താങ്ക്യു സിറ്റി; കൺനിറയെ യുവേഫ കിരീടം

Mail This Article
കൊച്ചി ∙ ഫുട്ബോൾ ലോകം മുഴുവൻ കാണാൻ കൊതിക്കുന്ന 4 ട്രോഫികൾ ഇടപ്പള്ളി ലുലുമാളിന്റെ നടുമുറ്റത്ത് അഴകുവിടർത്തി ഇരുന്നു. എഫ്എ കപ്പ്, ഇംഗ്ലിഷ് പ്രീമിയർ ലീഗ് ട്രോഫി, യുവേഫ ചാംപ്യൻസ് ലീഗ് ട്രോഫി, യുവേഫ സൂപ്പർ കപ്പ്. ഏതു കപ്പിലേക്ക് ആദ്യം കണ്ണ് എത്തിക്കണമെന്ന് അറിയാതെ മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകരായ ‘സിറ്റിസെൻസ്’ മിഴിച്ചു നിന്നു.
ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ അവിസ്മരണീയ കിരീട നേട്ടമാണ് ആ ട്രോഫികൾ. ഒരേ സീസണിലെ കിരീട നേട്ടങ്ങൾ. സിറ്റിയുടെ ട്രെബിൾ ട്രോഫി പര്യടനത്തിന്റെ ഭാഗമായാണ് 4 ട്രോഫികൾ കൊച്ചിയിലെത്തിയത്. 3 ട്രോഫികളുമായി ജൂലൈയിൽ ജപ്പാനിൽ നിന്നാണു മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ ട്രോഫി പര്യടനം തുടങ്ങിയത്. ഓഗസ്റ്റിൽ യുവേഫ സൂപ്പർ കപ്പ് കൂടി ടീം നേടിയതോടെ കൊച്ചിയിലെത്തിയപ്പോഴേക്കും കപ്പുകളുടെ എണ്ണം നാലായി. അതോടെ ആരാധകരുടെ ആവേശവും കൂടി.
ട്രോഫികൾക്കൊപ്പം നിൽക്കാൻ, ചിത്രം പകർത്താൻ നാടിന്റെ പല ഭാഗങ്ങളിൽ നിന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ആരാധകർ ഒഴുകിയെത്തി. ചില ആരാധകർ ട്രോഫിയെ ഒന്നു തൊടാൻ മോഹിച്ചപ്പോൾ ടീമിന്റെ സുരക്ഷ ഉദ്യോഗസ്ഥർ കണ്ണുരുട്ടി. സിറ്റി ആരാധകർ ഇരമ്പിയെത്തിയപ്പോൾ ലുലുമാളിന്റെ നടുമുറ്റം നീലക്കടൽ ഒഴുകിപ്പരന്ന ഫുട്ബോൾ മൈതാനമായി. സിറ്റി ടീം ജഴ്സിയുടെ നീല നിറമായിരുന്നു എല്ലായിടത്തും. തിരക്കു കൂടിയതോടെ ക്യൂവായി. ക്യൂ നീണ്ടതോടെ കപ്പിനടുത്തെത്താൻ ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു.
ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ആരാധകർ മാഞ്ചസ്റ്റർ സിറ്റിയോടുള്ള സ്നേഹം പ്രകടിപ്പിച്ചു. വൈകിട്ട് ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നോട്ടിങാം ഫോറസ്റ്റുമായുള്ള മത്സരത്തിന്റെ തത്സമയ സ്ക്രീനിങ് കൂടിയായതോടെ ട്രെബിൾ ട്രോഫിയുടെ ആവേശം കൊടുമുടി കയറി അങ്ങ് മാഞ്ചസ്റ്റർ സിറ്റിയിലെ ഇത്തിഹാദ് സ്റ്റേഡിയം വരെയെത്തി.
കൊച്ചിയിലെ പ്രദർശനം ഇന്നലെ സമാപിച്ചു.ട്രോഫികൾ ഇന്നു മുംബൈയ്ക്കു പറക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ സ്വന്തം ടീമായ മുംബൈ സിറ്റി എഫ്സിയുടെ തട്ടകത്തിലാണു ട്രെബിൾ ട്രോഫി പര്യടനത്തിന്റെ അടുത്ത പ്രദർശനം. ബാന്ദ്രാ വെസ്റ്റിലെ ലിങ്കിങ് റോഡിലെ എസ്കോബാറിലാണു നാളെ വൈകിട്ട് 7നു ട്രോഫികൾ പ്രദർശിപ്പിക്കുക.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local