ADVERTISEMENT

കൊച്ചി ∙പാട്ടിന്റെ ദേവത നിലാവു പോലെ അവർക്കിടയിലേക്ക് വന്നു. ഈണങ്ങളുടെയും ഇഴയടുപ്പമുള്ള ഓർമകളുടെയും  പൂമരക്കൊമ്പിൽ കെ.എസ്.ചിത്രക്കൊപ്പം അവരെല്ലാം സ്നേഹത്തിന്റെ ചിറകൊതുക്കിയിരുന്നു. മലയാള മനോരമ വായനക്കാർക്കായി ഒരുക്കിയ ‘ പാടിയും പറഞ്ഞും ചിത്രച്ചേച്ചിക്കൊപ്പം’ ചിത്ര എന്ന അനുഭൂതിയെ അടുത്തറിഞ്ഞ നിമിഷമായി പലർക്കും. ചെറുപുഞ്ചിരി ചാലിച്ച് ചിത്ര പാട്ടുപാടി. അറുപതു വർഷത്തെ ജീവിത യാത്രയിലെ ഓർമകളിലേക്ക് ചിത്ര പിൻ നടന്നപ്പോൾ സദസ്സ് അനുയാത്രികരായി.

സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ് ചിത്രയെ കാണാനും സംസാരിക്കാനും പാട്ടു കേൾക്കാനും ഒപ്പം പാടാനുമെത്തിയത്. കുട്ടികൾ മുതൽ വയോധികർ വരെ ആ ശബ്ദത്തിന്റെയും മാന്ത്രികച്ചിരിയുടെയും മൊഴിയുടെയും മാസ്മരികതയിൽ സ്വയം മറന്നു. പാട്ടുകൾ പാടിയും ഇടമുറിയാതെ വിശേഷങ്ങൾ പങ്കുവച്ചും ഒന്നു ചേർത്തു നിർത്തുമോ എന്നു ചോദിച്ച ആരാധികമാർക്ക് ആലിംഗനവും സ്നേഹചുംബനവും നൽകിയും മലയാളത്തിന്റെ വാനമ്പാടി സദസ്സിലും വേദിയിലും ചിരിച്ചിത്രയായി. 

1)‘പാടിയും പറഞ്ഞും ചിത്രച്ചേച്ചിക്കൊപ്പം’ പരിപാടിയിൽ  പങ്കെടുക്കാനെത്തിയവർ ഗായിക കെ.എസ്. ചിത്രയ്ക്കൊപ്പം. 
2) കൂട്ടത്തിലൊരാളെപ്പോലെ: കെ.എസ്. ചിത്രയ്ക്കു ഗാനോപഹാരം  അർപ്പിക്കാൻ എത്തിയ സെന്റ് തെരേസാസ് കോളജ് സംഘത്തിനൊപ്പം പാടാൻ കെ.എസ്. ചിത്രയും ചേർന്നപ്പോൾ.
1)‘പാടിയും പറഞ്ഞും ചിത്രച്ചേച്ചിക്കൊപ്പം’ പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ ഗായിക കെ.എസ്. ചിത്രയ്ക്കൊപ്പം. 2) കൂട്ടത്തിലൊരാളെപ്പോലെ: കെ.എസ്. ചിത്രയ്ക്കു ഗാനോപഹാരം അർപ്പിക്കാൻ എത്തിയ സെന്റ് തെരേസാസ് കോളജ് സംഘത്തിനൊപ്പം പാടാൻ കെ.എസ്. ചിത്രയും ചേർന്നപ്പോൾ.

അകക്കൺ വെളിച്ചത്തിൽ ഇഷ്ടഗായികയുടെ സ്വരം നിറച്ചു ജീവിക്കുന്ന, റിഡമോൾ ഇഷ്ടഗാനം പാടിയായിരുന്നു തുടക്കം. നന്ദനം സിനിമയിലെ ‘കാർമുകിൽ വർണന്റെ ചുണ്ടിൽ...’ എന്ന ഗാനം റിഡ പാടി പാതിയായപ്പോൾ,  ‘എന്റെ നന്ദനവൃന്ദാവനത്തിൽ...’ എന്ന വരികളോടെ ചിത്രയും കൂടെച്ചേർന്നു. പാടിത്തീർന്നപ്പോൾ നെറ്റിയിൽ ചിത്ര നൽകി, ഒരു സമ്മാനയുമ്മ. 

ചിത്രച്ചേച്ചി  ജീവിതത്തിൽ കാണാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാര് എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം. കണ്ണിമയ്ക്കും വേഗത്തിൽ ഉത്തരമെത്തി– ‘ബാബുക്ക, ബാബുരാജ്. അദ്ദേഹം കുറച്ചുനാൾ കൂടി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ഒരുക്കിയ പാട്ട് എനിക്കു പാടാമായിരുന്നു. അതൊരു നഷ്ടമാണ്’. ജീവിതത്തിൽ വിളക്കു മരങ്ങളായി നിന്ന യേശുദാസ്, എം.ജി.രാധാകൃഷ്ണൻ, ഓമനക്കുട്ടി ടീച്ചർ, മാതാപിതാക്കൾ, ഭർത്താവ് വിജയശങ്കർ തുടങ്ങി  എല്ലാവരുടെയും തണലിനെ ഓർത്തുകൊണ്ടായിരുന്നു ചിത്രയുടെ യാത്ര. 

എന്തോർത്ത് ചിരിച്ചിത്ര!: ‘പാടിയും പറഞ്ഞും ചിത്രച്ചേച്ചിക്കൊപ്പം’ പരിപാടിയിൽ ‘സ്ഫടികം’ സിനിമയിലെ പ്രശസ്തമായ ഗാനം ‘ഏഴിമലപ്പൂഞ്ചോല’ പാടിയപ്പോൾ ഗായിക കെ.എസ്. ചിത്രയുടെ മുഖത്തു മിന്നിമറഞ്ഞ ഭാവങ്ങൾ.
എന്തോർത്ത് ചിരിച്ചിത്ര!: ‘പാടിയും പറഞ്ഞും ചിത്രച്ചേച്ചിക്കൊപ്പം’ പരിപാടിയിൽ ‘സ്ഫടികം’ സിനിമയിലെ പ്രശസ്തമായ ഗാനം ‘ഏഴിമലപ്പൂഞ്ചോല’ പാടിയപ്പോൾ ഗായിക കെ.എസ്. ചിത്രയുടെ മുഖത്തു മിന്നിമറഞ്ഞ ഭാവങ്ങൾ.

പള്ളുരുത്തിയിലെ അങ്കണവാടി ടീച്ചർ മിനിക്ക് ഉച്ചക്കു കുട്ടികളെ ഉറക്കുമ്പോൾ പാടാൻ നല്ലൊരു താരാട്ട് പാട്ടായിരുന്നു ആവശ്യം. നീലാംബരി രാഗത്തിലെ പാട്ടുകൾ ഉറങ്ങാൻ നല്ലതാണെന്ന് ചിത്ര പറഞ്ഞത് പാട്ടുമൂളിക്കൊണ്ടാണ്. ഓമനത്തിങ്കൾ കിടാവോ എന്ന ഇരയിമ്മൻ തമ്പിയുടെ കീർത്തനം ചൊല്ലിയ ചിത്ര പക്ഷേ, മകളെ ഉറക്കിയിരുന്ന ‘പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂം പൈതലേ’ പാടിയപ്പോൾ സദസ്സിന്റെ കണ്ണും നിറഞ്ഞു. 

പ്രണയഗാനം ചോദിച്ചവർക്കു ‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ’  നൽകിയ ചിത്ര ലാസ്യ ഗാനത്തിലേക്കു ചുവടൊന്നു മാറ്റിയപ്പോൾ സ്ഫടികത്തിലെ ‘ഏഴിമലപ്പൂഞ്ചോല’ പാടി നാണത്താൽ തുടുത്തു. പാട്ടു പോരാ ഒരു ഹഗ് വേണമെന്നു പറ‍ഞ്ഞവർക്കും സെൽഫി ചോദിച്ചവർക്കുമൊപ്പം ചിത്ര ചാഞ്ഞും ചെരി‍ഞ്ഞും കൂട്ടുകാരിയായി നിന്നു. 

ആത്മികയെന്ന അഞ്ചാം ക്ലാസുകാരിയെ ചിത്ര അരികിലേക്ക് വിളിപ്പിച്ചു. ‘കു‍ന്നിമണിച്ചെപ്പു തുറന്നെന്നെനോക്കും നേരം ....’ എന്നു പാടിയ കുട്ടിയെ ‘എണ്ണിനോക്കും നേര’മെന്ന്  തിരുത്തി ചിത്ര ഒപ്പം പാടി. ചിത്ര ഫോൺ വിളിപ്പിച്ചപ്പോൾ എടുക്കാൻ കഴിയാതിരുന്ന കഥ സെന്റ് തെരേസാസിലെ വിദ്യാർഥിനി അഞ്ജന സങ്കടത്തോടെ  വിശദീകരിച്ചു. ചിത്രയുടെ മാസ്റ്റർ പീസ് ‘രാജഹംസം’ പാടിയാണ് അഞ്ജന വേദി വിട്ടത്.

മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു മനോരമയുടെ ഉപഹാരം ചിത്രയ്ക്കു സമ്മാനിച്ചു. മനോരമ ചീഫ് ന്യൂസ് എഡിറ്റർ ആർ. രാജീവ് പ്രസംഗിച്ചു. ചിത്ര പാടിയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടി കൊച്ചി സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥിനികൾ അവതരിപ്പിച്ചു. തൊഴിൽവീഥി സീനിയർ സബ് എഡിറ്റർ റിയ ജോയ് അവതാരകയായി

ചിത്രയുടെ ചിരകാല ഇഷ്ടങ്ങൾ 

ഭക്ഷണം: പാട്ടുകാർക്കു ഭക്ഷണവും അതുണ്ടാക്കുന്ന അസിഡിറ്റിയുമൊക്കെ പ്രശ്നമാണ്. അതു ശബ്ദത്തെ ബാധിക്കും. അസിഡിറ്റി ഉണ്ടാക്കുന്നതെന്നു തോന്നുന്ന ഒന്നും കഴിക്കില്ല. കഴിക്കാത്ത സാധനങ്ങളാണു കൂടുതൽ. എരിവ്, പുളി ഇതൊക്കെ ഒഴിവാക്കും. വിജയേട്ടന് ഞാൻ കാരണം ഇതൊന്നും പലപ്പോഴും കഴിക്കാൻ കഴിയാറില്ല. ഒഴിവാക്കാത്തത് മധുരമാണ്. അതാണ് ഏറെയിഷ്ടം. ദാസേട്ടന് ഭക്ഷണത്തിൽ നല്ല ചിട്ടയാണ്. എസ്പിബി സാർ എന്തും കഴിക്കും. ഐസ്ക്രീം വരെ.

∙ ചിരി: അച്ഛന്റെ ചിരിയാണ് എനിക്ക് കിട്ടിയത്. ചെറുപ്പത്തിലെ എല്ലാവരെയും കാണുമ്പോൾ ചിരിക്കുന്ന എന്നെ അമ്മ വഴക്കു പറയുമായിരുന്നു. പെൺകുട്ടിയാണ് സൂക്ഷിക്കണം എന്നായിരുന്നു ഉപദേശം. ചിരിച്ച് എന്റെ ചുണ്ടുകൾ ചെവിയിൽ മുട്ടുമെന്നാണ് ചേട്ടൻ തമാശയായി പറഞ്ഞിരുന്നത്. ചില പാട്ടുകൾ പാടുമ്പോൾ ചിരി നല്ലതാണ്. ജാനകിയമ്മ: ചെന്നൈയിൽ റെക്കോർഡിങ്ങിനു ചെന്നപ്പോ‍ൾ വീട്ടിൽ ചെന്നാണ് ജാനകിയമ്മയെ ആദ്യം കണ്ടത്. അവിടെ ബൊമ്മക്കൊലു സമയത്താണു പോയത്. അവിടെ ചെന്നപ്പോ‍ൾ ഒരു പാട്ടു പാടാൻ അമ്മ പറഞ്ഞു. സരസ്വതീദേവിയുടെ ഒരു കീർത്തനമാണു പാടിയത്. 

അതു കഴിഞ്ഞപ്പോ‍ൾ അമ്മ വന്ന് എന്നെ അനുഗ്രഹിച്ച്, പ്രസാദങ്ങളും സുമംഗലികൾക്കു കൊടുക്കുന്ന സമ്മാനങ്ങളും തന്നു. അതെല്ലാം നിധി പോലെ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ജാനകിയമ്മയുടെ വീട്ടിൽ എപ്പോൾ പോയാലും സ്വന്തം കൈകൊണ്ടു പാകപ്പെടുത്തിയ എന്തെങ്കിലും ഭക്ഷണം കഴിപ്പിച്ചേ വിടൂ. അടുത്തിടെ ചെന്നപ്പോഴും ഒരുപിടി ചോറും ആന്ധ്ര രീതിയിലുള്ള ഗോംഗൂര ചട്നിയും കുഴച്ചുരുട്ടി വായിൽവച്ചു തന്നു. ചട്നിക്ക് എരിവുള്ളതിനാൽ നെയ്യൊക്കെ ചേർത്താണു തരിക. 

∙ സിനിമ: ഹൊറർ സിനിമകൾ ഇഷ്ടമാണ്. സിനിമ കണ്ട് പേടിച്ച് കൊന്ത പിടിച്ച് കിടക്കാൻ ഇഷ്ടമായിരുന്നു. ഇപ്പോൾ പ്രേതങ്ങളെയൊന്നും പേടിയില്ല. എങ്കിലും സങ്കടം തരുന്ന സിനിമകൾ അങ്ങനെ കാണാറില്ല. ചിരിയും ഹൊററും ഇഷ്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT