ADVERTISEMENT

പെരുമ്പാവൂർ ∙ അനുമതിയില്ലാതെ ആലുവ–മൂന്നാർ റോഡിൽ കാന നിർമാണത്തിനു കരാർ കമ്പനി റോഡ് വെട്ടിപ്പൊളിച്ചു. ഗതാഗത ക്രമീകരണം ഏർപ്പെടുത്താതെ റോഡ് വെട്ടിപ്പൊളിച്ചതോടെ നഗരം കുരുക്കിലായി. കെഎസ്ഇബി അടുത്തയിടെ സ്ഥാപിച്ച ഭൂഗർഭ കേബിൾ മുറി‍ഞ്ഞു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടതു തലനാരിഴക്കാണ്. 12000 രൂപയുടെ നഷ്ടം സംഭവിച്ചതായി കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ ഫാത്തിമ മിർസ പറഞ്ഞു. പൊലീസിൽ പരാതി നൽകി. ബിഎസ്എൻഎൽ കേബിളുകൾക്കും കേടു സംഭവിച്ചു. സംഭവം ശ്രദ്ധയിൽപെട്ട എംഎൽഎയും നഗരസഭയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും നിർമാണം നിർത്തി വയ്പിച്ചു.

ആശുപത്രിപ്പടിക്കു സമീപം യൂണിയൻ ബാങ്കിനടുത്തു ബാർ ഹോട്ടലിനോടു ചേർന്നാണു കാന നിർമാണത്തിനു റോഡിനു കുറുകെ പകുതിയോളം ഭാഗത്തു കുഴിയെടുത്തത്. കാന നിർമാണത്തിനു പൊതുമരാമത്ത് വകുപ്പ്, നഗരസഭ, ജല അതോറിറ്റി, കെഎസ്ഇബി, ബിഎസ്എൻഎൽ എന്നിവയെ അറിയിക്കേണ്ടതാണ്. എന്നാൽ ആരെയും അറിയിക്കാതെയാണു റോഡ് വെട്ടിപ്പൊളിച്ചത്.

ഞായറാഴ്ച നിർമാണം തുടങ്ങിയപ്പോൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വിലക്കിയിരുന്നു. തുടർന്നു രാത്രി റോഡ് വെട്ടിപ്പൊളിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് അനുമതിയില്ലാതെയാണു റോഡ് വെട്ടിപ്പൊളിച്ചതെന്നു വ്യക്തമായത്. ഇതോടെയാണു പണി നിർത്തി വയ്പിച്ചത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, നഗരസഭാധ്യക്ഷൻ ബിജു ജോൺ ജേക്കബ് എന്നിവർ സ്ഥലത്തെത്തി. അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടതായി എൽദോസ് കുന്നപ്പിളളി അറിയിച്ചു.

അറിയിച്ചില്ല: പിഡബ്ല്യുഡി

കാന നിർമാണത്തിന് റോഡ് വെട്ടിപ്പൊളിക്കുന്ന കാര്യം കരാർ കമ്പനി അറിയിച്ചില്ലെന്നു പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.യു. ഉഷസ് അറിയിച്ചു. പോഞ്ഞാശേരി –ചിത്രപ്പുഴ റോഡിലും പെരുമ്പാവൂർ താലൂക്ക് ആശുപത്രിപ്പടിയിലും വെള്ളക്കെട്ടുള്ള ഭാഗത്തു കാന നിർമിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. പോഞ്ഞാശേരി –ചിത്രപ്പുഴ റോഡിൽ നിർമാണം തീരാറായി. ആശുപത്രിപ്പടിയിൽ എന്നു നിർമാണം തുടങ്ങണമെന്നും ഏതു ഭാഗത്താണു റോഡ് പൊളിക്കേണ്ടതെന്നും കരാർ കമ്പനിയെ അറിയിച്ചിരുന്നില്ല. എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഇന്നു സ്ഥലം പരിശോധിക്കും.

പരാതി നൽകും: നഗരസഭാധ്യക്ഷൻ

അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നു നഗരസഭാധ്യക്ഷൻ ബിജു ജോൺ ജേക്കബ് അറിയിച്ചു.കെ.ഹരിഹരയ്യർ റോഡിൽ ഭജനമഠം കവലയിൽ റോഡിനു കുറുകെ കാന നിർമാണം നടന്നു വരികയാണ്.ഇതുമായി ബന്ധപ്പെട്ടു ഗതാഗതക്കുരുക്കു നിലനിൽക്കെയാണു യാതൊരു അനുമതിയും ഇല്ലാതെ പ്രധാനപ്പെട്ട സംസ്ഥാന പാതയിൽ റോഡ് വെട്ടിപ്പൊളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അനുമതി ഉണ്ട്: കരാർ കമ്പനി 

പൊതുമരാമത്ത് വകുപ്പ് എക്‌സി. എന്‍ജിനീയറുടെ മൂവാറ്റുപുഴ ഓഫി സില്‍ നിന്ന് നിര്‍ദേശവും അനുമതിയും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കലുങ്ക് നിര്‍മിക്കുന്നതിനായി റോഡ് പൊളിച്ചതെന്ന് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന വികെജെ ഇന്‍ഫ്രാസ്ട്രക്ചര്‍ അധികൃതര്‍ അറിയിച്ചു. പട്ടാലില്‍ എംഎല്‍എ ഓഫിസ് പരിസരത്ത് നിന്ന്  പോഞ്ഞാശേരി കനാല്‍പാലം വരെയുളള ഭാഗത്ത് എ.എം.റോഡില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്ന ജോലികളാണ് കരാറെടുത്തിരിക്കുന്നത്. പോഞ്ഞാശേരിയിലെ കലുങ്ക് നിര്‍മാണം പുരോഗമിക്കുകയാണ്. പെരുമ്പാവൂരില്‍ യൂണിയന്‍ ബാങ്കിന് മുന്നിലെ ഓട്ടോ സ്റ്റാൻ ഡിലെ  വെളളക്കെട്ട് പരിഹരിക്കുന്നതിനാണ് ഈ ഭാഗത്ത് കലുങ്ക് നിര്‍മിക്കുന്നതെന്ന് കരാറുകാര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT