മുഖം മിനുക്കാൻ ഫോർട്ട്കൊച്ചി ബീച്ച്; 1.69 കോടി രൂപ ചെലവ്

Mail This Article
ഫോർട്ട്കൊച്ചി∙ ബീച്ചിന് പുതിയ മുഖഛായ നൽകാൻ കെഎംആർഎൽ. 1.69 കോടി രൂപ ചെലവു കണക്കാക്കുന്ന നവീകരണ ജോലികൾക്ക് ഇന്നു തറക്കല്ലിടും. ബീച്ചിനു സമീപമുള്ള കൊച്ചിൻ ക്ലബ്ബിൽ ഇന്ന് രാവിലെ 10ന് മേയർ എം.അനിൽകുമാർ നിർമാണോദ്ഘാടനം നിർവഹിക്കും. കൊച്ചി ജല മെട്രോയുടെ പ്രധാന ടെർമിനലുകളിൽ ഒന്നായ ഫോർട്ട്കൊച്ചി ടെർമിനലിലേക്ക് എത്തുന്നവർക്കും പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും ആവശ്യമായ സൗകര്യങ്ങൾ കൂടി ഒരുക്കിയാണ് നിർമാണങ്ങൾ നടത്തുക.
ഫോർട്ട്കൊച്ചി ബീച്ചിലേക്കുള്ള നടപ്പാതയുടെ പൊട്ടിയ ടൈലുകൾ മാറ്റി സ്ഥാപിക്കും. പ്രവർത്തന രഹിതമായ വഴിവിളക്കുകൾ മാറ്റും. മറ്റു സ്ഥലങ്ങളിൽ ആവശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കാനും ബീച്ചിനു സമീപം 3 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപ്പാതയിലെ ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പുരാവസ്തു സംരക്ഷണ വകുപ്പുമായി ചേർന്നു നടപ്പാക്കും. ജല മെട്രോ ടെർമിനലിന് സമീപം മത്സ്യവിൽപന നടത്തുന്നവർക്കായി ആധുനിക രീതിയിലുള്ള 5 കിയോസ്കുകളും നിർമിച്ചു നൽകും.
ജല മെട്രോ ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ വിനോദ സഞ്ചാരികൾക്ക് കൊച്ചിയുടെ കായൽക്കാഴ്ച ആസ്വദിച്ച് ഗതാഗത കുരുക്കിൽ പെടാതെ ഫോർട്ട്കൊച്ചിയിലേക്ക് എത്താൻ കഴിയും. ഇതിന് മുന്നോടിയായാണ് ടെർമിനലിന് സമീപമുള്ള പ്രദേശങ്ങളും കെഎംആർഎൽ നവീകരിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local