നെല്ലിക്കുഴി പഞ്ചായത്ത് ഓഫിസിൽ അംഗത്തിനെതിരെ സെക്രട്ടറിയുടെ അസഭ്യവർഷം; പ്രതിഷേധിച്ച അംഗത്തെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു
Mail This Article
കോതമംഗലം∙ നെല്ലിക്കുഴി പഞ്ചായത്ത് ഓഫിസിൽ പഞ്ചായത്ത് അംഗത്തിനെതിരെ സെക്രട്ടറിയുടെ അസഭ്യവർഷം. അസഭ്യം പറയുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചു. പ്രതിഷേധിച്ച അംഗത്തെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. 15–ാം വാർഡ് അംഗം എം.വി.റെജിയെ പഞ്ചായത്ത് സെക്രട്ടറി പി.ജെ.സാബു അസഭ്യം പറയുന്ന വിഡിയോയാണു പ്രചരിച്ചത്. വാർഡിലെ ഒരാൾ 6 മാസം മുൻപു നൽകിയ പരാതി സംബന്ധിച്ച് അന്വേഷിക്കാൻ സെക്രട്ടറിയുടെ കാബിനിൽ എത്തിയപ്പോൾ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തെന്നു റെജി പറഞ്ഞു.
അസഭ്യം കേട്ടു കൂടെയുണ്ടായിരുന്ന വനിതാ അംഗം കാബിനിൽ നിന്നു പുറത്തുകടന്നു. സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടു യുഡിഎഫ് അംഗങ്ങളായ എം.വി.റെജി, നാസർ വട്ടേക്കാടൻ, ഷറഫിയ ഷിഹാബ് എന്നിവർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ കുത്തിയിരിപ്പു സമരം നടത്തി. സ്ഥലത്തെത്തിയ പൊലീസ് റെജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കമ്പനിപ്പടിയിൽ പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സെക്രട്ടറിക്കെതിരെ പ്രതിഷേധിച്ചതിനു സെക്രട്ടറി നൽകിയ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്.
കോടതി റെജിക്കു ജാമ്യം നൽകി. സെക്രട്ടറിയുടെ കാബിനിലെത്തി റെജി അസഭ്യം പറഞ്ഞു പ്രകോപിപ്പിച്ചതാണു സെക്രട്ടറി വാക്കേറ്റം നടത്താൻ ഇടയാക്കിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ് പറഞ്ഞു. ഇതു മറ്റൊരംഗം വിഡിയോയിൽ പകർത്തി റെജി അസഭ്യം പറയുന്നത് ഒഴിവാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local