ഷീ ലോഡ്ജിലെ ഗൃഹപ്രവേശം നടക്കാത്ത സ്വപ്നം

Mail This Article
മൂവാറ്റുപുഴ∙ കാൽ കോടിയോളം രൂപ ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ നഗരത്തിലെ ഷീ ലോഡ്ജ് നോക്കുകുത്തിയായി തന്നെ തുടരും. 3 വർഷം മുൻപ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ഷീ ലോഡ്ജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയില്ലെന്ന് അധികൃതർക്കു വ്യക്തമാകുന്നത് ഇപ്പോഴാണ്.
ഷീ ലോഡ്ജിലെ ശുചിമുറി മാലിന്യത്തിനും മലിന ജല ശേഖരണത്തിനും വേണ്ടിയുള്ള ടാങ്കുകൾ ഇതിനു സമീപം നിർമിക്കാൻ കഴിയില്ലെന്നാണു ഇപ്പോൾ എൻജിനീയർമാർ വിശദമാക്കുന്നത്. ശുചിമുറി മാലിന്യ ടാങ്കും മലിന ജല ടാങ്കും നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്ത് പാറയാണ്. ഇതു പൊട്ടിച്ചു മാറ്റി നിർമാണം നടത്താൻ കഴിയില്ലെന്നു കരാറുകാരും പറയുന്നു.
കഴിഞ്ഞ കൗൺസിലാണു തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഷീ ലോഡ്ജ് നിർമിച്ച് ഉദ്ഘാടനം ചെയ്തത്. രാത്രി നഗരത്തിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷീ ലോഡ്ജ് നിർമിച്ചത്. വെളിച്ചവും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അന്നത്തെ എൽഡിഎഫ് കൗൺസിൽ ധൃതിപിടിച്ച് ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തു.
പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് കൗൺസിലും ആദ്യഘട്ടത്തിൽ ഇവിടേക്കു തിരിഞ്ഞു നോക്കിയില്ല. ശക്തമായ പ്രതിഷേധങ്ങളെ തുടർന്നു 3 മാസം മുൻപാണു വെള്ളവും, വെളിച്ചവും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ഏറ്റെടുത്തു നടത്താൻ ആരും എത്തിയില്ലെന്നാണു ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ഏറ്റെടുത്തു നടത്താൻ ആളുകൾ തയാറായി എത്തിയപ്പോഴാണു ശുചിമുറി മാലിന്യ ടാങ്കും മലിന ജല ടാങ്കും നിർമിച്ചിട്ടില്ലെന്നു വ്യക്തമാകുന്നത്. പാറയായതിനാൽ നിർമാണം സാധാരണ നിലയിൽ കഴിയില്ലെന്നും വിദഗ്ധർ പറയുന്നു.