ADVERTISEMENT

കൊച്ചി∙ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയടയ്ക്കാൻ കഴിയാത്തതിനാൽ സംസ്ഥാനത്ത് മറിച്ചു വിൽക്കാനാകാതെ കെട്ടിക്കിടക്കുന്നതു 4.5 ലക്ഷം വാഹനങ്ങൾ. ഇവയുടെ പിഴയിനത്തിലും പുതിയ റജിസ്ട്രേഷൻ ഫീസിനത്തിലും ഖജനാവിനു നഷ്ടം ശതകോടികൾ. സമയത്തു പിഴയടയ്ക്കാതെ മജിസ്ട്രേട്ട് കോടതിക്കു കൈമാറിയ പെറ്റിക്കേസുകൾ പിഴയടച്ചു തീർപ്പാക്കാൻ നിലവിൽ സംവിധാനമില്ലാത്തതാണു വാഹനങ്ങൾ വിൽക്കുന്നവർക്കു കുടുക്കായത്.

ഇത്തരം കേസുകളിൽ വെർച്വൽ കോടതി വഴി പിഴയടയ്ക്കാൻ മുൻപുണ്ടായിരുന്ന സംവിധാനം ഇല്ലാതായതാണു പ്രശ്നം. വാഹനത്തിനു മേലുള്ള ഇത്തരം നിയമപരമായ ബാധ്യതകൾ തീർത്ത് ബ്ലാക്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാതെ മറിച്ചു വിൽക്കാനാവില്ലെന്നാണു ചട്ടം. ഉടമകൾക്കു പുറമെ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി മറിച്ചു വിൽക്കുന്ന സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ത്രിശങ്കുവിലാണ്.

എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമ ലംഘനങ്ങളിലുൾപ്പെടെ ഓൺലൈൻ വഴി പിഴയടയ്ക്കാം. എന്നാൽ, പിഴ ചുമത്തിയ വിവരം സമയത്ത് അറിയാതെ പോവുകയോ മനഃപൂർവം അടയ്ക്കാതിരിക്കുകയോ ചെയ്താൽ രണ്ടു മാസത്തിനു ശേഷം കേസ് മജിസ്ട്രേട്ട് കോടതിക്കു കൈമാറും.

പെറ്റിക്കേസുകളായതിനാൽ എഫ്ഐആറിടുകയോ കേസ് നമ്പറിടുകയോ ചെയ്യാറില്ല. പിഴയടയ്ക്കാനെത്തുന്നവരോട് എഫ്ഐആർ,കേസ് നമ്പർ,അന്വേഷണ ഉദ്യോഗ്സഥന്റെ റിപ്പോർട്ട് എന്നിവയൊക്കെയാണു കോടതികളിൽ നിന്നു ചോദിക്കുന്നത്. ഇതുകൊണ്ടു തന്നെ, കോടതിയിൽ കേസുകൾ തിരിച്ചറിയാനോ പിഴയടച്ചു തീർക്കാനോ കഴിയുന്നില്ല. 

വാഹനം വിൽക്കുന്ന വേളയിലാണു പല ഉടമകളും പിഴയുള്ള വിവരം അറിയുന്നത്. പരാതികളുമായി ആയിരങ്ങളാണ് ആർടി ഓഫിസുകളിൽ കയറിയിറങ്ങുന്നത്. വകുപ്പു മന്ത്രി, ട്രാൻസ്പോർട്ട് കമ്മിഷണർ തുടങ്ങിയവരെ പരാതി അറിയിച്ചിട്ടും നടപടിയില്ലെന്നു വാഹന ഉടമകൾ പറയുന്നു.

പിഴത്തുക സ്വന്തം കയ്യിൽ നിന്നടച്ചു ബാധ്യത തീർത്ത്, രേഖകളെല്ലാം കൃത്യമാക്കിയ ശേഷം, വാഹനങ്ങൾ മറിച്ചു വിൽക്കുന്നതാണു സെക്കൻഡ് ഹാൻഡ് വിൽപന സ്ഥാപനങ്ങൾ ഭൂരിഭാഗത്തിന്റെയും രീതി. മുൻകൂർ പണം നൽകി വാങ്ങിയിട്ട ആയിരക്കണക്കിനു വാഹനങ്ങളാണു വിറ്റു പോകാതെ യൂസ്ഡ് വെഹിക്കിൾ സ്ഥാപനങ്ങളിൽ കെട്ടിക്കിടക്കുന്നത്. 

ഒരിക്കൽ കോടതിയിലേക്കു വിട്ട കേസുകൾ തിരിച്ചെടുത്തു പിഴയടയ്ക്കാൻ അനുവദിക്കാനുള്ള നിയമം ഇല്ലെന്നതാണു സർക്കാരിനു കെണിയാകുന്നത്. ഇതിനെ മറികടക്കാൻ പുതിയ നിയമനിർമാണം വേണ്ടി വന്നേക്കാം.ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഏറ്റവും കുറഞ്ഞ പിഴയായ 250 രൂപ വച്ചു കണക്കാക്കിയാൽ പോലും വിൽപന നടക്കാതെ കിടക്കുന്ന നാലര ലക്ഷം വാഹനങ്ങളിൽ നിന്നു ലഭിക്കേണ്ട തുക കോടികളാണ്. അടിയന്തരമായി ഈ പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ സെക്കൻഡ് ഹാൻഡ് വാഹന വിപണി സ്തംഭിക്കുമെന്നു സ്ഥാപന ഉടമകൾ പറയുന്നു.

അപര്യാപ്തതകൾ പരിഹരിക്കണം

കൊച്ചി∙ സെക്കൻഡ് ഹാൻ‍ഡ് വാഹന വിപണിയെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിയമ സംവിധാനത്തിലെ അപര്യാപ്തതകൾ പരിഹരിക്കണമെന്നു കേരളാ സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 

മജിസ്ട്രേട്ട് കോടതികളിൽ നിയമലംഘനങ്ങൾക്കുള്ള പിഴയടയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള അവ്യക്തത നീക്കണം. ആർസി ബുക്കിലെ പേരു മാറുന്നതിനായി ഫീസ് അടയ്ക്കുമ്പോൾ റജിസ്‌ട്രേഡ് ഓണറുടെ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്ക് ഒടിപി കൃത്യമായി ചെല്ലാത്തതു മൂലം സെക്കൻഡ് ഹാൻഡ് വാഹന വ്യാപാരികൾക്കു വാഹനങ്ങളുടെ പേരു മാറ്റി കൊടുക്കാൻ സാധിക്കുന്നില്ല.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

പുതിയ ആർസി ബുക്കുകളിൽ സുരക്ഷാ മനദണ്ഡങ്ങൾ ഇല്ലാത്തതും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച വാഹനങ്ങളെ ആർസി ബുക്കിൽ തിരിച്ചറിയാൻ കഴിയാത്തതും സെക്കൻഡ് ഹാൻഡ് വിൽപന സ്ഥാപനങ്ങളെ വട്ടംകറക്കുന്നു.

അടിയന്തരമായി മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണുകയും ആർടി ഓഫിസുകളുടെ പ്രവർത്തനം സുതാര്യമാക്കുകയും ചെയ്തില്ലെങ്കിൽ വൻ പ്രക്ഷോഭത്തിലേക്കു നീങ്ങുമെന്നു അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ വർഗീസ്, ജനറൽ സെക്രട്ടറി സോണി വലിയ കാപ്പിൽ, ട്രഷറർ വൈ. സുമീർ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT