കരഭൂമി നിലവും നിലം കരഭൂമിയുമായ സംഭവം: വിവര ശേഖരണത്തിന് വിജിലൻസ് വില്ലേജിലെത്തി

Mail This Article
പെരുമ്പാവൂർ ∙ അധികൃതരുടെ അനാസ്ഥ മൂലം കൂവപ്പടി വില്ലേജിലെ ബ്ലോക്ക് ഏഴിലെ കരഭൂമി നിലവും നിലം കരഭൂമിയായും മാറിക്കിടക്കുന്നതിനെതിരെ നൽകിയ പരാതിയിൽ കൂവപ്പടി വില്ലേജ് ഓഫിസിലെത്തി വിജിലൻസ് വിഭാഗം വിവര ശേഖരണം നടത്തി. പരാതിയിൽ കഴമ്പുണ്ടോയെന്ന ആദ്യഘട്ട പരിശോധനയാണ് നടത്തിയതെന്ന വിജിലൻസ് മധ്യമേഖല വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിലേക്കു പോകുന്നതിനു മുന്നോടിയായിട്ടാണ് വിവര ശേഖരണം നടത്തിയത്. ഓഫിസിലെത്തി വില്ലേജ് ഓഫിസറോടും ഉദ്യോഗസ്ഥരോടും വിവരങ്ങൾ ആരാഞ്ഞു. രേഖകൾ പരിശോധന അടക്കമുള്ള കാര്യങ്ങൾ കുറച്ചുകൂടി വിവര ശേഖരണത്തിനു ശേഷമേ ഉണ്ടാകുകയുള്ളു.
2014 വരെ 3 തലമുറയായി വീട് വച്ചു താമസിച്ചിരുന്ന കരഭൂമികൾ നിലമാക്കിയും കൃഷി ചെയ്തിരുന്ന നിലമെല്ലാം കരഭൂമിയാക്കിയും മാറ്റി. ഭൂമാഫിയയെ സഹായിക്കാൻ ഓരോ കാലത്തും ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഇങ്ങനെ ചെയ്തത് എന്നാണ് പരാതി. ഇതിനാൽ നിലമാക്കിയവയുടെ അടിസ്ഥാന വില നാലിരട്ടിയോളം വർധിച്ചു. നിലമായിരുന്ന സ്ഥലങ്ങളുടെ അടിസ്ഥാന വില മാറ്റം വരുത്തിയുമില്ല. നിലം വിൽക്കാൻ കൂടുതൽ ആധാര ചെലവ് വരും. ഇതുമൂലം മക്കളുടെ വിവാഹത്തിനോ, പഠനത്തിനോ സ്ഥലം വിൽക്കാൻ സാധിക്കുന്നില്ല.
അപേക്ഷ നൽകി കരയാക്കാൻ ശ്രമിച്ചാൽ വലിയ തുക അടയ്ക്കണം. ഈ വീഴ്ച റവന്യൂ അതികൃതരെയും, ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തിയിട്ടും പരിഹാരം കണ്ടില്ല. ഇതു ചെയ്ത ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം കിട്ടി കുന്നത്തുനാട് താലൂക്കിൽ അടക്കം ജോലി ചെയ്യുന്നുണ്ട്. ഭൂമി തരംമാറ്റം നടത്തിയ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നു മാറ്റി നിർത്തി വിജിലൻസ് അന്വേഷണം നടത്തണമെന്നും തരംമാറ്റൽ നിമിത്തം കഷ്ടത അനുഭവിക്കുന്നവരുടെ ഭൂമി പഴയ രീതിയിലാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് സെക്രട്ടറി പി.എം. സുനിൽകുമാർ വിജിലൻസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് വിവരശേഖരണം നടത്തിയത്.