തുമ്പിക്കൈ മുറിഞ്ഞ കുട്ടിയാനയ്ക്ക് സഹായിയായി അമ്മയാന; സംരക്ഷണമേകി കാട്ടാനക്കൂട്ടവും

Mail This Article
അങ്കമാലി ∙ തുമ്പിക്കൈ മുറിഞ്ഞ കുട്ടിയാനയ്ക്ക് സംരക്ഷണമേകി കാട്ടാനക്കൂട്ടം. 8 മാസം മുൻപ് കുട്ടിയാനയെ തുമ്പിക്കൈ മുറിഞ്ഞ രീതിയിൽ ആദ്യമായി കണ്ടപ്പോൾ സംരക്ഷകരായി ഉണ്ടായിരുന്ന കാട്ടാനക്കൂട്ടം ഇപ്പോഴും കുട്ടിയാനയ്ക്കൊപ്പമുണ്ട്. പ്ലാന്റേഷൻ കോർപറേഷൻ എണ്ണപ്പനത്തോട്ടങ്ങളിൽ കുട്ടിയാനയെ കാണാറുണ്ട്. പ്ലാന്റേഷൻ കോർപറേഷൻ 17–ാം ബ്ലോക്കിൽ തോട്ടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തിനൊപ്പം കുട്ടിയാനയും ഉണ്ടായിരുന്നു. എണ്ണക്കുരു യാഡിനു സമീപത്താണു 3 കാട്ടാനകളോടൊപ്പം കുട്ടിയാനയെ കണ്ടത്. കാട്ടാനക്കൂട്ടം കൂടെയുള്ളതിനാൽ കുട്ടിയാനയെ പിടികൂടി ചികിത്സ നൽകാൻ വനംവകുപ്പിനു സാധിച്ചിട്ടില്ല.
കുട്ടിയാനയുടെ തുമ്പിക്കയ്ക്ക് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. അപകടത്തിൽ തുമ്പിക്കൈ നഷ്ടപ്പെട്ടതാണെന്നാണു പൊതുവേയുള്ള ധാരണ. ജന്മ വൈകല്യ സാധ്യതകളുമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയാനയെ ബൈനക്കുലറിലൂടെ നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളില്ലെന്നാണു വിലയിരുത്തൽ. എണ്ണപ്പനയോലയും മറ്റും മുൻകാലുകൾ കൊണ്ട് ഉയർത്തിയാണു കുട്ടിയാന വായിലേക്കു വയ്ക്കുന്നത്. സഹായിയായി അമ്മയാനയും എപ്പോഴും കൂടെയുണ്ട്. മലയാറ്റൂർ, വാഴച്ചാൽ, ചാലക്കുടി വനമേഖലകളിലെല്ലാം കുട്ടിയാനയും കാട്ടാനക്കൂട്ടവും എത്താറുണ്ട്.
കുട്ടിയാനയെ കണ്ട ഭാഗത്തു നിന്ന് 1.5 കിലോമീറ്റർ മാറി പതിനഞ്ചോളം കാട്ടാനകളുടെ കൂട്ടം എണ്ണപ്പന തോട്ടത്തിലിറങ്ങി. എണ്ണപ്പന റോഡിലേക്കു മറിച്ചിട്ടതിനാൽ ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെ 6 മണിയോടെയാണു 17, 18 ബ്ലോക്കുകളുടെ ഇടയിൽ കാട്ടാനക്കൂട്ടമിറങ്ങിയത്. 3 കാട്ടാനകൾ റോഡിൽ തന്നെ നിന്നതിനാൽ അതുവഴി വന്ന യാത്രക്കാർ ഭീതിയിലായി. ചാലക്കുടിയിൽ നിന്നു പ്ലാന്റേഷനിലേക്കുള്ള കെഎസ്ആർടിസി ബസ് ആറു മണിയോടെ പ്ലാന്റേഷനിലെത്തും. റോഡിലേക്കു മറിച്ചിട്ടത് ചെറിയ പനയായതിനാൽ കാട്ടാനകളെ ഓടിച്ച് പെട്ടെന്നു തന്നെ ഗതാഗതതടസ്സം നീക്കാനായി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local