കുരീക്കാട് റെയിൽവേ മേൽപാലം: സ്ഥലം ഏറ്റെടുക്കൽ ഇഴയുന്നു

Mail This Article
ചോറ്റാനിക്കര ∙ തുക വകയിരുത്തി 3 വർഷം പിന്നിട്ടിട്ടും കുരീക്കാട് റെയിൽവേ മേൽപാലത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ ഇഴയുന്നു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ സർക്കാർ കലക്ടർക്ക് അനുമതി നൽകിയതിനെ തുടർന്നു കഴിഞ്ഞ നവംബറിൽ നിർമാണ ചുമതല വഹിക്കുന്ന റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ലെന്നാണ് ആക്ഷേപം. പാലത്തിനും അപ്രോച്ച് റോഡിനുമായി കുരീക്കാട് വില്ലേജ് 1.92 ഏക്കറാണ് ഏറ്റെടുക്കേണ്ടത്.
സ്ഥലം ഏറ്റെടുക്കൽ നീളുന്ന വിഷയം കഴിഞ്ഞ ദിവസം അനൂപ് ജേക്കബ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കൽ ത്വരിതപ്പെടുത്തുമെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. എന്നിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.സ്ഥലം ഏറ്റെടുക്കൽ അടക്കം പദ്ധതി നിർവഹണത്തിനായി 36.88 കോടി രൂപയാണു പ്രതീക്ഷിക്കുന്നത്. പാലവും അപ്രോച്ച് റോഡും അടക്കം 472.44 മീറ്റർ നീളത്തിലാണു മേൽപാലം നിർമിക്കുന്നത്. പാലത്തിന് 11.8 മീറ്ററും റോഡിനു 10.2 മീറ്ററുമാണ് വീതി.
കുരുക്കഴിയാൻ പാലം വേണം
ചോറ്റാനിക്കര-പുത്തൻകാവ് റോഡിൽ കുരീക്കാട് റെയിൽവേ മേൽപാലം യാഥാർഥ്യമായാൽ തിരുവാങ്കുളം, കരിങ്ങാച്ചിറ ജംക‍്ഷനുകളിലെ ഗതാഗത കുരുക്കിനു അയവു വരുമെന്നാണു വിലയിരുത്തൽ. രണ്ട് ജംക‍്ഷനുകളിലും ഗതാഗത കുരുക്കുണ്ടായാൽ രക്ഷപ്പെടാനുള്ള എളുപ്പവഴിയാണു കുരീക്കാട്-പുതിയകാവ് റോഡിലൂടെ തൃപ്പൂണിത്തുറയ്ക്കുള്ളത്. നിലവിൽ ഗേറ്റ് അടയ്ക്കുമ്പോൾ വേണ്ടിവരുന്ന കാത്തിരിപ്പാണു യാത്രക്കാരെ ഈ വഴി സ്വീകരിക്കുന്നതിൽ നിന്നു അകറ്റുന്നത്. 5 മുതൽ 15 മിനിറ്റ് വരെ ട്രെയിൻ പോകുന്നതിനു ഗേറ്റ് അടച്ചിടേണ്ടി വരാറുണ്ട്. മേൽപാലം യാഥാർഥ്യമായാൽ സമയ നഷ്ടം ഇല്ലാതാകുകയും ഗതാഗത കുരുക്കു കുറയുകയും ചെയ്യുമെന്നാണ് യാത്രക്കാർ പറയുന്നത്.