിച്ച ശേഷമാണു വിദ്യാലയം മാറ്റുക. വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങൾ പ്രകാരം ഒരു ക്ലാസ് മുറിയുടെ അളവ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിബന്ധനകളുണ്ട്. അടിയന്തര സാഹചര്യമായതിനാൽ അവയിൽ ഇളവുകൾ നൽകി വിദ്യാഭ്യാസ ഉപഡയറക്ടറുടെ അംഗീകാരം ലഭിക്കാൻ കാലതാമസം ഉണ്ടാകില്ലെന്നാണു നിഗമനം.
ദേശീയപാത 66 നിർമാണം നടക്കുന്നതിനു തൊട്ടടുത്തു 111 വർഷം പഴക്കമുള്ള വിദ്യാലയത്തിന്റെ പ്രവർത്തനം തുടരുന്നതു സുരക്ഷിതമല്ലെന്ന കാരണത്താലാണു സ്കൂൾ വീട്ടിലേക്കു മാറ്റാൻ ശ്രമിക്കുന്നത്. പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ എൽപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള രണ്ടാമത്തെ സ്കൂളാണിത്. എൽകെജി മുതൽ 4–ാം ക്ലാസ് വരെ 110 വിദ്യാർഥികളുണ്ട്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local