ADVERTISEMENT

കൊച്ചി ∙ മറൈൻഡ്രൈവ് വോക്‌വേയിൽ രാത്രി 10 മുതൽ രാവിലെ 5 വരെ പ്രവേശനം നിരോധിച്ചതു പരീക്ഷണാടിസ്ഥാനത്തിലാണെന്നും ഒരു മാസത്തെ അനുഭവം പരിഗണിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള അറിയിച്ചു. വോക്‌വേയിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാനും രാത്രി പ്രവേശനം നിരോധിക്കാനും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും മേയർ എം. അനിൽകുമാർ, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. 

മറൈൻഡ്രൈവിൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണെന്ന പരാതികളെത്തുടർന്നായിരുന്നു തീരുമാനം. എന്നാൽ, നഗരത്തിലെ രാത്രി ജീവിതം നിയന്ത്രിക്കുന്നതാണു തീരുമാനമെന്നും പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല ഇത്തരം നിയന്ത്രണങ്ങൾ എന്നും ആക്ഷേപമുയർന്നു. ഇൗ സാഹചര്യത്തിലാണു ജിസിഡിഎ യുടെ വിശദീകരണം.പ്രവേശനം നിയന്ത്രിക്കുന്നതിൽ ഭിന്നാഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നതായി ചന്ദ്രൻപിള്ള പറഞ്ഞു.

മറൈൻഡ്രൈവിൽ രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം സംബന്ധിച്ച് അവിടത്തെ താമസക്കാർ പരാതിപ്പെട്ടിരുന്നു. ഇൗ സാഹചര്യത്തിലാണു കോർപറേഷൻ, ജിസിഡിഎ, പൊലീസ്, സിഎസ്എംഎൽ, വ്യാപാരി പ്രതിനിധികൾ, ബോട്ട് ഉടമകൾ എന്നിവരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു ചർച്ചകൾ നടത്തി തീരുമാനമെടുത്തത്. ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനായിരുന്നു തീരുമാനം. അടുത്തമാസം 25 ന് ഇക്കാര്യം വീണ്ടും ചർച്ച ചെയ്ത ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് അദ്ദേഹം പറഞ്ഞു. മറൈൻ ഡ്രൈവ് വോക്‌വേ രാത്രി 10 നു ശേഷം അടക്കാനുള്ള തീരുമാനം നിയമപരമായി നിലനിൽക്കുമോ എന്നു പരിശോധിക്കണമെന്നു മുൻ മേയർ ടോണി ചമ്മണി പറഞ്ഞു. 

ചുറ്റുമതിലും ഗേറ്റുമുള്ള പാർക്കുകളുടെ പരിധിയിലല്ല , പൊതുറോഡ് എന്ന ഗണത്തിലാണു മറൈൻഡ്രൈവ് സർക്കാർ രേഖകളിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് മറൈൻ ഡ്രൈവിലെ മുഴുവൻ കെട്ടിട സമുച്ചയങ്ങൾക്കും തീരദേശ പരിപാലന നിയമപ്രകാരമുള്ള നിർമാണാനുമതി ലഭിച്ചത്. പൊതു റോഡായി കണക്കാക്കിയിട്ടുള്ളതു തുടർച്ചയായി അടച്ചിടുന്നതിനെയും മേയർ, ജിസിഡിഎ ചെയർമാൻ എന്നിവർ തങ്ങളുടെ അധികാര പരിധിയിൽ വരാത്ത സംഗതിയിൽ തീരുമാനമെടുത്തതിനെയും കോടതിയിൽ ആരെങ്കിലും ചോദ്യം ചെയ്താൽ തീരുമാനം അസാധുവായേക്കാമെന്നു അദ്ദേഹം സൂചിപ്പിച്ചു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

വോക്‌വയിൽ രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം അസഹ്യമാണ്. അർധരാത്രി കഴിഞ്ഞും പാട്ടും ബഹളവും അടികലശലും പതിവാണ്. പൊലീസ് പട്രോളിങ് ശക്തമാക്കി ഇതിനു പരിഹാരം കാണുകയാണെന്നുവേണ്ടതെന്നു മുൻ മേയർ പറഞ്ഞു. മറൈൻ ഡ്രൈവിലെ രാത്രി ജീവിതം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയതിന്  മറൈൻഡ്രൈവ് വോക്ക് വേ രാത്രി 10 നു ശേഷം അടച്ചിടുക എന്നതല്ല പരിഹാരമെന്ന് കൗൺസിലർ മനുജേക്കബ്. മറൈൻഡ്രൈവിൽ വിളിപ്പാടകലെയാണ് സെൻട്രൽ സ്റ്റേഷനും ട്രാഫിക് സ്റ്റേഷനും കമ്മീഷണർ ഓഫിസും സ്ഥിതിചെയ്യുന്നത്. എന്നിട്ടും സാമൂഹ്യവിരുദ്ധരുടെ ഈ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിന്റെ  പൂർണ്ണ ഉത്തരവാദിത്വം ജിസിഡിഎ, കോർപറേഷൻ എന്നിവരുടേതാണെന്ന് മനു ചൂണ്ടിക്കാട്ടി.

English Summary: Marine Drive, Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT