വൈറ്റില ഹബ്ബിനു സമീപം ബസപകടം: 19 പേർക്കു പരുക്ക്
Mail This Article
വൈറ്റില ∙ ഹബ്ബിൽ കയറാതെ മത്സരയോട്ടം നടത്തിയ ബസ് ഓട്ടോയിൽ തട്ടി മറ്റൊരു ബസിനു പിന്നിലേക്ക് ഇടിച്ചു കയറി. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 19 പേർക്കു പരുക്ക്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.പനങ്ങാടേക്ക് സർവീസ് നടത്തുന്ന 'സഫ' ബസാണ് അപകടമുണ്ടാക്കിയത്. കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ് ബസ് 'ചെറുപുഷ്പ'ത്തിനു പിന്നിലേക്കാണ് ഇടിച്ചു കയറിയത്. പരുക്കേറ്റതിൽ കൂടുതൽ പേരും സഫ ബസിൽ മുൻഭാഗത്ത് ഇരുന്നവരാണെന്ന് മരട് പൊലീസ് പറഞ്ഞു.
വൈകിട്ട് 6.30 നാണ് അപകടം. ഹബ്ബിനു പുറത്തേക്കുള്ള വഴിയിലൂടെ പോയ സഫ ബസ് മത്സരയോട്ടത്തിന്റെ ഭാഗമായി ഹബ്ബിൽ കയറാതെ മെട്രോ സ്റ്റേഷൻ കഴിഞ്ഞപ്പോൾ തിരിച്ചു.പിന്നിൽ മറ്റൊരു പനങ്ങാട് ബസ് വരുന്നതു കണ്ടതോടെ കോട്ടയം ബസിനെ മറികടക്കാൻ ശ്രമിച്ചു. എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കോട്ടയം ബസിന്റെ പിന്നിൽ ഇടിച്ചതും ഓട്ടോയിൽ തട്ടുകയും ചെയ്തതെന്ന് ദൃക്സാക്ഷികളും ബസിലെ യാത്രക്കാരും പറഞ്ഞു. ബസുകൾ ഹബ്ബിൽ കയറാതെ തിരിഞ്ഞു പോകുന്നതു പതിവാണെന്നും യാത്രക്കാർ പറഞ്ഞു.
സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും മറ്റു യാത്രികരും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അപകടസ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി. സഫ ബസ് ഡ്രൈവർക്കെതിരെ കേസ് എടുത്തതായി മരട് പൊലീസ് പറഞ്ഞു. പരുക്കേറ്റവരുടെയും മറ്റു യാത്രക്കാരുടെയും മൊഴിയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിനു ശേഷം കൂടുതൽ നടപടിയുണ്ടാകും.